X

സി.പി.എം സംസ്ഥാന സമ്മേളനം;പോകാന്‍ പറ കോവിഡിനോട് എന്ന മട്ടില്‍

CPIM FLAG

അടുത്തമാസം ആദ്യം നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം മുന്നില്‍കണ്ട് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ നടക്കുന്നു. കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം പതിനായിരങ്ങളെ പങ്കെടുപ്പിച്ച് വന്‍ ആഘോഷമാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. തിരുവനന്തപുരത്ത് അടക്കം നടന്ന സിപിഎം ജില്ലാ സമ്മേളനങ്ങള്‍ കോവിഡ് വ്യാപനം രൂക്ഷമാകാന്‍ ഇടയാക്കിയ സംഭവം പാടെ മറന്നാണ് സംസ്ഥാന സമ്മേളനത്തിന് പാര്‍ട്ടി ഒരുങ്ങുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജില്ലാ സമ്മേളനങ്ങള്‍ നടത്തരുതെന്ന് സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഇതുമായി മുന്നോട്ടുപോവുകയും സമ്മേളനത്തലേന്ന് ഹൈക്കോടതി ഇടപെട്ട് ജില്ലാ സമ്മേളനങ്ങള്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്ത് സംഭവങ്ങളും ഉണ്ടായി. ഇതില്‍ നിന്നും പാഠം പഠിക്കാതെയാണ് തട്ടുപൊളിപ്പന്‍ സംസ്ഥാന സമ്മേളനം നടത്താനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നത്. സംസ്ഥാന സമ്മേളന വേദി ബോള്‍ഗാട്ടിയില്‍ നിന്ന് അതിവിശാലമായ മറൈന്‍ ഡ്രൈവിലേക്ക് മാറ്റിയത് ഈ ഹിഡന്‍ അജണ്ടയുടെ ഭാഗമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഇപ്പോള്‍ 1500 പേര്‍ക്ക് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ സംസ്ഥാന സമ്മേളനം പതിനായിരങ്ങളെ പങ്കെടുപ്പിച്ച് വന്‍ ആര്‍ഭാടമാക്കാനുള്ള നീക്കത്തിന്റ ഭാഗമായാണ് സമ്മേളനവേദി തന്നെ മാറ്റിയത്. ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് വിശാലമായ മറൈന്‍ ഡ്രൈവിലേക്കാണ് സമ്മേളനം മാറ്റിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്ന് സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഉറപ്പിനെ തുടര്‍ന്നാണ് ഈ വേദി മാറ്റം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടേയും വ്യക്തിപരമായ സൗകര്യം മുന്‍നിര്‍ത്തി വിദേശത്തുനിന്ന് എത്തുന്നവരുടെ ക്വാറന്റീനില്‍ അടക്കം നിരവധി കാര്യങ്ങളില്‍ കോവിഡ് ഇളവു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത് വിവാദമായിട്ടുണ്ട്. സമ്മേളനത്തിനു വേണ്ടി ഇളവ് നല്‍കി എന്ന ആക്ഷേപം ഉണ്ടാകാതിരിക്കാന്‍ ചില കണ്ണില്‍ പൊടിയിടല്‍ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായേക്കും. സിനിമ തിയേറ്ററുകളില്‍ കൂടുതല്‍ പേരെ കയറ്റാന്‍ അനുമതി നല്‍കുന്നത് അടക്കമുള്ള ഇളവുകളാണ് ഇതിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നത്.

കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് സമ്മേളനവേദി മാറ്റിയതെന്ന് സംഘാടക സമിതി നേതാക്കളായ സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനനും മന്ത്രി പി. രാജിവും അവകാശപ്പെടുമ്പോഴും പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ആര്‍ഭാടത്തിന്റെ പരമോന്നതിയില്‍ സമ്മേളനം നടത്തുക എന്ന വ്യക്തമായ അജണ്ടയുമായാണ് പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാണ്. ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററിനകത്ത് സമ്മേളനം നടത്താനായിരുന്നു ആദ്യ തീരുമാനം.

ജനുവരിയില്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തപ്പോഴും ഇതായിരുന്നു പ്രഖ്യാപനം. പിന്നീട് കണ്‍വെന്‍ഷന്‍ സെന്ററിന് പുറത്തെ ഗ്രൗണ്ടില്‍ പന്തലിട്ട് നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചു. ഇതിനുശേഷമാണ് വേദി മറൈന്‍ ഡ്രൈവിലേക്ക് മാറ്റിയതെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി.ജില്ലാ സമ്മേളനങ്ങള്‍ക്ക് കോടതിയും സമൂഹവും നല്‍കിയ തിരിച്ചടിക്ക് പകരം വീട്ടുന്ന തരത്തില്‍ സംസ്ഥാന സമ്മേളനം പൊലിപ്പിക്കാനാണ് തീരുമാനം. മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് വോളണ്ടിയര്‍മാര്‍, പ്രതിനിധികള്‍, കലാകാരന്മാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ പ്രൗഢി ഒട്ടും കുറയാതിരിക്കാനാണ് മറൈന്‍ ഡ്രൈവിലേക്ക് മാറ്റിയതെന്ന് സി.എന്‍ മോഹനന്‍ വ്യക്തമാക്കി.

കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിക്കുമെന്നും വന്‍ ജനക്കൂട്ടം തന്നെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും പറയാതെ പറഞ്ഞു വെക്കുകയാണ് സംഘാടക സമിതി.സംസ്ഥാന സമ്മേളനം ഡിജിറ്റലായി അഞ്ച് ലക്ഷം പേരിലേക്ക് എത്തിക്കുമെന്നാണ് സംഘാടക സമിതിയുടെ അവകാശവാദം. കോവിഡ് മാനദണ്ഡമനുസരിച്ച് അനുവദിക്കുന്നത്ര കസേരകള്‍ ആയിരിക്കും സമ്മേളനത്തിന് സജ്ജമാക്കുക എന്നുപറഞ്ഞ സി.പി.എം ജില്ലാ സെക്രട്ടറി കൂടുതല്‍ പേര്‍ എത്തിയാല്‍ സമ്മേളനത്തില്‍ നിന്നുകൊണ്ട് പങ്കെടുക്കുമെന്നും പറഞ്ഞു.

Test User: