X

പുലിവാല് പിടിച്ച് സി.ആര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ലണ്ടന്‍: പുലിവാല് പിടിച്ചിരിക്കുന്നു സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ. ഗുഡിസണ്‍ പാര്‍ക്കില്‍ കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ എവര്‍ട്ടണോട് തോറ്റ നിരാശയില്‍ സി.ആറും മറ്റ് ചില മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരങ്ങളും മൈതാനത്ത് അതിക്രമം നടത്തിയെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു പയ്യന്റെ മൊബൈല്‍ ഫോണ്‍ റൊണാള്‍ഡോ കേടുവരുത്തുന്നതായുള്ള ഫൂട്ടേജ് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കവെ സംഭവത്തില്‍ അന്വേഷണം ശക്തമാക്കുമെന്നാണ് പൊലീസ് വിശദീകരണം. ഒരു ഗോളിനായിരുന്നു യുനൈറ്റഡ് പരാജയം. ഇതോടെ സൂപ്പര്‍ ക്ലബിന്റെ ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് കാര്യത്തില്‍ സംശയം ഉയര്‍ന്നിരിക്കയാണ്.

ആ നിരാശയില്‍ താരങ്ങള്‍ മടങ്ങവെയാണ് അതിക്രമം എന്ന് പറയപ്പെടുന്നു. അനായാസ വിജയം പ്രതീക്ഷിച്ചാണ് യുനൈറ്റഡ് എവര്‍ട്ടണെതിരെ കളിക്കാനിറങ്ങിയത്. പക്ഷേ അപ്രതീക്ഷിതമായി വീണ ഗോളിന് മറുപടി നല്‍കാന്‍ സി.ആറിനും സംഘത്തിനുമായില്ല. ജയത്തിലുടെ തരം താഴ്ത്തല്‍ കടമ്പയില്‍ നില്‍ക്കുന്ന എവര്‍ട്ടണ് വലിയ ആശ്വാസമായപ്പോള്‍ പ്രീമിയര്‍ ലീഗ് ടേബിളിലെ ആദ്യ നാല് സ്ഥാനങ്ങളിലൊന്ന് ലക്ഷ്യമിടുന്ന യുനൈറ്റഡിന് അത് കനത്ത ആഘാതവുമായിരിക്കയാണ്. സംഭവത്തില്‍ 37 കാരനായ റൊണാള്‍ഡോ സാമുഹ്യ മാധ്യമങ്ങള്‍ വഴി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

Test User: