പോര്‍ച്ചുഗലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഇന്നാണ് കളിമുഖത്ത്. ദോഹ നഗര മധ്യത്തിലെ 947 സ്‌റ്റേഡിയത്തിലെ എതിരാളികള്‍ ആഫ്രിക്കക്കാരായ ഘാന. ലോകകപ്പ് ഒഴികെ ഫുട്‌ബോളിലെ മറ്റെല്ലാം ബഹുമതികളും സ്വന്തമാക്കിയ സി.ആറിന് ഇന്നത്തെ ദിനം അതിപ്രധാനമാണ്. വിജയം മാത്രം പോര നല്ല വിജയം വേണം. ഗോളുകള്‍ സ്‌കോര്‍ ചെയ്ത് തുടങ്ങണം.
അര്‍ജന്റീനക്കും മെസിക്കുമുണ്ടായ അനുഭവങ്ങള്‍ ഉണ്ടാവരുത്. വിവാദങ്ങളുടെ വിളനിലത്ത് നിന്നാണ് സി.ആര്‍ ഖത്തറിലെത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകനുമായുള്ള അഭിപ്രായ വിത്യാസങ്ങള്‍. അദ്ദേഹത്തിനെതിരെ നടത്തിയ അഭിമുഖം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ സഹ പോര്‍ച്ചുഗീസ് താരങ്ങള്‍ക്ക് അതിലുണ്ടായ അസ്വാരസ്യം…. പക്ഷേ ഇതൊന്നും കളിയെ ബാധിക്കില്ലെന്ന് അദ്ദേഹം തീര്‍ത്ത് പറയുന്നു.
ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പോര്‍ച്ചുഗലിനെ പ്രതിനിധീകരിച്ച് വന്നത് സെന്റര്‍ബാക്ക് റൂബന്‍ ഡയസായിരുന്നു. വിവാദങ്ങളില്‍ കഴമ്പില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിലവില്‍ ടീമിന്റെ ലക്ഷ്യം ഘാനയെ പരാജയപ്പെടുത്തുക എന്നതാണ്. അതില്‍ നിന്നും പിറകോട്ടില്ല എന്ന നിലപാട് കോച്ച് ഫെര്‍ണാണ്ടോയും ആവര്‍ത്തിക്കുന്നു. 37 ല്‍ നില്‍ക്കുന്ന സി.ആര്‍ തന്നെ ടീമിന്റെ കുന്തമുന. ബ്രുണോ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെ വലിയ താരനിര സി.ആറിനെ പിന്തുണക്കാനുണ്ട്. കൊറിയയും യുറഗ്വായും കളിക്കുന്ന ഗ്രൂപ്പില്‍ നിന്നും പോര്‍ച്ചുഗീസുകാര്‍ക്ക് കടന്നു കയറാന്‍ പ്രയാസമില്ലെന്നാണ് കരുതപ്പെടുന്നത്.
പക്ഷേ ഘാന ദുര്‍ബലരല്ല. ലോകകപ്പിലെ ഏറ്റവും നല്ല യുവ സംഘമാണ് അവരുടേത്. ഇനാകി വില്ല്യംസാണ് മുന്‍നിരയില്‍. മുഹമ്മദ് കുദ്ദൂസ് എന്ന അതിവേഗക്കാരനും ഭീഷണി തന്നെ. ഡച്ച് ക്ലബായ അയാക്‌സിനായി കളിക്കുന്ന കുദ്ദുസ് പത്ത് ഗോളുകളാണ് സീസണില്‍ സ്വന്തമാക്കിയിരിക്കുന്നത്.