പി. ഇസ്മായില്‍ വയനാട്
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിം ലീഗ് നടത്തിയ പ്രതിഷേധ പരിപാടിക്കുശേഷം മുഖ്യമന്ത്രിയും സി.പി.എമ്മും കടന്നാക്രമിക്കുകയാണ്. മോദിയെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാന്‍ വിഘടന വാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുന്ന സമീപനമാണ് പിണറായിയും പയറ്റുന്നത്. വഖഫ് നിയമന കാര്യത്തില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും പി.എസ്.സിക്കു വിടുന്ന കാര്യത്തില്‍ സഭയില്‍ വോട്ടെടുപ്പിന് അവസരം വേണമെന്നും മുസ്‌ലിംലീഗ് ആവശ്യപ്പെട്ടതുമാണ്. പാര്‍ലമെന്റ് പാസ്സാക്കിയ കര്‍ഷക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയവരാണ് സമാനമായ രീതിയില്‍ ആവശ്യം ഉയര്‍ത്തുന്ന മുസ്‌ലിംലീഗിനെതിരെ ആക്രോശിക്കുന്നത്. മുത്തലാഖും വഖഫ് നിയമനവും മുസ്‌ലിംകളെ ബാധിക്കുന്നതാണെങ്കിലും നിയമ നിര്‍മാണ സഭകളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വോട്ട് ചെയ്തവരില്‍ ഇതര മത വിശ്വാസികളും മതരഹിതരുമുണ്ട്. പാര്‍ലമെന്റിലും നിയമസഭയിലും ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ രാഷ്ട്രീയ മാനമുള്ളതിനാലാണ് മുസ്‌ലിംലീഗും സി.പി.എമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താറുള്ളത്. വഖഫ് വിഷയം മതപരമാണെന്നും അതിനാല്‍ മത സംഘടനകളുമായി മാത്രമേ ചര്‍ച്ചക്ക് താല്‍പര്യമുള്ളുവെന്ന മുഖ്യമന്ത്രിയുടെ വാദം ജനാധിപത്യവിരുദ്ധമാണ്. വിശ്വാസവും വിദ്യാഭ്യാസവും ആരോഗ്യവും ഗതാഗതവും തൊട്ട് ജീവ വായുവിന്റെയും കുടിവെള്ളത്തിന്റെയും മരുന്നിന്റെയും വരെ കാര്യങ്ങള്‍ തീരുമാനിക്കുന്ന വ്യവസ്ഥിതിയാണ് രാഷ്ട്രീയമെന്ന കാര്യം മനപൂര്‍വം മറച്ചുവെച്ചാണ് മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നത്.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അധിപനായിരുന്ന പരേതനായ ഫാദര്‍ മത്തായി നൂറനാലിനെ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി അസംബ്ലി സീറ്റില്‍ മത്സരിപ്പിച്ചത് സാക്ഷാല്‍ സി.പി.എമ്മുകാരായിരുന്നു. സച്ചാറിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കായി കണ്ണൂരില്‍ മുസല്ല വിരിച്ച് സമ്മേളനം നടത്തുകയും ചെയ്ത നാടക കമ്പനിക്കാരാണ് മുസ് ലിം ലീഗിന് നേരെ ഓരിയിടുന്നത്. മുസ് ലിം ലീഗ് മതം പറയുന്നുവെന്ന് അട്ടഹാസം നടത്തുന്നവര്‍ ഇടതുമുന്നണിയിലെ ഘടക കക്ഷിയായ ഐ.എന്‍.എല്ലും പി.ടി.എ റഹീം എം.എല്‍.എയും വഖഫ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതിനെ തള്ളി പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
