X

പൊലീസ് ആർഎസ്എസ് കൂട്ടുകെട്ട് ശരിവെച്ച് സി.പി.എം സ്വാമിയും

കെ.പി ജലീൽ

കേരള പൊലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎമ്മിനെയും വെട്ടിലാക്കി ഇടതുപക്ഷ അനുകൂലിയായ സ്വാമിയും രംഗത്തെത്തി. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലാണ് കേരള പോലീസ് ആര്‍എസ്എസുമായി ഒത്തു കളിച്ചതായി സന്ദീപാനന്ദഗിരി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ആശ്രമം സ്വാമി സ്വയം കത്തിച്ചതാണെന്നായിരുന്നു കേരള പൊലീസിലെ ഉന്നതരുടെ ആദ്യ കണ്ടെത്തല്‍. സത്യത്തില്‍ ആര്‍എസ്‌സുകാരാണ് ഇതിന് പിന്നില്‍ ഉണ്ടായിരുന്നത്.

ഇത് മറച്ചുവെച്ചാണ് കേരള പൊലീസ് പിണറായി വിജയനെയും സിപിഎമ്മിനെയും സന്ദീപാനന്ദഗിരിയെയും വെട്ടിലാക്കിയത്. ഇതിനെതിരെ മറ്റൊരു അന്വേഷണസംഘത്തെ നിയോഗിച്ച ശേഷമാണ് സത്യം വെളിച്ചത്തായത്. ഇന്നലെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ആണ് ആദ്യം ഈ ആരോപണം ഉന്നയിച്ചത്. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസുമായി രഹസ്യബന്ധം നടത്തുന്നു എന്ന് ആരോപണമാണ് അന്‍വര്‍ നേരത്തെ ഉന്നയിച്ചത് .അതിന് അടിവരയിടുന്നതാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തല്‍.

അന്‍വറുടെ പത്രസമ്മേളനത്തിനുശേഷം ഇന്നലെ തന്നെ സ്വാമി സന്ദീപാനന്ദഗിരി കേരള പോലീസ് ആര്‍എസ്എസിന്റെ ചട്ടുകം ആണെന്ന് ആരോപണം ഉന്നയിച്ചിരുന്നു .ഇത് സിപിഎമ്മിനെയും കേരള പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്ന ആരോപണത്തിന് ശക്തി കൂട്ടുന്നതായി. നേരത്തെ സിപിഐ നേതാവ് ആനിരാജയും കേരള പോലീസ് ആര്‍എസ്എസ് വല്‍ക്കരിക്കപ്പെട്ടതായി ആരോപണമുന്നയിച്ചിരുന്നു. ഏതായാലും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ ആശിസ്സുകളോടെ ആണോ കേരള പൊലീസിലെ ആര്‍എസ്എസ് ബന്ധം എന്നു മാത്രമാണ് ഇനി വ്യക്തമാവാനുള്ളത്.

എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ കാര്യം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നേരത്തെ ഉന്നയിച്ചിരുന്നു .രണ്ടു തവണയാണ് കഴിഞ്ഞവര്‍ഷം ആര്‍എസ്എസ് നേതാക്കളെ എഡിജിപി നേരില്‍കണ്ട് ചര്‍ച്ച നടത്തിയത് .ഇത് പിണറായി വിജയന് വേണ്ടിയാണോ എന്നാണ് പ്രതിപക്ഷവും ജനവും ചോദിക്കുന്നത് .എന്നാല്‍ ഇക്കാര്യത്തില്‍ പിണറായി തന്റെ മൗനം തുടരുകയാണ്.

webdesk13: