മാര്‍ച്ച് 4നു എറണാകുളത്ത് സമാപിച്ച സി.പി.എം സംസ്ഥാന സമ്മേളനം പാര്‍ട്ടി എത്തിപ്പെട്ടിരിക്കുന്ന നയവ്യതിയാനങ്ങളുടെ ആഴം കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു. നിന്ദിതരുടെയും പീഢിതരുടെയും ആശ്രയമായ പാര്‍ട്ടിയാണെന്നു വിശ്വസിച്ചുകൊണ്ടും കഷ്ടപ്പെടുന്നവര്‍ക്കും പണിയെടുക്കുന്നവര്‍ക്കും വിമോചനത്തിനുള്ള മാര്‍ഗമാണെന്നു കരുതികൊണ്ടും അതില്‍ അണിചേര്‍ന്നവരെ നിരാശയിലാക്കുന്നതായിരുന്നു സമ്മേളനത്തിലെ ഓരോ തീരുമാനങ്ങളും. കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ച എല്ലാ തത്വസംഹിതകളെയും വലിച്ചെറിഞ്ഞു ഭരണത്തിന്റെ ശീതളച്ഛായയില്‍ കഴിയുന്നതിന്റെ സുഖം ഇനിയും അനുഭവിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ടു സജീവമായിരുന്നു യോഗം.
പാര്‍ട്ടിയും ഭരണവും തന്റെ കൈപിടിയിലൊതുക്കി കൊണ്ട്, ചോദ്യം ചെയ്യപ്പെടാനാവാത്ത പാര്‍ട്ടിയുടെ പരമാധികാരിയാണ് താനെന്നു ഒരിക്കല്‍കൂടി പിണറായി വിജയന്‍ തെളിയിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പോലും തനിക്ക് മുമ്പില്‍ ഒന്നുമല്ലയെന്നു പറയാതെ പറയുകയായിരുന്നു മുഖ്യമന്ത്രി. പിണറായി വിജയന്റെ സമ്പൂര്‍ണാധിപത്യവും അദ്ദേഹത്തിന്റെ വിധേയ ദാസന്‍ കോടിയേരി ബാലകൃഷ്ണന്റെ വാചക മേളയും കൊണ്ടു നിറഞ്ഞ സമ്മേളനത്തില്‍ സകല ചര്‍ച്ചകളും രൂപപ്പെട്ടത് അവരുടെ താല്‍പര്യത്തിനനുസരിച്ചായിരുന്നു.
പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും അവകാശവാദം. വി.എസ് അച്യുതാനന്ദനെപോലെ പ്രഗല്‍ഭനായ ഒരു എതിരാളി പാര്‍ട്ടിയിലിന്നു പിണറായിക്കില്ലയെന്നത് വാസ്തവം തന്നെ. പക്ഷേ, വി.എസിനെയും അദ്ദേഹത്തെ പിന്തുണക്കുന്നവരെയും ഒതുക്കാന്‍ പിണറായി സ്വീകരിച്ച മാര്‍ഗങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ കറുത്ത പുള്ളിയായിതന്നെ കിടക്കുന്നുണ്ട്. കോട്ടയം സംസ്ഥാന സമ്മേളന വേദി, തിരുനക്കര മൈതാനിയില്‍ കോരിച്ചൊരിയുന്ന മഴയത്ത്, വി.എസ് പ്രസംഗിക്കാനെഴുന്നേല്‍ക്കുന്നു. വി.എസ് എന്നു കേട്ടപ്പോഴേക്കും തുടങ്ങിയ സദസ്സിന്റെ ആരവം പ്രസംഗം തുടങ്ങിയപ്പോള്‍ മൂര്‍ധന്യത്തിലെത്തുന്നു. തിമര്‍ത്ത് പെയ്യുന്ന മഴയത്തും അണികളുടെ ആവേശവും ആര്‍പ്പുവിളികളും കണ്ടു സ്വാസ്ഥ്യം നഷ്ടപ്പെട്ട പിണറായി വിജയന്‍ രോഷാകുലനാവുന്നു. വി.എസിനു അനുകൂലമായി ആരവം മുഴക്കിയ അണികളെ ചീത്ത വിളിക്കുന്നു. കള്ളു കുടിച്ചു പൂസായി യോഗത്തിനു വന്നവരെന്നു രൂക്ഷമായി ആക്ഷേപിക്കുന്നു. അന്നത്തെ സംസ്ഥാന സെക്രട്ടറിയുടെ ചീത്ത വിളി കേട്ടു സദസ്സ് ഞെട്ടിതരിക്കുന്നു. ചുവപ്പ് വളണ്ടിയര്‍മാരുടെ നേരെ തിരിഞ്ഞു അവര്‍ നിഷ്‌ക്രിയരായിരിക്കുന്നതിലെ അമര്‍ഷം പിണറായി പ്രകടിപ്പിക്കുന്നു. തുടര്‍ന്നു സദസ്സില്‍ ചേരിതിരിഞ്ഞു കൂട്ടതല്ല് നടക്കുന്നു.
അന്ന്, പിണറായി വിജയനെടുത്ത ഒരു ഉഗ്രശപഥമുണ്ട്. ഇനിയൊരിക്കലും ഒരാളെയും ഒരു വി.എസാകാന്‍ അനുവദിക്കരുതെന്ന്. പാര്‍ട്ടിയില്‍ തന്നേക്കാള്‍ ജനങ്ങള്‍ക്കിഷ്ടവാനായി, നേതൃഗുണമുള്ളവനായി ഒരാളെയും വളരാന്‍ അനുവദിക്കുകയില്ലെന്ന്. പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയേറ്റിലെടുക്കാതെ വെട്ടിനിരത്തിയതിലൂടെ പിണറായിയുടെ ആ ശപഥത്തിനു ഒരു മാറ്റവും വന്നിട്ടില്ലയെന്ന കാര്യം വ്യക്തം. ഒരു കാലത്ത്, പി. ജയരാജന്‍ പിണറായി വിജയന്റെ ഏറ്റവും വലിയ ഇഷ്ടക്കാരനായിരുന്നു. വി.എസ്-പിണറായി പോരിന്റെ കാലത്ത് പിണറായിക്കൊപ്പം നിന്ന കണ്ണൂര്‍ ലോബിയുടെ കുന്തമുനയായിരുന്നു ജയരാജന്‍. ‘ബിംബം ചുമക്കുന്ന കഴുത’ എന്നു വി.എസിനെ വിശേഷിപ്പിച്ചു പിണറായിയെ ഏറെ സന്തോഷിപ്പിച്ചിരുന്നു ജയരാജന്‍. പിന്നെ പിന്നെ, ജയരാജന്‍ പാര്‍ട്ടി അണികള്‍ക്ക് ‘ചെന്താരക’മായി. ആര്‍.എസ്.എസിനെ പ്രതിരോധിക്കുന്നതില്‍ വടക്കന്‍പാട്ടിലെ അങ്ക ചേകവരായി. പി. ജയരാജനെ പ്രകീര്‍ത്തിച്ചു നൃത്തശില്‍പവും സംഗീത ആല്‍ബവും ഇറങ്ങി. സോഷ്യല്‍ മീഡിയയില്‍ പി.ജെ.ആര്‍മി ഫാന്‍സ് രൂപീകൃതമായി. തന്റെ വാഹനത്തിനു നേരെ കല്ലെറിഞ്ഞു എന്ന ചെയ്യാത്ത ആരോപണം ഉന്നയിച്ചു, നാടിനും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനും ജനങ്ങള്‍ക്ക് ഉപകാരിയുമായിരുന്ന അരിയില്‍ ഷുക്കൂറെന്ന എം.എസ്.എഫ് പ്രവര്‍ത്തകനെ അതിക്രൂരമായി കൊലപ്പെടുത്താന്‍ നേതൃത്വം കൊടുത്ത ജയരാജന്‍, പ്രതികാര ദാഹിയായി നടന്ന് അവസാനം കതിരൂര്‍ മനോജിനെ മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുംവിധം അറുകൊല ചെയ്തതിലും പങ്കുവഹിച്ചു. ഈ കൊലപാതകങ്ങളുടെ പേരില്‍ സി.ബി.ഐ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലക്ഷകണക്കിനു മനുഷ്യരെ കൊന്നൊടുക്കിയ ക്രൂരനായ കമ്യൂണിസ്റ്റ് സഖാവ് സ്റ്റാലിന്റെ പ്രേതം ആവാഹിച്ച ജില്ലാ സെക്രട്ടറിയായിരുന്നു പി. ജയരാജന്‍. അങ്ങനെ കൊലപാത രാഷ്ട്രീയത്തിന്റെ പണിയാളുകളായ മാര്‍ക്‌സിസ്റ്റുകള്‍ക്ക് ജയരാജനോടുള്ള പ്രിയം നാള്‍ക്കുനാള്‍ ഏറിയേറി വന്നു. കോടിയേരി, എം.വി ഗോവിന്ദന്‍, ഇ.പി ജയരാജന്‍ തുടങ്ങിയ നേതാക്കളൊക്കെ പി.ജെ പ്രഭാവത്തില്‍ പാര്‍ട്ടി വേദികളില്‍ നിറം മങ്ങി. ചിലപ്പോഴൊക്കെ പിണറായി വിജയനു കൂടുന്നതിനേക്കാള്‍ വലിയ ആള്‍ക്കൂട്ടം ജയരാജന്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ക്ക് എത്താന്‍ തുടങ്ങി. അതുകൊണ്ടുതന്നെ ജയരാജനെ ഒതുക്കേണ്ടത് നേതാക്കളുടെ ആവശ്യമായിരുന്നു. അതിനുള്ള അവരുടെ തന്ത്രങ്ങള്‍ വിജയിച്ചതിന്റെ ഫലമാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താതിരുന്നത്. പ്രശ്‌നങ്ങളൊന്നുമില്ലയെന്നു നേതാക്കള്‍ എത്ര ആണയിട്ടാലും ജയരാജനെ ഒഴിവാക്കിയതില്‍ സഖാക്കള്‍ക്കുള്ള പ്രതിഷേധം സമൂഹ മാധ്യമങ്ങളില്‍ കനക്കുകയാണ്. ‘സ്ഥാനമാനങ്ങളില്‍ അല്ല ജനഹൃദയങ്ങളിലാണ് പി.ജെയുടെ സ്ഥാനം. ചങ്കൂറ്റം ആര്‍ക്കും പണയം വെച്ചിട്ടില്ല. മൂര്‍ച്ചയുള്ള വടിവാളുകള്‍ തോറ്റു പിന്മാറിയിട്ടുണ്ടെങ്കില്‍, അതിനു ഒരേ ഒരു പേരെ ഉള്ളു, സഖാവ് പി. ജയരാജന്‍’. ‘പി.ജെയുടെ തകര്‍ച്ച കാണാന്‍ ആഗ്രഹിക്കുന്നവര്‍ നിരാശരാകേണ്ടി വരും’. തുടങ്ങിയ പ്രതിഷേധ വാചകങ്ങളൊക്കെ നേതാക്കള്‍ക്കുള്ള താക്കീത് തന്നെയാണ്. കോടിയേരി അതിനെതിരെ പ്രതികരിക്കുന്നതുകൊണ്ടു തന്നെ ഇത് സി.പി.എം നേതൃത്വത്തെ എത്രമാത്രം അലട്ടുന്നുവെന്നു മനസ്സിലാക്കാവുന്നതാണ്.
സി.പി.എമ്മിന്റെ ഇരുപത്തിമൂന്നാമത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായ സംസ്ഥാന സമ്മേളനത്തിലൂടെ പാര്‍ട്ടിയെ ക്യാപിറ്റലിസത്തിന്റെ തൊഴുത്തില്‍ കെട്ടാനും കുത്തകകളുടെ മുമ്പില്‍ കവാത്ത് മറപ്പിക്കാനുമാണ് പിണറായിയും കോടിയേരിയും തീരുമാനിച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമാണ്. സമ്മേളനത്തില്‍ പിണറായി വിജയന്‍ അവതരിപ്പിച്ച വികസന നയരേഖ അത് അരക്കിട്ടുറപ്പിക്കുന്നു. മൂലധനശക്തികളോടുള്ള നിലപാട്, വിദ്യാഭ്യാസ മേഖലയിലടക്കം വിദേശ നിക്ഷേപം സ്വീകരിക്കല്‍, ട്രേഡ് യൂണിയന്‍ സംബന്ധിച്ച നിലപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇപ്പോള്‍ ആകാമെന്നു പറയുന്ന കാഴ്ചപ്പാടുകള്‍ കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി തുടര്‍ന്നുവന്ന നയങ്ങളെ അപ്പാടെ തള്ളിപ്പറയുന്നതാണ്. അതേസമയം വര്‍ഗീയ വിരുദ്ധത, സ്വതന്ത്ര വിദേശനയം, സാമൂഹിക നീതിയില്‍ ഊന്നിയുള്ള സാമ്പത്തിക വളര്‍ച്ച തുടങ്ങി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എക്കാലത്തും പറയുന്ന തത്വങ്ങളെകുറിച്ച് സമ്മേളനം വേണ്ടത്ര ചര്‍ച്ച ചെയ്തില്ല. സി.പി.എമ്മിന്റെ മുഖ്യ ശത്രു ബി.ജെ.പിയാണോ കോണ്‍ഗ്രസാണോ എന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ല. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരള ഘടകവും തമ്മില്‍ മുഖ്യശത്രുവിന്റെ കാര്യത്തില്‍ ഇപ്പോഴും ഭിന്നതയിലാണെന്നു യെച്ചൂരിയുടെ പ്രസംഗത്തില്‍ നിന്നും മനസ്സിലായി. കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കേരളത്തിലെ സി.പി.എം കാണുമ്പോള്‍ യെച്ചൂരി പറഞ്ഞത്. ‘ബി.ജെ.പിക്കെതിരെ എല്ലാ ജനാധിപത്യ ശക്തികളെയും ഒരുമിപ്പിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ പരമാവധി ഏകോപിപ്പിക്കണം’ എന്നായിരുന്നു. ഇതു കേരള ഘടകത്തിനുള്ള ഒരു മുന്നറിയിപ്പോ അല്ലെങ്കില്‍ അവരുടെ നയത്തിന്റെ പൊള്ളത്തരം ചൂണ്ടികാണിക്കലോ ആയിരുന്നു. കാര്യങ്ങള്‍ നേരെ ചൊവ്വെ പറയാനുള്ള ധൈര്യം യെച്ചൂരിക്കും ഉണ്ടാവില്ലല്ലോ. കാരണം ഇന്ത്യാ മഹാരാജ്യത്ത് സി.പി.എം ഇന്നു നിലനില്‍ക്കുന്നത് കേരളത്തില്‍ മാത്രമല്ലെ. ആ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ തന്റെ കാര്യം പോക്കാണെന്നു യെച്ചൂരിക്കറിയാം.