രാഷ്ട്രീയപരമായി പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍മാത്രം ചര്‍ച്ച ചെയ്യുന്നവരല്ല മറിച്ച് മതനിരാസത്തിന്റെ പ്രചാരണം കൂടി ഏറ്റെടുത്തവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. മത വിശ്വാസികള്‍ തമ്മിലുള്ള വിവാഹത്തെ സി.പി.എമ്മുകാര്‍ ഒരിക്കലും ഔദ്യോഗികമായി ആശിര്‍വദിക്കാറില്ല. മതരഹിത കല്യാണം നടത്തുന്നവരെ പാര്‍ട്ടി ഓഫീസുകളിലേക്ക് ആനയിച്ച് ഹാരമണിയിക്കുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ മത നിഷേധമാണ് പ്രോത്സാഹിപ്പിക്കുന്നത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളില്‍ മതരഹിത വധൂവരന്‍മാരെ അനുഗ്രഹിക്കുന്ന ചടങ്ങുകള്‍ കാണാറില്ലെന്നകാര്യം കൂട്ടി വായിക്കേണ്ടതുണ്ട്. ഏത് മതവിഭാഗത്തില്‍പെട്ടവര്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം എടുക്കാമെന്നും വിശ്വാസികള്‍ പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാണെന്നും കോടിയേരി പറഞ്ഞതിന്റെ രത്‌നചുരുക്കം മത നിരാസമാണ്. കൊടിയേരിയുടെ പ്രസ്താവനയുടെ ഉള്ളടക്കത്തിലൂന്നിയാണ് കെ.എം ഷാജി തന്റെ പ്രസംഗത്തില്‍ സി.പി.എമ്മിന്റെ മത നിഷേധത്തെ കുറിച്ച് പരാമര്‍ശിച്ചത്. മു സ്‌ലിംലീഗ് ഓഫീസ് പരിസരത്ത് നിന്ന് സി. പി.എമ്മിലേക്ക് നടന്നുനീങ്ങുന്നവര്‍ മത നിഷേധത്തിലേക്കാണ് ചുവടുവെക്കുന്നതെന്ന് കെ.എം ഷാജി പറഞ്ഞപ്പോള്‍ മതം പറയുന്നു എന്നു പറഞ്ഞ് കൂട്ട നിലവിളി നടത്തിയ സഖാക്കള്‍ തങ്ങളുടെ പാര്‍ട്ടിയുടെ കുഞ്ചിക സ്ഥാനങ്ങളിലേക്ക് മത വിശ്വാസികളെ പരിഗണിക്കാത്തതെന്തുകൊണ്ടാണെന്ന കാര്യം ഇനിയെങ്കിലും തുറന്നുപറയേണ്ടതുണ്ട്. സി.പി.എമ്മിലെ എം.എല്‍.എമാരായിരുന്ന ഐഷ പോറ്റിക്കും എം.എം മോനോയിക്കും ദൈവ നാമത്തില്‍ പ്രതിജ്ഞ എടുത്തതിന്റെ പേരില്‍ ശാസന പോലും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. വീണാജോര്‍ജ് ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്തതിനെതിരായും ഏരിയ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.
ഞങ്ങളിലില്ല ഹൈന്ദവ രക്തം. ഞങ്ങളിലില്ല മുസ്‌ലിം രക്തം. ഞങ്ങളിലില്ല ക്രൈസ്തവ രക്തം. ഞങ്ങളില്‍ ഒഴുകുന്നത് മനുഷ്യ രക്തമാണെന്നുമുള്ള മുദ്രാവാക്യം വിളിയിലൂടെ നല്ല മനുഷ്യനെ സൃഷ്ടി ക്കാന്‍ മതങ്ങള്‍ക്ക് കഴിയില്ലെന്നാണ് മാര്‍ക്‌സിസ്റ്റുകാര്‍ വിളംബരം ചെയ്യുന്നത്. സ്ത്രീയും പുരുഷനും ഇണ ചേരുന്ന ചിത്രം കാമ്പസില്‍ സ്ഥാപിച്ച് ലൈംഗിക വിമോചന കാഹളം മുഴക്കിയ എസ്.എഫ്.ഐ ക്കാരുടെ ഉള്ളിലിരിപ്പും അധാര്‍മിക പ്രവണതകളോടുള്ള മത വിശ്വാസത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന തലമുറയെ വാര്‍ത്തെടുക്കലാണ്.