X
    Categories: CultureNewsViews

ദേശീയ തലത്തില്‍ നിലപാട് വ്യക്തമാക്കാനാവാതെ സി.പി.എം വിയര്‍ക്കുന്നു

പി.കെ.എ ലത്തീഫ്
തിരൂര്‍: സ്ഥാനാര്‍ഥികളെ നേരത്തെ നിശ്ചയിച്ചെങ്കിലും പ്രചാരണ രംഗത്ത് ദേശീയ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനാകാതെ സിപിഎം വിയര്‍ക്കുന്നു. ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലൊന്നും തെരഞ്ഞെടുപ്പിന്റെ ദേശീയ രാഷ്ട്രീയം കടന്നു വരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന എല്‍ഡിഎഫ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനില്‍ മുസ്ലിം ലീഗ് വിരുദ്ധത മാത്രമായിരുന്നു നേതാക്കളുടെ പ്രസംഗത്തിന്റെ കാതല്‍.
ദേശീയ തലത്തില്‍ സിപിഎം ഏറ്റവും ദുര്‍ബ്ബലമായ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മുമ്പൊക്കെ പേരിനെങ്കിലും മൂന്നാം മുന്നണി എന്ന പ്രചാരണം സിപിഎമ്മിന് നടത്താനായിരുന്നു. ഇത്തവണ അതുമില്ല. ദേശീയ തലത്തില്‍ സിപിഎം അപ്രസക്തമായി മാറിക്കഴിഞ്ഞു. ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് മുന്നണി എന്നത് രാഷ്ട്രീയ യാഥാര്‍ഥ്യമായിരിക്കെ പ്രചാരണ രംഗത്ത് വെള്ളംകുടിക്കുകയാണ് സിപിഎം നേതാക്കളും സ്ഥാനാര്‍ഥികളും. പലയിടത്തും പ്രാദേശിക വികസന പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് ഇടതു സ്ഥനാര്‍ഥികള്‍ പ്രചാരണ രംഗത്തുള്ളത്. എന്നാല്‍ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. പതിവ് പോലെ കുപ്രചാരണങ്ങളുമായി സിപിഎം ഇറങ്ങും.
ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. കോണ്‍ഗ്രസിന് ഈ സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയം എത്രമാത്രം ചര്‍ച്ചചെയ്യുന്നുവോ അത് തിരിച്ചടിയായി മാറുമെന്ന് സിപിഎമ്മിനറിയാം. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചാരണത്തിന് ആയുധമാക്കിയാലും തിരിച്ചടി ഭയക്കുന്നുണ്ട് പാര്‍ട്ടി. അക്രമ രാഷ്ട്രീയം സിപിഎമ്മിനെ വല്ലാതെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുണ്ടായ ഉണര്‍വ്വ് സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ യുഡിഎഫിന് കൂടുതല്‍ അനുകൂലമാക്കി മാറ്റിയെന്ന യാഥാര്‍ഥ്യമാണ് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത്. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നുവെന്നും ബദല്‍ ഇടതു മുന്നണിയെന്നും മൂന്നാം മുന്നണിയെന്നും പറഞ്ഞിരുന്നവര്‍ക്ക് കോണ്‍ഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവോടെ അടിതെറ്റിയിരിക്കുകയാണ്. സംസ്ഥാത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്രബിന്ദു ഈ രാഷ്ട്രീയം തന്നെയാകും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: