ലീഗിനെയും കോണ്‍ഗ്രസിനെയും തെറ്റിക്കാനുള്ള ശ്രമം സി.പി.എമ്മിന് തിരിച്ചടിയായി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ലീഗിനെ കുറിച്ച് മുഖ്യമന്ത്രിക്കുണ്ടായിരുന്ന അഭിപ്രായം തിരുത്തിപ്പറഞ്ഞത്. അവാസനം അത് സി.പി.എമ്മിന് തന്നെ ബൂമറാങായി. ഇപ്പോള്‍ പടയൊരുക്കം ഇടത് പാളയത്തിലാണെന്ന് കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. അത് പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തേണ്ട അവസ്ഥയിലാണ് സി.പി.എം
സര്‍ക്കാരിന് ഇഷ്ടമുള്ളവരെ ചാന്‍സലറാക്കുമ്പോള്‍ സര്‍വകലാശാലകളില്‍ മാര്‍ക്‌സിസ്റ്റുവത്ക്കരണം നടക്കുമെന്ന ഭയമുള്ളതുകൊണ്ടാണ് യു.ഡി.എഫ് ബദല്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. നിയമസര്‍വകലാശാല ഒഴിച്ചുള്ള മറ്റെല്ലാ സര്‍വകലാശാലകള്‍ക്കും ഓരോ ചാന്‍സലറെ നിയമിക്കുന്നത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതുകൊണ്ടാണ് 14 സര്‍വകലാശലകള്‍ക്കും ഒരു ചാന്‍സലര്‍ മതിയെന്ന് പ്രതിപക്ഷം നിര്‍ദ്ദേശിച്ചത്. ഇഷ്ടക്കാരെ നിയമിച്ച് സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് പറഞ്ഞു.
യു.ഡി.എഫിലെ എല്ലാ കക്ഷികളും ചേര്‍ന്ന് കൂടിയാലോചന നടത്തിയാണ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച ബദല്‍ നിര്‍ദ്ദേശം പ്രതിപക്ഷം മുന്നോട്ടുവച്ചത്. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമതിയിലുണ്ടായ നിര്‍ദ്ദേശം യു.ഡി.എഫ് നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ഘടകകക്ഷികളുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. യു.ഡി.എഫ് നിയമസഭയില്‍ ഒറ്റ അഭിപ്രായമാണ് പറഞ്ഞത്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കും.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെയല്ല, അതിന് പകരമായി സര്‍ക്കാര്‍ അവതരിപ്പിച്ച സംവിധാനത്തെയാണ് പ്രതിപക്ഷം എതിര്‍ത്തത്. സംഘിവത്ക്കരണം പോലെ മാര്‍ക്‌സിസ്റ്റുവത്ക്കണം കേരളത്തില്‍ അനുവദിക്കില്ല.