X
    Categories: MoreViews

മലപ്പുറത്ത് കണ്ണൂര്‍ മാതൃക നടപ്പാക്കാന്‍ സി.പി.എം ശ്രമം: എം. ഉമ്മര്‍

 

തിരുവനന്തപുരം: മലപ്പുറം ജില്ലയെ കണ്ണൂര്‍ മാതൃകയിലേക്ക് കൊണ്ടു പോകാന്‍ സി.പി.എമ്മും പോഷക സംഘടനകളും നടത്തുന്ന അക്രമങ്ങള്‍ കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് എം. ഉമ്മര്‍ നിയമസഭയില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ മുസ്‌ലിംലീഗ് ഓഫീസിന് നേരെ നടന്ന എസ്.എഫ്.ഐ അക്രമവും ലീഗ് പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ച സംഭവവും സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കുയായിരുന്നു അദ്ദേഹം.
ഒരു വിധത്തിലുമുള്ള അക്രമങ്ങളോ വര്‍ഗീയ സംഘട്ടനങ്ങളോ നടക്കാത്ത സ്ഥലമാണ് മലപ്പുറവും പെരിന്തല്‍മണ്ണയും. ഇവിടെയാണ് ഇത്തരം സംഭവം നടന്നത്. കണ്ണൂരില്‍ മറ്റു പാര്‍ട്ടി ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കില്ലെന്നും മറ്റാരേയും കൊടി ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാട് മലപ്പുറത്തും നടപ്പാക്കാനാണ് സി.പി.എം ശ്രമം. ഇതിന് സി.പി.എമ്മും സര്‍ക്കാറും കനത്ത വില നല്‍കേണ്ടി വരും. പെരിന്തല്‍മണ്ണ പോളിടെക്‌നിക് കുത്തകയാക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. അവിടെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനക്കും കൊടി ഉയര്‍ത്താനാവില്ലെന്ന അവസ്ഥ അംഗീകരിക്കാനാകില്ല. പോളിടെക്‌നിക്കിലുണ്ടായ പ്രശ്‌നത്തിന്റെ പേരിലാണ് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ലീഗ് ഓഫീസ് തല്ലിതകര്‍ത്തത്. എസ്.എഫ്.ഐ പ്രവര്‍ത്തകരും പുറത്തുനിന്നും വന്ന ഡി.വൈ.എഫ്.ഐ ഗുണ്ടകളും ചേര്‍ന്നാണ് ഈ അക്രമം നടത്തിയത്. ഇത് തടയേണ്ട പൊലീസ് കണ്ടു നില്‍ക്കുകയായിരുന്നു. ലീഗ് ഓഫീസ് ആക്രമിച്ചവരെ പെരിന്തല്‍മണ്ണ സി.പി.എം ഓഫീസില്‍ സംരക്ഷണം നല്‍കിയ ശേഷം പരിക്കുണ്ടെന്ന് പറഞ്ഞ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരെ സംരക്ഷിക്കാന്‍ പൊലീസുമുണ്ടായിരുന്നെന്നും ഉമ്മര്‍ പറഞ്ഞു.
ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിക്ക് മുന്നിലുള്ള സി.പി.എം പാര്‍ട്ടി ഓഫീസ് എക്കാലവും ഭദ്രമായിരിക്കുമെന്ന് മുസ്‌ലിംലീഗിന് ഉറപ്പു നല്‍കാനാകും. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടും പ്രതികള്‍ക്ക് എതിരെ നടപടിയുണ്ടാകാത്തതിനാലാണ് ഹര്‍ത്താല്‍ നടത്തിയത്. മലപ്പുറം ജില്ലയിലൊട്ടാകെ ഹര്‍ത്താല്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകരുതെന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ നിര്‍ദേശം കണക്കിലെടുത്ത് പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമാക്കി ചുരുക്കുകയായിരുന്നു. സി.പി.എമ്മിന്റെ എതെങ്കിലും ഓഫീസിനെയാണ് ആക്രമിച്ചിരുന്നതെങ്കില്‍ അവര്‍ നടത്തുക സംസ്ഥാന ഹര്‍ത്താലായിരിക്കും. സമാധാനപരമായാണ് യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തിയത്. പൊലീസും അവര്‍ക്ക് നേതൃത്വം നല്‍കിയ എസ്.പിയും യാതൊരു പ്രകോപനവും കൂടാതെയാണ് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയത്. ഹര്‍ത്താല്‍ ദിനം റോഡിലൂടെ പോയ വഴിയാത്രക്കാരെപ്പോലും പൊലീസ് വെറുതെവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഉന്നതനേതാക്കള്‍ പ്രസംഗിക്കുന്ന വേദിയിലേക്ക് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത് ബോധപൂര്‍വമാണ്. ഇത് സംബന്ധിച്ച് പൊലീസ് തെറ്റായ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. പാര്‍ട്ടി ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് കണ്ണൂരിലെ ചൊല്ലിയില്‍ സി.പി.എമ്മിന്റെ കൊടിമരത്തിന് കാവല്‍ നില്‍ക്കുകയാണെന്നും ഉമ്മര്‍ കുറ്റപ്പെടുത്തി.

 

chandrika: