കൊച്ചി: നിരവധി ആരോപണങ്ങള്‍ നേരിടുന്ന എഡിജിപി എം ആര്‍ അജിത് കുമാറിന്റെ തൊപ്പി എന്തുകൊണ്ട് തെറിക്കുന്നില്ലെന്ന് വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അജിത് കുമാറിനെ എന്തുകൊണ്ട് മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിക്ക് വേണ്ടി ബിജെപിയുമായി എഡിജിപി സംഭാഷണം നടത്തുകയും ധാരണ ഉണ്ടാക്കുകയും ചെയ്‌തെന്നുള്ള വെളിപ്പെടുത്തല്‍. ബിജെപിയുമായുള്ള സിപിഎമ്മിന്റെ ബന്ധും ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ ബന്ധമാണ്. ഈ ബന്ധം തുടരുകയാണ്. ഇ ബന്ധത്തിന്റെ തുടര്‍ച്ചയായാണ് ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച. സ്വകാര്യ വാഹനത്തില്‍ പോയാണ് ഒരു മണിക്കൂര്‍ നേരം കണ്ട് സംസാരിച്ചത്. അതിന്റെ ഭാഗമായാണ് തൃശൂരില്‍ സുരേഷ് ഗോപി ജയിക്കാനുള്ള സാഹചര്യം ഒരുക്കിയത്. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ ഈ രഹസ്യധാരണയാണ്. ഈ രഹസ്യധാരണ ഉണ്ടായിരുന്നത് കൊണ്ടാണ് സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത്. ഇതെല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ബിജെപിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്തും ചെയ്യും. ബിജെപിയെ സഹായിക്കാന്‍ പിണറായി വിജയനും എന്തുംചെയ്യും. ഇതാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായ സുരേഷ് ഗോപി മറുപടി പറയണം. ബിജെപിയും മറുപടി പറയണം.’- ചെന്നിത്തല വെല്ലുവിളിച്ചു.
‘മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രി പദവിയില്‍ ഇരിക്കാനുള്ള ധാര്‍മ്മികമായ അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ഭരണപക്ഷ എംഎല്‍എയായ പി വി അന്‍വര്‍ തന്നെ പറയുന്നു മുഖ്യമന്ത്രിക്ക് ഒരു പരാതി നല്‍കിയാല്‍ ഒരു ചുക്കും ഉണ്ടാവില്ല. ആ പരാതി പി ശശിയുടെ കൈയിലേക്ക് പോകും. ഒന്നും ഉണ്ടാവില്ല. എന്തിനാണ് മുഖ്യമന്ത്രി ഈ കസേരയില്‍ ഇരിക്കുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിക്ക് ഒരു ചങ്കുമില്ലെന്ന് ബോധ്യപ്പെട്ടില്ലേ? ആരാണ് നാട് ഭരിക്കുന്നത്. മുഖ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നത് ശശിയാണെന്നാണ് പി വി അന്‍വര്‍ പറയുന്നത്. ഭരണകക്ഷി എംഎല്‍എയായ അന്‍വറും ജലീലും പറയുന്ന കാര്യങ്ങളെ നിസാരവത്കരിക്കാന്‍ കഴിയുമോ? നാട്ടില്‍ കൊലപാതകങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന എഡിജിപി. സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്ന എസ്പിമാര്‍. എന്തുഭരണമാണ് കേരളത്തില്‍ നടക്കുന്നത്. ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ആരോപണങ്ങളെ കുറിച്ച് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല?, പി ശശിക്കെതിരെ അന്വേഷണം നടത്തുന്നില്ല? ഭരണത്തിന്റെ കൊള്ളരുതായ്മകളുടെ ഒരു അറ്റം മാത്രമാണ് പുറത്തുവന്നത്. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് പുറത്തുവന്നത്. ധാരാളം കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്’- ചെന്നിത്തല പറഞ്ഞു.