ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ചേലക്കര മണ്ഡലങ്ങളില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. താന്‍ വായില്‍തോന്നിയത് പറയുന്നവനാണോയെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുമെന്നും അന്‍വര്‍ പ്രതികരിച്ചു. പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചേക്കുമെന്ന് സൂചിപ്പിച്ച അന്‍വര്‍, നല്ല സ്ഥാനാര്‍ത്ഥിയെ കിട്ടിയാല്‍ രണ്ട് മണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്നാണ് പറഞ്ഞത്.
ഡിഎംകെ രൂപീകരണയോഗമല്ല ജില്ലാ കമ്മറ്റി ഉണ്ടാക്കുന്നതിന്റെ പ്രാഥമിക ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നതെന്നും അന്‍വര്‍ വ്യക്തമാക്കി. ‘തിരഞ്ഞെടുപ്പ് രംഗത്ത് ഡിഎംകെ സജീവമായി ഉണ്ടാകും. ഗൗരവത്തില്‍ പാലക്കാടും ചേലക്കരയും കാണും. ഡി.എം.കെ ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. നേതാക്കളുടെ പിന്നാലെ പോകുന്ന പ്രശ്‌നമേയില്ല. നേതാക്കളെ നേതാക്കള്‍ ആകുന്നത് ഈ നാട്ടിലെ ജനങ്ങള്‍ ആണ്.
ചേലക്കരയിലും പാലക്കാടും അഡ്ജസ്റ്റ്‌മെന്റ് എന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു. അത് ഇപ്പോള്‍ വ്യക്തമായില്ലേ. പൂരം കലക്കിയില്ല എന്ന് പറഞ്ഞിട്ട് കലക്കി എന്ന് ഇപ്പോള്‍ വ്യക്തമായില്ലേ. അജിത് കുമാര്‍ മാത്രമല്ല മറ്റ് പലരും ബി.ജെ.പിയിലേക്ക് പോകും അജിത് കുമാര്‍ ഇപ്പോഴേ ബി.ജെ.പി ആണ്. താന്‍ വായില്‍ തോന്നുന്നത് പറയുന്നവന്‍ ആണോ എന്ന് ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും’, അന്‍വര്‍ പ്രതികരിച്ചു.
ഡി.എം.കെ യോഗത്തിന് പിഡബ്ലുഡി റസ്റ്റ് ഹൗസില്‍ ഹാള്‍ അനുവദിക്കാത്ത വിഷയത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെയും അന്‍വര്‍ വിമര്‍ശിച്ചു. മന്ത്രി നേരിട്ട് ഇടപെട്ടാണ് യോഗത്തിന് ഹാള്‍ അനുവദിക്കാതിരുന്നതെന്നാണ് അന്‍വര്‍ ആരോപിച്ചത്. അങ്ങനെ ഹാള്‍ നിഷേധിച്ചാല്‍ ഒന്നും തന്റെ രാഷ്ട്രീയ കൂട്ടായ്മയെ തകര്‍ക്കാനാകില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.