കൊലക്കത്തികള്‍ ചിന്തുന്ന ചോര കൊണ്ട് കേരളത്തെ ചുവപ്പിക്കാന്‍ ശ്രമിക്കുകയാണ് സി.പി.എം. ഏറ്റവുമൊടുവില്‍ താനൂര്‍ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തന്‍ ഇസ്ഹാഖിനെയാണ് സി.പി.എം കൊലയാളികള്‍ വെട്ടിവീഴ്ത്തി ജീവനെടുത്തത്. നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുകയായിരുന്ന ഇസ്ഹാഖിനെ അരുംകൊല നടത്താന്‍ അയല്‍വാസികള്‍ കൂടിയായ സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഒരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. വ്യാഴാഴ്ച വൈകീട്ട് 7.50നാണ് ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്‌കാരത്തിന് പോകുമ്പോള്‍ പള്ളിക്കടുത്ത് വെച്ച് ആക്രമണത്തിനിരയായത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇസ്ഹാഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തികച്ചും പ്രൊഫഷണലായി, പരിശീലനം നേടിയ ശേഷം നടത്തിയ കൊലപാതകമെന്ന് വ്യക്തം. ഇസ്ഹാഖ് ജീവിച്ചിരിക്കാന്‍ പാടില്ലെന്ന വൈരനിര്യാതന ബുദ്ധിയോടെ അക്രമികള്‍ ജീവനെടുക്കുകയായിരുന്നു. കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടത്തിയ മുപ്പതാമത്തെ രാഷ്ട്രീയ കൊലപാതകം. ഇസ്ഹാഖിന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആസൂത്രിതമായി നടപ്പാക്കപ്പെട്ട കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരാണോ യാഥാര്‍ത്ഥ പ്രതികളെന്ന ചോദ്യം പല ദിക്കില്‍ നിന്നുമുയരുന്നുണ്ട്. ഡമ്മി പ്രതികളും പൊലീസിന്റെ നാടകവും സി.പി.എം നടത്തുന്ന കൊലാപതക കേസുകളില്‍ സ്ഥിരം തിരക്കഥയാണെന്നതിനാല്‍ സംശയമുയരുന്നത് സ്വാഭാവികമാണ്.
ഇതിനൊപ്പം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ചില സന്ദേഹങ്ങള്‍ പൊതുജനങ്ങളുടെ മുമ്പാകെ ഉന്നയിച്ചിട്ടുണ്ട്. മുമ്പ് ചെറിയ സംഘര്‍ഷമുണ്ടായപ്പോള്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണെന്നും കഴിഞ്ഞ ആറു മാസമായി തീരദേശത്ത് യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്നും ഫിറോസ് ചൂണ്ടിക്കാട്ടുന്നു. മലപ്പുറത്തിന്റെ തീരപ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സി.പി.എമ്മിലെ കണ്ണൂര്‍ ലോബിയുടെ ഇടപെടലും അന്വേഷിക്കേണ്ടതുണ്ട്. ജയരാജന്റെ താനൂര്‍ സന്ദര്‍ശനവും ഈ കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് ഫിറോസ് ആവശ്യപ്പെട്ടിരിക്കുന്നത്. മലബാറിലും ഉത്തരമലബാറിലും നടക്കുന്ന കൊലപാതകങ്ങളില്‍ കണ്ണൂര്‍ ലോബിയുടെ പങ്ക് സംശയിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊലപാതക രാഷ്ട്രീയത്തിന്റെ നാള്‍വഴികളില്‍ കണ്ണൂര്‍ മോഡലെന്ന് ലേബല്‍ ചെയ്യപ്പെടുന്നവയാണ് അടുത്ത കാലത്തുണ്ടായ കൊലപാതകങ്ങള്‍ മിക്കവയും. താനൂരില്‍ ശഹീദായ ഇസ്ഹാഖിന്റെ കൊലപാതകത്തിലും കണ്ണൂര്‍ മോഡലിന്റെ രൂപഭദ്രത തെളിഞ്ഞു കാണുന്നുണ്ട്. ഒരാളുടെ ദൈനംദിനം സഞ്ചാരവഴികള്‍ കൃത്യമായി മനസ്സിലാക്കി പതിയിരുന്ന് കൊലപ്പെടുത്തുന്ന രീതിയാണ് താനൂരും ആവര്‍ത്തിച്ചിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്റെ തെരുവീഥികളില്‍ തുടരുമെന്ന പ്രഖ്യാപനമാണ് സി.പി.എം കഴിഞ്ഞ കുറച്ചു കാലമായി നടത്തുന്നത്. അധികാരത്തിന്റെ ഹുങ്കില്‍ ചോരക്കറ കൊണ്ട് എതിരാളികളെ ഭീഷണിപ്പെടുത്തുന്ന അധോലോക മാതൃകയാണ് കഴിഞ്ഞ എത്രയോ കാലമായി സി.പി.എം പുലര്‍ത്തുന്നത്.
കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് സിദ്ധാന്തത്തെ കേരളത്തില്‍ ഉന്മൂലസിദ്ധാന്തം കൊണ്ട് അടയാളപ്പെടുത്താമെന്ന മിഥ്യാധാരണയില്‍ തന്നെയാണ് ഇപ്പോഴും സി.പി.എം. കൊന്നും കൊലവിളിച്ചും ആശയത്തെ ആയുധം കൊണ്ട് നേരിടാമെന്ന പഴയ സിദ്ധാന്തത്തില്‍ നിന്നും ഒരടി പോലും മുന്നോട്ടു പോകാന്‍ സി.പി.എമ്മിന് ഇനിയും കഴിഞ്ഞിട്ടില്ല. മൂന്നര വര്‍ഷത്തിനിടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയെന്നതിന്റെ പേരില്‍ 30 പേര്‍ കൊല്ലപ്പെട്ട കൊച്ചു ഭൂമിക കേരളമല്ലാതെ മറ്റൊരിടവും ഭൂമുഖത്തുണ്ടാകില്ല. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേരളം യു.പിക്കും ബിഹാറിനും ഒപ്പമാണ്. ചെറിയ ഏറ്റക്കുറച്ചിലുകള്‍ മാത്രമാണുള്ളത്. യു.പിയുടെ ഭൂവിസ്തൃതിയുമായി താരതമ്യപ്പെടുത്തിയാല്‍ കേരളം യു.പിയെക്കാള്‍ ബഹുദൂരം മുന്നിലാണ്.
കേരളത്തിന്റെ ചരിത്രത്തിലെ എണ്ണപ്പെട്ട ആദ്യ രാഷ്ട്രീയ കൊലപാതകമായി രേഖപ്പെടുത്തപ്പെട്ട വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്യപ്പെട്ട ഒരാള്‍ സംസ്ഥാന ഭരണത്തിന്റെ അമരത്തിരിക്കുമ്പോള്‍, രക്തപുഴകളാല്‍ തെരുവീഥികള്‍ സ്‌നാനം ചെയ്യപ്പെടുകയെന്ന വിധി വൈപരീത്യമാണ് കേരളം അഭിമുഖീകരിക്കുന്നത്. അമരത്വ നാമമായി മാറിയ എത്ര ജീവനുകളാണ് കേരളത്തിന്റെ മനസ്സാക്ഷിയെ രോഷം കൊള്ളിച്ചിട്ടുള്ളത്. ടി.പി ചന്ദ്രശേഖരനും ഫസലും, അരിയില്‍ ഷുക്കൂറും ശുഹൈബും തുടങ്ങി നൂറ് കണക്കിന് പേരുകള്‍ അക്രമ രാഷ്ട്രീയത്തിന്റെ ഇരകളായി ഓര്‍മകളില്‍ മങ്ങാതെ തെളിഞ്ഞുനില്‍ക്കുന്നു. നാല് പതിറ്റാണ്ടിനിടെ കണ്ണൂരില്‍ മാത്രം വാള്‍ത്തലപ്പാല്‍ അരിഞ്ഞുവീഴ്ത്തപ്പെട്ടത് 225 മനുഷ്യ ജീവനാണ്. ഇതില്‍ കമ്മ്യൂണിസ്റ്റുകാരുമുണ്ട്. ഇരകളായും വേട്ടക്കാരായും ജീവന്‍ വെടിയുന്ന പാവപ്പെട്ട മനുഷ്യരുടെ കുടുംബങ്ങള്‍, വിധവകളാക്കപ്പെടുന്ന യുവതികള്‍, അനാഥരാക്കപ്പെടുന്ന പിഞ്ചുമക്കള്‍, അവര്‍ സമൂഹ മനസ്സാക്ഷിക്ക് മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. കൊലകള്‍ക്ക് പിന്നിലെ ഗൂഢാലോചനക്കാരായ നേതാക്കളാകട്ടെ അഹിംസയെക്കുറിച്ച് പ്രഭാഷണം നടത്തിക്കൊണ്ടേയിരിക്കുന്നു.
