X
    Categories: MoreNews

പൂര വിവാദത്തിലെ സി.പി.എം ഇരട്ടത്താപ്പ്

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് വിവാദം വീണ്ടും ആളിക്കത്തുകയാണ്. ‘ഒരു വെടിക്കെട്ട് അല്‍പ്പം വൈകിയതാണോ പൂരം കലക്കല്‍’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശമാണ് പൂരം വിവാദത്തെ വിണ്ടും സജീവമാക്കിയത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തി നെതിരെ സി.പി.ഐയും ദേവസ്വം ഭാരവാഹികളും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പരാമര്‍ശം നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ത്രിതല അന്വേഷണം അട്ടിമറിക്കാനാണെന്നും ഭൂരിപക്ഷ പ്രീണനത്തിനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും പ്രതിപക്ഷവും ആരോപിക്കുന്നു. പൂരം കലക്കലുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതോടെയാണ് എ.ഡി.ജി.പിയെ ചുമതലയില്‍നിന്നു നീക്കുകയും വിഷയത്തില്‍ ത്രിതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പേ കഴിഞ്ഞ ദിവസം കോഴിക്കോട്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. ഇതുതന്നെ മുഖ്യമന്ത്രി ഇന്നലെയും ആവര്‍ത്തിച്ചു.

പൂരം കലക്കലില്‍ പിണറായിയുടെ നിസ്സാരവത്കരിക്കല്‍ ആരെ രക്ഷിക്കാനാണെന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ വീണ്ടും വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സി.പി.എം-ബി.ജെ.പി അന്തര്‍ധാര വ്യക്തമാണ്. തൃശൂരില്‍ സംഭവിച്ചതുപോലെ കൊടുക്കല്‍ വാങ്ങല്‍ നയത്തിനാണ് ബി.ജെപിയും സി.പി.എമ്മും ഉപതിരഞ്ഞെടുപ്പിലും അണിയറയില്‍ നീക്കം നടത്തുന്നത്. ബി.ജെ.പിക്ക് ജയിക്കാനായി പൂരം ബോധപൂര്‍വം കലക്കിയതാണെന്ന നിലപാടാണ് ഘടകകക്ഷിയായ സി.പി.ഐക്കുള്ളത്. സുരേഷ് ഗോപി ആംബുലന്‍സില്‍ നാടകീയമായാണ് സംഭവസ്ഥലത്തെത്തിയത്. മന്ത്രിമാര്‍ പോകേണ്ട എന്ന് പറഞ്ഞ സ്ഥലത്തേക്ക് സേവാഭാരതിയുടെ ആംബുലന്‍സിലാണ് സുരേഷ് ഗോപി എത്തുന്നത്. കൂടെ ഉണ്ടായിരുന്നത് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയായിരുന്നു. സുരേഷ് ഗോപിയെ രക്ഷകവേഷം കെട്ടിച്ചത് ആരാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്കോ സി.പി.എമ്മിനോ ഉത്തരമില്ല. വെടിക്കെട്ട് മാത്രമല്ല വൈകിയത്. മാത്തില്‍ വരവും കണി മംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പും തെക്കേ ഗോപുര ത്തിലേക്കുള്ള ഇറക്കവും അലങ്കോലമായ വിവരം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കണോ. അന്വേഷണം നടത്തിയാല്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയായിരിക്കുമെന്നും പൂരം കലക്കാനുള്ള ബ്ലൂപ്രിന്റ്‌റാണ് എം. ആര്‍ അജിത്കുമാര്‍ തയ്യാറാക്കിയതെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പൂരം കലങ്ങിയിട്ടില്ലെന്ന് ഇപ്പോള്‍ പറയുന്നതിലെ വൈരുദ്ധ്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇതൊന്നും കൂടാതെ ഇപ്പോള്‍ പൊലീസ് കേസുമെടുത്തിരിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി)യുടെ നിര്‍ദേശപ്രകാരം ഗൂഡാലോചനക്കാണ് കേസെടുത്തത്. ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരജ്ഞന്റെ പരാതിയിലാണ് തൃശൂര്‍ ടൗണ്‍ പൊലീസ് ആരെയും പ്രതി ചേര്‍ക്കാതെ കേസെടുത്തത്. അന്വേഷണം വഴിമുട്ടിയെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പൊലീസ് തിരക്കിട്ട് കേസെടുത്തത് എന്നതു ശ്രദ്ധേയമാണ്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കല്‍, ഗൂഡാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചേര്‍ത്തത്. പൂരം കലക്കലുമായി ബന്ധപ്പെട്ട വിവിധ റിപ്പോര്‍ട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തില്‍ ഗൂഡാലോചന അന്വേഷിക്കണമെന്നാണ് പരാതി. പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് നേരത്തെ തള്ളിയിരുന്നു. പൂരം കലക്കിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ല എന്നായിരുന്നു അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോര്‍ട്ടാണ് അജിത് കുമാര്‍ നല്‍കിയത്. എന്നാല്‍, എ.ഡി.ജി.പിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് ഡി.ജി.പി നല്‍കിയത്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാനാകില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന് കിട്ടിയ നിയമോപദേശം. പ്രത്യേക സംഘത്തെ രൂപീകരിച്ചെങ്കിലും കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞിരുന്നില്ല. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ കേസെടുത്താല്‍ തിരുവമ്പാടി ദേവസ്വം പ്രതിയാകും. അതൊഴിവാക്കാന്‍ കൂടിയാണ് ഇത്തരത്തിലൊരു കേസെന്ന വിമര്‍ശനവുമുയര്‍ന്നിട്ടുണ്ട്. പൂരം കലങ്ങിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി നിസ്സാരവത്കരിക്കുമ്പോഴാണ് പൊലീസ് ഗൂഡാലോചനയില്‍ പേരിനെങ്കിലും കേസെടുക്കുന്നത്.

പൂരം കലക്കലില്‍ മൃദു സമീപനം കൈക്കൊണ്ട മുഖ്യമന്ത്രിയും സി.പി.എമ്മും പക്ഷേ കേന്ദ്ര സര്‍ക്കാറിന്റെ വെടിക്കെട്ട് നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് നിങ്ങുന്ന വിരോധാഭാസവും കേരളീയര്‍ കാണേണ്ടിവരികയാണ്. പൂരം കലക്കലില്‍ ഇതുവരെ ഒരു പ്രസ്താവന പോലും ഇറക്കാത്തവര്‍ വെടിക്കെട്ട് പ്രശ്‌നത്തില്‍ സമരപരിപാടികള്‍ വരെ ആസൂത്രണം ചെയ്തിരിക്കുകയാണ്. രാഷ്ട്രീയ നിലനില്‍പ്പിന് എന്താണോ ആവശ്യം അത് തരാതരം പോലെ പ്രയോഗിക്കുക എന്നതിലപ്പുറം യാതൊരു ധാര്‍മികതയുമില്ലാതായിരിക്കുകയാണ് സി.പി.എമ്മിന്.

 

webdesk17: