തിരുവനന്തപുരം: എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണ പരാതി ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പരിശോധിക്കും. ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ ഇന്ന് തീരുമാനിക്കും. രാവിലെ പത്തുമണിക്ക് എ.കെ.ജി സെന്ററിലാണ് യോഗം.
അതേസമയം, എം.എല്‍.എക്കെതിരെ പരാതി കിട്ടിയപ്പോള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും പരാതി പൂഴ്ത്തിവെച്ചില്ലെന്നും ആരോപണ വിധേയനായ എം.എല്‍.എക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പിബി അംഗം എസ്.ആര്‍.പി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെയുള്ള കേസായതിനാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് നേരത്തെ വി.എസും പറഞ്ഞിരുന്നു. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വവും യുവതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം.
പ്രശ്‌നം പാര്‍ട്ടിക്കുള്ളില്‍ ഒതുക്കാന്‍ തീവ്രശ്രമം നടന്നിരുന്നു. യുവതി പൊലീസില്‍ പരാതി നല്‍കിയാല്‍ എം.എല്‍.എയുടെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടാവുന്നതിന് കാരണവുമാകാം. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ഏതു വിധേനയും കേസ് ഒതുക്കിത്തീര്‍ക്കാന്‍ സി.പി.എം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.