ലണ്ടന്‍: ദിവസങ്ങള്‍ക്ക് മുമ്പാണ് കൃസ്റ്റിയാനോ റൊണാള്‍ഡോ പറഞ്ഞത് താന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടിന്നുല്ലെന്ന്. എന്നാല്‍ ഇറ്റാലിയന്‍ പത്രം ലാ റിപ്പബ്ലിക്ക പറയുന്നു, പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഇറ്റാലിയന്‍ സിരിയ എ യിലേക്ക് തിരിച്ചുവരുകയാണെന്ന്. ജോസ് മോറീനോ എന്ന സി.ആറിന്റെ ഇഷ്ട പരിശീലകന്‍ അമരത്തുള്ള ഏ.എസ് റോമയിലേക്കാണ് സൂപ്പര്‍ താരത്തിന്റെ വരവെന്നാണ് ഇറ്റാലിയന്‍ പത്രം സൂചിപ്പിക്കുന്നത്.
അങ്ങനെയാണെങ്കില്‍ അത് താരത്തിന്റെ ഇറ്റാലിയന്‍ മടക്ക യാത്രയായിരിക്കും. ഒരു സീസണ്‍ മുമ്പ് അദ്ദേഹം സിരിയ എ യില്‍ യുവന്തസിന്റെ താരമായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ കേളി ശൈലിക്കൊപ്പം സഞ്ചരിക്കാന്‍ സി.ആറിന് താല്‍പ്പര്യമില്ല എന്നാണ് പത്രം പറയുന്നത്.
മുന്‍നിരയുടെ കരുത്തില്‍ പ്രതിയോഗികളെ വീഴ്ത്തുക എന്നതാണ് പുതിയ കോച്ചിന്റെ തന്ത്രം. എന്നാല്‍ 37 -കാരനായ സി.ആറിന് ഈ ശൈലിക്കൊപ്പം കുതിക്കാനാവുമോ എന്നതാണ് സംശയം. കഴിഞ്ഞ സീസണില്‍ ക്ലബിനായി 37 പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ നിന്നായി 24 ഗോളുകള്‍ അദ്ദേഹം സ്‌ക്കോര്‍ ചെയ്തിരുന്നു. ഗോളടിക്കുന്നതില്‍ മറ്റാരേക്കാളും മുന്നില്‍. എന്നാല്‍ മുന്‍നിരയില്‍ അമിതഭാരമേല്‍പ്പിച്ചുള്ള കേളി ശൈലിക്കൊപ്പം പിടിച്ചുനില്‍ക്കാനാവുമോ എന്നതാണ് സീനിയര്‍ താരത്തിന് മുന്നിലെ വലിയ സംശയം.