തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായ സി.പി.എം സെമിനാര്‍ ഇന്ന് നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് അറുതിയാകുന്നില്ല. സി.പി.ഐയുടെ അടക്കം പ്രമുഖര്‍ സെമിനാര്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ഏക സിവില്‍ കോഡിനെ മുസ്‌ലിം വിഷയമായി പരിമിതപ്പെടുത്തി ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമൊരുക്കാന്‍ ശ്രമിക്കുന്നു എന്നതാണ് സി.പി.എമ്മിനെതിരെ ഉയരുന്ന പ്രധാന ആക്ഷേപം. ഏക സിവില്‍കോഡിന് വേണ്ടി വാദിച്ച സി.പി.എം ആചാര്യന്മാരെ ഈ സെമിനാറിലെങ്കിലും പാര്‍ട്ടി നേതൃത്വം തിരുത്തുമോ എന്നാണ് കണ്ടറിയേണ്ടത്.
ഏക സിവില്‍ കോഡിനെതിരെ സി.പി.എം പ്രഖ്യാപിച്ച ആദ്യ പരിപാടിയാണ് ഇന്നത്തെ സെമിനാര്‍. സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന സെമിനാര്‍ ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയമാകേണ്ടതുണ്ട്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിക്കൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള സി.പി.എം കേരള ഘടകത്തിന്റെ നീക്കത്തോട് യെച്ചൂരി ഇനിയും പ്രതികരിച്ചിട്ടില്ല. ദേശീയതലത്തില്‍ മതേതരകക്ഷികള്‍ ഒരുമിച്ചുനിന്ന് കോണ്‍ഗ്രസ് നേതൃത്തില്‍ ഏക സിവില്‍കോഡിനെ എതിര്‍ക്കണമെന്ന വികാരമാണ് വിവിധ പാര്‍ട്ടികള്‍ പങ്കുവെക്കുന്നത്. എന്നാല്‍ കേരളം തുടക്കം കുറിക്കുന്ന പ്രതിഷേധ പരിപാടിയില്‍ സി.പി.ഐയെ പോലും ഒപ്പം നിര്‍ത്താന്‍ സി.പി.എമ്മിന് കഴിയുന്നില്ല. ബില്ലിന്റെ കരട് വരുന്നതിനുമുമ്പ് എന്താണിത്ര തിടുക്കമെന്ന ചോദ്യമാണ് സി.പി.ഐ ഉയര്‍ത്തുന്നത്. സി.പി.ഐയുടെ പ്രധാന നേതാക്കള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞാണ് പരിപാടി ബഹിഷ്‌കരിക്കുന്നത്. പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ കേരളത്തില്‍ തന്നെയുണ്ടായിട്ടും സെമിനാറില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.