മലപ്പുറം: സി.പി.എം കേരളത്തില്‍ ബോധപൂര്‍വം മതധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ പ്രധാന അടിത്തറയായിരുന്ന കേരളത്തിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകളെയും ക്രൈസ്തവരെയും ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് പരീക്ഷിക്കുകയും ഏറെക്കുറെ വിജയിക്കുകയും ചെയ്തിരുന്നു. അപകടപരമായ ഇത്തരം നിലപാടില്‍ നിന്നും സി.പി.എം പിന്തിരിയണം. തിരഞ്ഞെടുപ്പിലെ വിജയത്തിനായി ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരരുത്.
ജോര്‍ജ് എം തോമസിന്റെ ലൗ ജിഹാദ് പരാമര്‍ശം വെറും നാക്കുപിഴയായി എഴുതിത്തള്ളാനാവില്ല. ലൗ ജിഹാദുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ താഴെതട്ടിലുള്ള സമ്മേളനങ്ങളിലും യോഗങ്ങളിലും ചര്‍ച്ചയുണ്ടായിട്ടുണ്ടെന്നും ഇക്കാര്യം പാര്‍ട്ടി രേഖകളില്‍ ഉണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരു സമുദായത്തെ തങ്ങളിലേക്കടുപ്പിക്കാന്‍ മറ്റൊരു സമുദായത്തിന്റെ പേരില്‍ ലൗ ജിഹാദ് ആരോപിക്കുന്നത് ശരിയല്ല.
ജോര്‍ജ് എം തോമസ് തന്റെ ആരോപണം പിന്‍വലിച്ചെങ്കിലും പാര്‍ട്ടി സമ്മേളനങ്ങളിലുണ്ടായ ചര്‍ച്ച സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി നിലപാട് വ്യക്തമാക്കണം. ധ്രുവീകരണമുണ്ടാക്കാന്‍ സി.പി.എം നടത്തുന്ന ശ്രമങ്ങള്‍ കേരളീയ സമൂഹം ക്ഷമിക്കില്ലെന്നും സലാം പറഞ്ഞു. കെ. എം ഷാജിക്കെതിരായ ഇ.ഡിയുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. വിഷയത്തില്‍ പാര്‍ട്ടി കെ.എം ഷാജിക്കൊപ്പമാണെന്നും കേസ് നിയമപരമായി നേരിടുമെന്നും പി.എം.എ സലാം പറഞ്ഞു.