X

കൊലക്കത്തി രാഷ്ടീയത്തിനെതിരെ വ്യാപക പ്രതിഷേധം; ഇടതുമുന്നണിയുടെ സംരക്ഷണജാഥ പ്രതിരോധത്തില്‍

കോഴിക്കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൊലക്കത്തിക്ക് ഇരയാക്കിയ സംഭവം സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ കാനം രാജേന്ദ്രന്‍ നയിക്കുന്ന ഇടതുമുന്നണി സംരക്ഷണജാഥ കടുത്ത പ്രതിരോധത്തിലേക്ക്. ജാഥ നാളെ കോഴിക്കോട് ജില്ലയില്‍ ജാഥ പ്രവേശിക്കും. എന്നാല്‍ ഇടതുമുന്നണി നേതാക്കളും പ്രവര്‍ത്തകരും നിസംഗരായി മാറിയിരിക്കുകയാണ്. കാസര്‍കോട് ഇരട്ടക്കൊലപാതകം പൊതുസമൂഹത്തില്‍ സൃഷ്ടിച്ച മരവിപ്പും ആശങ്കയും മറികടക്കാന്‍ മുന്നണി നേതാക്കള്‍ക്കും സി.പി.എമ്മിനും സാധിക്കുന്നില്ല. മുഖ്യ ഘടക കക്ഷിയായ സി.പി.ഐ അക്രമത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. സി.പി.എമ്മിനെ ഭയന്ന സി.പി.ഐ നേതാക്കള്‍ മൗനം പാലിക്കുകയാണെങ്കിലും കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള നിലപാട് പരസ്യമായി പറയാന്‍ അണികള്‍ തയാറാണ്. ഈ സാഹചര്യത്തില്‍ വടക്കന്‍മേഖലയിലെയും തെക്കന്‍മേഖലയിലെയും രാഷ്ട്രീയ പ്രചാരണജാഥ ഒട്ടും ആവേശമുണ്ടാക്കാതെയാണ് കടന്നുപോവുക.

ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് (സ്‌കറിയ വിഭാഗം) ലോക് താന്ത്രിക് ജനതാദള്‍, കേരള കോണ്‍ഗ്രസ്-ബി തുടങ്ങി പുതുതായി മുന്നണിയുടെ ഭാഗമായ ഘടകകക്ഷികള്‍ ആകെ അങ്കലാപ്പിലാണ്. സി.പി.എമ്മിന്റെ കൂടെ കൂടിയ ഉടന്‍ തന്നെയാണ് ഇരട്ടക്കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. അതോടെ സി.പി.എമ്മിനെ ന്യായീകരിക്കാനും എതിര്‍ക്കാനും സാധിക്കാത്ത നിലയിലാണവര്‍. അക്രമ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായി മാറിയ സി.പി.എമ്മിനെ ചുമക്കേണ്ട ഗതികേടില്‍ അവര്‍ സ്വയം പഴിക്കുകയാണ്.

ഇല്ലാത്ത കേസിനെചൊല്ലി എം.കെ രാഘവന്‍ എം.പിയെ ടാര്‍ജറ്റ് ചെയാനാണ് ഇടതുമുന്നണിയുടെ പുതിയ തീരുമാനം. രാഘവന്‍ നാട്ടില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഇടതുമുന്നണിക്ക് ആവുന്നില്ല. അതിനാല്‍ അഴിമതിയുടെ ഇല്ലാക്കഥ മെനയുകയാണ് നേതാക്കന്മാര്‍. സി.പി.എം ബാലുശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയെ മാറ്റിയതും പാര്‍ട്ടിക്ക് ക്ഷീണമാണ്. വാട്‌സ് ആപ് വഴി അശ്ലീല ചിത്രമയച്ചതാണ് ഏരിയാ സെക്രട്ടറി ഇസ്മായില്‍ കുറുമ്പൊയിലിനെ കുടുക്കിയത്. പാര്‍ട്ടി പരമാവധി രക്ഷാവലയം ഒരുക്കിയെങ്കിലും നടപടിക്ക് നിര്‍ബന്ധിതമാവുകയായിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും കമ്മിറ്റി അംഗമായി ഇസ്മായില്‍ തുടരുന്നുണ്ട്. തെറ്റ് ചെയ്തതായി കണ്ടെത്തിയാല്‍ നടപടിയുണ്ടാവുമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഇതിനെതിരെ പ്രതികരിച്ചത്. ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇസ്മായിലിനെ മാറ്റിയത് അറിഞ്ഞിട്ടില്ലെന്നും പി. മോഹനന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇടതുമുന്നണി രാഷ്ട്രീയ വിശദീകരണ യാത്ര യഥാര്‍ത്ഥത്തില്‍ കാസര്‍കോട് സംഭവത്തിന്റെ വിശദീകരണമായി മാറുമെന്ന് ഉറപ്പാണ്. സി.പി.എം നേതാക്കള്‍ ഇക്കാര്യത്തില്‍ എന്തു പറയുന്നു എന്നറിയാനാണ് ജനം കാതോര്‍ക്കുന്നത്. അതുകൊണ്ടുതന്നെ നേതൃനിര അങ്കലാപ്പിലാണ്. ഇന്ന് മുതല്‍ 23 വരെയാണ് ജാഥ ജില്ലയില്‍ എത്തുന്നത്.

chandrika: