പട്ടിക ജാതിക്കാരന് പ്രവേശനമില്ലാത്ത രണ്ട് പദവികള്‍ ആര്‍എസ്എസ് സര്‍സംഘചാലക സ്ഥാനവും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനവുമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. നിയമസഭയില്‍ വെച്ചാണ് രാഹുല്‍ ഈ പ്രസ്താവന നടത്തിയത്. എം.വി ഗോവിന്ദന്‍ എകെജി സെന്ററിനെ ക്ലിഫ് ഹൗസ് പാന്‍ട്രിയാക്കരുതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ കുറിച്ചും രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ പരാമര്‍ശിച്ചു. നവീനെ കൊന്നു കളഞ്ഞതാണെന്ന് പറഞ്ഞാണ് മരണത്തിലേക്ക് നയിച്ച കാര്യങ്ങള്‍ രാഹുല്‍ നിയമസഭയില്‍ ഉന്നയിച്ചത്. എന്നാല്‍ പ്രസംഗത്തിനിടെ രാഹുലിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്യുകയാണ് ഉണ്ടായത്. സമയം കഴിഞ്ഞെന്ന് പറഞ്ഞ് സ്പീക്കറുടെ ചെയറില്‍ ഉണ്ടായിരുന്ന സി.കെ. ഹരീന്ദ്രന്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.
പ്രതിപക്ഷം ഗുണ്ടായിസം കാണിക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞതോടെ പ്രതിപക്ഷത്തെ അപമാനിക്കുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. മന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍ ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് സഭാ രേഖകളില്‍ നിന്ന് മന്ത്രിയുടെ പരാമര്‍ശം നീക്കി.