X

ലീഗിനെച്ചൊല്ലി സി.പി.എം ബേജാറാകേണ്ട- എഡിറ്റോറിയല്‍

മുസ്‌ലിംലീഗ് വൈകാതെ യു.ഡി.എഫ് വിടുമെന്നും വന്നാലും ഇപ്പോഴൊന്നും ആ പാര്‍ട്ടിയെ ഇടതുമുന്നണിയിലേക്കെടുക്കില്ലെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ആ പാര്‍ട്ടിയുടെ ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വേളയില്‍ ഏറെ കൗതുകകരമായിരിക്കുന്നു. ഇത് പറയാന്‍ മാത്രം കേരളത്തിലോ രാജ്യത്തോ മുസ്‌ലിംലീഗുമായോ കോണ്‍ഗ്രസുമായോ ഐക്യജനാധിപത്യ മുന്നണിയുമായോ ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായോ എന്നാലോചിച്ച് തല പുകയ്ക്കുകയാണ് നാട്ടുകാരെല്ലാം. ഇടതുമുന്നണിയുടെയോ സി.പി.എമ്മിന്റെ തന്നെയോ മറ്റാരെങ്കിലും മുമ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയതായി അറിവില്ലാത്ത നിലയ്ക്ക് കോടിയേരിയുടെ പ്രസ്താവന എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിതാണ്: കേരളത്തിലാദ്യമായി തുടര്‍ഭരണം കിട്ടിയ നിലക്ക് പശ്ചിമ ബംഗാളിലേതുപോലെ ഇവിടെയും ആ അധികാരക്കുത്തക നിലനിര്‍ത്തുക. അതുവഴി സി.പി.എമ്മിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ അടിത്തറ വിപുലീകരിക്കുകയും കാലാകാലം ഭരണത്തിന്റെ സുഖസൗകര്യങ്ങളില്‍ ആറാടുകയും ചെയ്യാം.

സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ഹൈദരാബാദില്‍ നടന്ന കേന്ദ്ര സമിതി യോഗത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുചേരുന്നതിനെതിരെ കേരള ഘടകം ശക്തമായി രംഗത്തുവരികയും കരടു പ്രമേയത്തില്‍ ആയത് ഉള്‍പെടുത്തുകയും ചെയ്തിരുന്നു. എന്താണ് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ സി.പി.എമ്മിനെ ഇത്തരത്തിലൊരു മറുചിന്തയ്ക്ക് പ്രേരിപ്പിച്ചത്? കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ പരാജയപ്പെടുത്തണമെന്നായിരുന്നു തീരുമാനം. ഇതില്‍നിന്നുള്ള മാറ്റം കേരളത്തിലുള്‍പ്പെടെ വ്യക്തമായ വര്‍ഗീയ അജണ്ടയോടുകൂടിയുള്ളതാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. സി.പി.എം എറണാകുളം സംസ്ഥാന സമ്മേളനത്തിന്റെ കരടുരേഖയിലും പ്രവര്‍ത്തന റിപ്പോര്‍ട്ടിലും ബി.ജെ.പിയോടൊപ്പം കേരളത്തിലെ ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കണമെന്നാണ് എഴുതിവെച്ചിരിക്കുന്നത്. അതായത് ദേശീയ തലത്തില്‍നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ ന്യൂനപക്ഷ വര്‍ഗീയത പ്രത്യേകമായി രേഖയില്‍ എഴുന്നെള്ളിക്കപ്പെടുന്നു. ഇതിനര്‍ത്ഥം ബി.ജെ.പിയുടെ കാവിവര്‍ഗീയതയെ താലോലിക്കാന്‍ പാര്‍ട്ടി ചില പൊടിക്കൈകള്‍ നടത്തുമെന്നാണ്. എന്നാല്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യാജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാക്കുകളില്‍ ബി.ജെ.പിക്കെതിരെയും ആര്‍.എസ്.എസിനെതിരെയും കര്‍ശനമായ വിമര്‍ശനങ്ങളാണുള്ളത്. ഇതാണ് കേരളത്തിലെ സി.പി.എമ്മും അഖിലേന്ത്യാസി.പി.എം ഘടകവും തമ്മിലുള്ള വീക്ഷണാന്തരം. ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങളുമായുള്ള വിഷയങ്ങളില്‍ സി.പി.എം നേതൃത്വത്തിലുള്ള പിണറായി സര്‍ക്കാര്‍ അടുത്ത കാലത്തായി ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ആ അരികുവല്‍കരിക്കപ്പെട്ടതും പീഡിതരുമായ ജനതയെ ആക്ഷേപിക്കുന്ന തരത്തിലുള്ളനടപടികളാണെന്ന് ഏതൊരാള്‍ക്കും സുവ്യക്തമാണ്. 80:20 സ്‌കോളര്‍ഷിപ്പ് വിഷയത്തിലും വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിലും യു.എ.പി.എ, പൗരത്വ സമരത്തിനെതിരായ കേസുകള്‍ തുടങ്ങിയവയിലെല്ലാം ഇത് അക്ഷരംപ്രതി തെളിഞ്ഞുകിടക്കുന്നു. എന്നിട്ടാണ് ഇതിനെതിരായി സമരം ചെയ്യുന്ന സംഘടനകളെയടക്കം കുറ്റപ്പെടുത്തി അവര്‍ക്കുമേല്‍ ന്യൂനപക്ഷ വര്‍ഗീയതയുടെ മാറാപ്പ് ചുമത്തുന്നത്. മര്‍ദിതരോടൊപ്പം പോരാടുക എന്ന കമ്യൂണിസ്റ്റ് സിദ്ധാന്തത്തിനുതന്നെ എതിരാണിത്.

കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിലും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലുമെല്ലാം ന്യൂനപക്ഷങ്ങള്‍ കേരളത്തിലാരോടൊപ്പമായിരുന്നുവെന്ന് സി.പി.എമ്മിന് അവരുടെ കണക്കിലൂടെതന്നെ വ്യക്തമായിട്ടുണ്ടാകും. അവരിന്നും മുസ്്‌ലിംലീഗിനോടൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നതാണത്. അതാണ് മുസ്്‌ലിംലീഗിനെ ചാരിയുള്ള ഇപ്പോഴത്തെ അനാവശ്യ പ്രസ്താവങ്ങള്‍ക്ക് കാരണമെന്നറിയാതിരിക്കാന്‍ മാത്രം അജ്ഞതയൊന്നും ന്യൂനപക്ഷങ്ങള്‍ക്കില്ലല്ലോ. കോടിയേരിയുടെ ആഗ്രഹം മുസ്‌ലിംലീഗിനെക്കൂട്ടി വീണ്ടും തുടര്‍ഭരണം സാധ്യമാക്കാനാണെങ്കില്‍ അതിനുവെച്ച വെള്ളം വാങ്ങിവെക്കുന്നതാണ് നല്ലത്. മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.എം.എസലാം പറഞ്ഞതുപോലെ അധികാരമില്ലാഞ്ഞാല്‍ തകര്‍ന്നുപോകുക സി.പി.എമ്മാണ്, മുസ്്‌ലിംലീഗല്ലെന്ന് ബംഗാളും ത്രിപുരയും കേരളത്തിന്റെ ഏതാനും വര്‍ഷത്തെ തിരഞ്ഞെടുപ്പു ഫലങ്ങളും പരിശോധിച്ചാല്‍മതി. അല്ലാതെ അറയ്ക്കലെ ബീവിയെ കെട്ടാന്‍ അരസ്സമ്മതം എന്നു പറഞ്ഞ് നടക്കുകയല്ല വേണ്ടത്. 1985ല്‍ സി.പി.എം നേതാവ് എം.വി രാഘവന്‍ അവതരിപ്പിച്ച പാര്‍ട്ടി സമ്മേളനത്തിലെ അനുവദനീയമായ ‘ബദല്‍രേഖ’യില്‍ നിര്‍ദേശിച്ചത് മുസ്്‌ലിംലീഗിനെയടക്കം ചേര്‍ത്ത് സി.പി.എം അടിത്തറ വിപുലീകരിക്കണമെന്നായിരുന്നു. അതിനെ പിന്തുണച്ചവരില്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ വരെയുണ്ടായിരുന്നു. എന്നിട്ടും രാഘവനെമാത്രം പുറത്താക്കുകയാണ് നേതൃത്വം ചെയ്തത്. എന്നിട്ടോ മുസ്്‌ലിംലീഗില്‍നിന്ന് വേറിട്ടുവന്നവരെ സി.പി.എം ഓഫീസിലിരുത്തി ചായകൊടുത്ത് പാര്‍ട്ടിയുണ്ടാക്കിച്ചത് അതേ സി.പി.എമ്മാണ്. കേരള കോണ്‍ഗ്രസിനെ ഇപ്പോള്‍ കൂടെക്കൂട്ടിയിരിക്കുന്നതും 1987ല്‍ ഇ.എം.എസ് ‘വര്‍ഗീയ ശക്തികളു’മായി ഇനി കൂട്ടുകൂടില്ലെന്ന് പറഞ്ഞതിന് നേര്‍വിപരീതവും. ഇന്നും രാജ്യത്ത് ബി.ജെ.പിയെ നേരിടാന്‍ മതേതരത്വത്രാണിയും അടിത്തറയുമുള്ള പാര്‍ട്ടി കോണ്‍ഗ്രസാണെന്ന കേവല തിരിച്ചറിവുണ്ടാകാതെ അവരുടെയും മുസ്‌ലിംലീഗിന്റെയും പുറത്ത് കുതിരകയറാതെ സ്വന്തം ദിശയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുകയും അകം വൃത്തിയാക്കുകയാണ് സി.പി.എം ഇപ്പോള്‍ ചെയ്യേണ്ടത്.

Test User: