ദോഹ: യുനൈറ്റഡ് വിവാദങ്ങള്‍ കാര്യമാക്കാതെ കൃസ്റ്റിയാനോ റൊണാള്‍ഡോ ഖത്തറിലേക്ക്. പോര്‍ച്ചുഗല്‍ ദേശീയ ടീം സി.ആറിന്റെ നേതൃത്വത്തില്‍ നാളെയെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മൂന്ന് ടീമുകളെത്തി…. വിമാനത്താവളത്തില്‍ രാജകീയ സ്വീകരണം. കൂടുതല്‍ ടീമുകള്‍ ഇന്നും നാളെയുമായി എത്തുന്നു. ആകെ കൂടി ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണങ്ങളുടെ പൊടിപൂരം. അതെ, ഖത്തറും ദോഹയും ലോകകപ്പിന് തൊട്ടരികിലെത്തിയിരിക്കുന്നു. 2010 ല്‍ ഫിഫ ലോകകപ്പ് വേദിയായി ഖത്തറിനെ പ്രഖ്യാപിച്ചത് മുതല്‍ നടത്തുന്ന ഒരുക്കങ്ങളുടെ അന്തിമ പ്രയാണത്തില്‍ ഒരു ചുവട് പോലും പിഴക്കാതെയാണ് രാജ്യത്തിന്റെ പ്രയാണം. ഇനി അഞ്ച് ദിവസങ്ങള്‍ മാത്രമാണ് കിക്കോഫിന് ബാക്കി.
വിമരശകര്‍ക്ക്് ഇടം നല്‍കാതെയുള്ള കൃത്യമായ ആസുത്രണമാണ് സംഘാടകരായ സുപ്രീം കമ്മിറ്റി നടത്തുന്നത്. ഒന്ന് പിഴച്ചാല്‍ വിമര്‍ശകര്‍ രംഗത്ത് വരുമെന്ന് മനസിലാക്കി തന്നെയാണ് നീക്കങ്ങള്‍. നവംബര്‍ 20 ന് ആരംഭിച്ച് ഡിസംബര്‍ 18 ന് അവസാനിക്കുന്ന മാമാങ്കത്തില്‍ ഒരു വേള പോലും പിഴക്കാതിരിക്കാന്‍ അതിഗംഭീര സന്നാഹങ്ങളാണ് രാജ്യം നടത്തിയിരിക്കുന്നത്. ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറില്‍ നടക്കാന്‍ പോവുന്നതെന്ന് ഫിഫ തലവന്‍ ജിയോനി ഇന്‍ഫാന്‍ഡിനോ തന്നെ വ്യക്തമാക്കി കഴിഞ്ഞു.
ഫിഫയുടെ തുറന്ന പിന്തുണ സംഘാടകര്‍ക്കുണ്ട്. ഇംഗ്ലണ്ട് ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ വിമര്‍ശനങ്ങളുമായി മുന്നില്‍ നിന്നപ്പോള്‍ തല്‍ക്കാലം കളിയില്‍ ശ്രദ്ധിക്കാനാണ് ഫിഫ ടീമുകളോട് പറഞ്ഞത്. ലോകകപ്പാണ്. കളിയിലാണ് താരങ്ങളും പരിശീലകരും ശ്രദ്ധിക്കേണ്ടത്. അല്ലാതെ വിവാദങ്ങളില്‍ അല്ല എന്നായിരുന്നു ഫിഫ വ്യക്തമാക്കിയത്.