കേരളത്തിലെ ഏത് രാഷ്ട്രീയ കൊലപാതകത്തിലും സി.പി.എമ്മിന്റെ പേരുണ്ട്. കൊലപാതകിയായോ, രക്തസാക്ഷിയായോ. അക്രമ രാഷ്ട്രീയത്തിന്റെ ഉലയില്‍ ഊതിക്കത്തിക്കേണ്ടതാണ് തങ്ങളുടെ പ്രത്യയശാസ്ത്ര നിലപാടെന്ന ദുശ്ശാഠ്യം സി.പി.എം ഉപേക്ഷിക്കാതെ കേരളത്തില്‍ കൊലപാതക രാഷ്ട്രീയം അവസാനിക്കില്ല. ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ, രാഷ്ട്രിയത്തിന്റെ പേരില്‍ നടത്തുന്ന അരുംകൊലകള്‍ക്ക് അവസാനവുമാകില്ല. ഫസല്‍ വധത്തിലും, കൗമാരത്തില്‍ പാര്‍ട്ടി കോടതി തെരുവില്‍ വിചാരണ നടത്തി ജീവനെടുത്ത അരിയില്‍ ശുക്കൂര്‍ വധക്കേസിലും സി.പി.എമ്മില്‍ ആശയസമരം നടത്തി പുറത്തുപോയതിന്റെ പേരില്‍ 51 വെട്ടിനാല്‍ കൊലപ്പെടുത്തിയ ടി.പി ചന്ദ്രശേഖരന്‍ വധത്തിലും സി.ബി.ഐ നടത്തുന്ന അന്വേഷണത്തിലൂടെ കൊലവാളേന്തിയവരില്‍ നിന്ന് അതു കൊടുത്തുവിട്ടവരിലേക്കും അന്വേഷണം എത്തിയിട്ടുണ്ട്. ഇസ്ഹാഖിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരും നിയമത്തിന് മുന്നിലെത്തണം. മലപ്പുറത്തിന്റെ മണ്ണില്‍ നിരപരാധികളുടെ ചോരവീഴാതിരിക്കാന്‍ അത് അനിവാര്യമാണ്. കൊലവാളുകള്‍ കൊണ്ട് രാഷ്ട്രീയം പറയുന്നവരെ സമൂഹമധ്യത്തില്‍ ഒറ്റപ്പെടുത്തേണ്ടതുണ്ട്. മലപ്പുറം ജില്ലയുടെ, പ്രത്യേകിച്ച് താനൂര്‍ തീരദേശത്ത് അശാന്തിയുടെ വിത്തുകള്‍ പാകുന്ന ദുശ്ശാസനന്മാര്‍ക്ക് ഇനിയും മനുഷ്യ ജീവനെടുത്ത് മന്ദഹസിക്കാനുള്ള അവസരമുണ്ടാകാന്‍ പാടില്ല. കേരളത്തിന്റെ തെരുവുകളില്‍ നിന്ന് ശാന്തിയുടെ വെള്ളരിപ്രാവുകള്‍ ഉയരണമെങ്കില്‍, അക്രമ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാര്‍ക്കെതിരെ നിയമ പോരാട്ടം നടത്തുകയല്ലാതെ മറ്റ് വഴികളില്ല.
- 5 years ago
chandrika
Categories:
Video Stories
കൊലവാളുകള്‍ ഇനി ഉയരരുത്
Tags: cpm terrorThanur murder