കള്ളവോട്ടുമായി സിപിഎമ്മിനുള്ള വേര്‍പിരിയാനാവാത്ത ബന്ധം തൃക്കാക്കരയിലും തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. പാല്‍ സൊസൈറ്റി മുതല്‍ പാര്‍ലിമെന്റ് വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ പരീക്ഷിച്ച് തെളിയിച്ച തന്ത്രമാണ് കള്ളവോട്ട്. ഈ അപരിഷ്‌കൃത ജനാധിപത്യ വിരുദ്ധതയെ ഇത് പോലെ പുല്‍കിയ മറ്റൊരു പ്രസ്ഥാനമുണ്ടാവില്ലെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. തൃക്കാക്കരയില്‍ കള്ളവോട്ടിന് ശ്രമിച്ച ആള്‍ പിടിയിലായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു പ്രതികരണം.
യൂ.ഡി.എഫിന് ധാര്‍മ്മികതക്ക് ക്ലാസ്സ് എടുക്കുന്ന സ്വരാജും രാജീവുമെല്ലാം യഥാര്‍ത്ഥ ജനവിധി അട്ടിമറിക്കുവാന്‍ നോക്കിയതിന് തൃക്കാക്കരയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ എന്തായാലും പിന്‍വലിക്കേണ്ട,അത് ജനങ്ങള്‍ ചെയ്‌തോളുമെന്നും കൂട്ടിചേര്‍ത്തു.
മണ്ഡലത്തില്‍ പൊന്നുരുന്നിയിലാണ് സംഭവം നടന്നത്. സികെസി സ്‌കൂളില്‍ 66ാം ബൂത്തിലെ വോട്ടര്‍ ആയ ടി എം സഞ്ജുവിന്റെ പേരിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്. വോട്ട് ചെയ്യാനെത്തിയ ആളെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ സിപിഎം പ്രവര്‍ത്തകന്‍ ആണെന്ന ആരോപണം ഉയര്‍ന്നിരുന്നു. മണ്ഡലത്തില്‍ വ്യാപകമായി കള്ള വോട്ടിന് എല്‍ഡിഎഫ് ശ്രമിക്കുമെന്ന് നേരത്തെ യുഡിഎഫ് ആരോപിച്ചിരുന്നു.