തിരുവനന്തപുരം: ശ്രീ എം എന്ന സ്വാമിക്ക് തിരുവനന്തപുരത്ത് ആക്കുളത്ത് നാലേക്കര്‍ സ്ഥലം നല്‍കിയ സര്‍ക്കാരിന്റെ നടപടിക്കെതിരെ യു.ഡി.എഫ്. സര്‍ക്കാര്‍ നടപടി നിഗൂഡതകള്‍ നിറഞ്ഞതാണെന്ന് വിലയിരുത്തിയ യു.ഡി.എഎഫ് നേതൃയോഗം, സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള രഹസ്യ ബാന്ധവം വഴി തുറന്നതിനുള്ള ഉപകാരസ്മരണയാണിതെന്ന് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തൊരുകാര്യമാണിതെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച യു.ഡി.എഫ് ചെയര്‍മാന്‍കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണ ഗതിയില്‍ എസ്റ്റാബ്ഷിഡ് ആയ സ്ഥാപനങ്ങള്‍ക്കും നേരത്തെ ഇവിടെ പ്രവര്‍ത്തിക്കുകയോ സമൂഹത്തിന് എന്തെങ്കിലും സംഭാവനകള്‍ ചെയ്യുകയോ ചെയ്ത സ്ഥാപനങ്ങള്‍ക്കുമാണ് ഭൂമി നല്‍കുക. അത്തരത്തിലുള്ള സ്ഥാപനമല്ല ശ്രീ എമ്മിന്റേത്. സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഈ സ്വാമിജിയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആ വാര്‍ത്തകള്‍ സി.പി.എം കേന്ദ്രങ്ങള്‍ തന്നെ പൂര്‍ണ്ണമായും ശരിവയ്കുകയാണ്.
കേരളത്തില്‍ ആര്‍.എസ്.എസും സി.പി.എമ്മും തമ്മിലുള്ള രഹസ്യ ബന്ധമാണ് ഇതിലൂടെ മറനീക്കി പുറത്ത് വന്നിരിക്കുന്നത്. ശ്രീ എം എന്ന സ്വാമിജിയുടെ മധ്യസ്ഥതയില്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ച ആര്‍.എസ്.എസും സി.പി.എമ്മും തമ്മില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നിരുന്നോ എന്നും എന്ത് ബന്ധമാണ് ശ്രീ എമ്മുമായി ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തില്‍ ആര്‍.എസ്.എസും സി.പി.എമ്മും തമ്മിലുള്ള അന്തര്‍ധാര വളര്‍ന്ന് വരുന്നു എന്ന് യു.ഡി.എഫ് ചൂണ്ടിക്കാണിച്ചപ്പോള്‍ ഇതുവരെ നിഷേധിക്കാന്‍ സി.പി.എം നേതൃത്വം തയ്യാറായിരുന്നില്ല.
സി.പി.എമ്മിന്റെ പ്രമുഖരായ നേതാക്കള്‍ തന്നെ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സി.പി.എം-ആര്‍ എസ്.എസ് ചര്‍ച്ച നടന്നത് ശരിവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളയിലുള്ള സി.പി.എം-ആര്‍.എസ്.എസ് ബാന്ധവത്തിനെതിരെ ജനങ്ങള്‍ ജാഗരൂഗരായിരിക്കണം. ഇത്തരമൊരു അന്തര്‍ധാര വളര്‍ന്നു വരുന്നു എന്നതില്‍ യു.ഡി.എഫ് പ്രകടിപ്പിച്ച ആശങ്ക ശരിയാണ് എന്നാണ് ഇതിലൂടെ തെളിയുന്നത്. ഈ കൂട്ടുകെട്ട് കേരളത്തിന് വളരെ അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.