X

മടക്കം അഭിമന്യുവിന്റെ മുഴുവന്‍ ഘാതകരെയും പിടികൂടുന്നത് കാണാനാവാതെ

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: ‘എസ്ഡിപിയെ പൊലീസിന് ഭയമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, ഈ പൊലീസ് സര്‍ക്കാരിന് ചീത്തപേരുണ്ടാക്കിയിരിക്കുന്നു. രാത്രി തന്നെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ 12 ദിവസമായിട്ടും പ്രതികളെ പിടിക്കാന്‍ സാധിച്ചിട്ടില്ല. ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്’-മഹാരാജാസില്‍ കഴിഞ്ഞ ജൂലൈയില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യു വധക്കേസിലെ അന്വേഷണത്തില്‍ തുടക്കം മുതല്‍ പൊലീസും അഭ്യന്തര വകുപ്പും അനാസ്ഥ  കാണിച്ചപ്പോള്‍ അന്തരിച്ച മുന്‍ എസ്എഫ്‌ഐ നേതാവും എംഎല്‍എയുമായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ പ്രതികരണമായിരുന്നു ഇത്.

കാമ്പസ് രാഷ്ട്രീയത്തിന്റെ ഇരയായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ വീട്ടിലെ നിത്യ സന്ദര്‍ശകരിലൊരാളായിരുന്നു അഭിമന്യു. എഴുത്തു കാര്യങ്ങളില്‍ അടക്കം സൈമണ്‍ ബ്രിട്ടോയെ അഭിമന്യു സഹായിക്കുകയും ചെയ്തിരുന്നു. സ്വന്തം മകനെ പോലെ കണ്ട അഭിമന്യുവിന്റെ വധക്കേസ് അന്വേഷണത്തില്‍ പൊലീസും സര്‍ക്കാരും പൂര്‍ണമായി പരാജയപ്പെട്ടപ്പോള്‍ താന്‍ വിശ്വസിച്ച സര്‍ക്കാരിനെതിരെ തന്നെ അദ്ദേഹത്തിന് പ്രതികരിക്കേണ്ടി വന്നു. അഭിമന്യുവിന് നീതി കിട്ടണമെന്നും കാമ്പസില്‍ ഇനി ഒരു ഇര കൂടി ഉണ്ടാവരുതെന്നും അതിലൂടെ അദ്ദേഹം അതിയായി ആഗ്രഹിച്ചു. പക്ഷേ കാമ്പസ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി സിപിഎമ്മും എസ്എഫ്‌ഐയും എപ്പോഴും ഉയര്‍ത്തി കാട്ടിയിരുന്ന സൈമണ്‍ ബ്രിട്ടോയുടെ ഈ പ്രതികരണം പാര്‍ട്ടിയും ഇടത് സര്‍ക്കാരും സൗകര്യപൂര്‍വം അവഗണിച്ചു.

കേസ് അന്വേഷണത്തില്‍ കാര്യമായി പുരോഗതിയുണ്ടായില്ല. പൊലീസിന്റെ അനാസ്ഥ ഇപ്പോഴും തുടരുന്നു. സംഭവം നടന്ന് അഞ്ചു മാസം പിന്നിടുമ്പോഴും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴോളം പ്രതികളെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാനായിട്ടില്ല. ഭരിക്കുന്നത് ഇടത് സര്‍ക്കാരായതിനാല്‍ അഭിമന്യുവിന്റെ മുഴുവന്‍ ഘാതകരെയും വേഗത്തില്‍ പിടികൂടുമെന്ന് സൈമണ്‍ ബ്രിട്ടോ പ്രതീക്ഷിച്ചിരുന്നു. ആ ആഗ്രഹം ബാക്കിയാക്കി, ശുഭ വാര്‍ത്തക്ക് ഇനിയും കാത്തിരിക്കാതെ അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു. അഭിമന്യുവിന് എല്ലാവരെയും സ്‌നേഹമായിരുന്നുവെന്നും എന്റെ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു അവനെന്നും അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ സൈമണ്‍ ബ്രിട്ടോ പ്രതികരിച്ചിരുന്നു. അഭിമന്യുവുമായി വൈകാരിക ബന്ധം സൂക്ഷിച്ച ബ്രിട്ടോയുടെ യാത്രാ വിവരണത്തിന്റെ കൂടുതല്‍ എഴുതിയിരുന്നതും അഭിമന്യുവായിരുന്നു.

കോളജ് കാമ്പസില്‍ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കഴിഞ്ഞ ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു (20) കൊല്ലപ്പെട്ടത്. 16 അംഗ കൊലപാതക സംഘത്തില്‍ നേരിട്ടു പങ്കെടുത്ത ഏഴു പ്രതികളാണ് ഇപ്പോഴും ഒളിവില്‍ തുടരുന്നത്. കേസില്‍ മുഴുവന്‍ പ്രതികളെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും വിചാരണക്കായി പ്രത്യേക കോടതി രൂപീകരിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും സിപിഎം എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയും വെളിപ്പെടുത്തിയിരുന്നു.

chandrika: