തിരുവനന്തപുരം വഞ്ചിയൂരില്‍ ഗതാഗതം തടസ്സപ്പെടുത്തി സി.പി.എം ഏരിയ സമ്മേളനം നടത്തിയതില്‍ കോടതിയലക്ഷ്യ കേസെടുക്കേണ്ടി വരുമെന്ന് ഹൈക്കോടതി. ആരെല്ലാമാണ് പ്രതികള്‍ എന്ന് നാളെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. റോഡ് കെട്ടിയടക്കാന്‍ എവിടെ നിന്നാണ് ഇവര്‍ക്ക് അധികാരം കിട്ടിയതെന്നും കോടതി ചോദിച്ചു. കാല്‍നടക്കാര്‍ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണെന്നും കോടതി കുറ്റപ്പെടുത്തി.
ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവരെ എതിര്‍കക്ഷി ആക്കിയാണ് ഹര്‍ജി.
വഞ്ചിയൂരില്‍ കോടതിക്ക് സമീപമാണ് സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി സമ്മേളനത്തിന് വേണ്ടി റോഡിന്റെ ഒരുവശം കെട്ടിയടച്ച് സ്റ്റേജ് നിര്‍മിച്ചത്. വാഹനങ്ങളെല്ലാം ഒരു വശത്തുകൂടി കടത്തിവിട്ടതോടെ വന്‍ഗതാഗതക്കുരുക്കില്‍ ജനം വലഞ്ഞിരുന്നു. വഞ്ചിയൂര്‍ കോടതി സമുച്ചയത്തിന് സമീപത്താണ് പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിന്റെ ഭാഗമായി റോഡ് കെട്ടിയടച്ച് വേദിയൊരുക്കിയത്. ജനറല്‍ ആശുപത്രിയും ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂളും ഇതിനു സമീപത്തായുണ്ട്.
പൊതുഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്തി പരിപാടികള്‍ നടത്തരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കേ ജില്ലാ കോടതിയുടെയും, വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്റെയും മുന്നിലാണ് ഈ നടപടിയെന്ന് അഭിഭാഷകര്‍ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു.