X

ബിനോയ് വിശ്വത്തെ തള്ളി സിപിഎം;പിന്തുണയുമായി സിപിഐ

ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ്സാണെന്നും ഇടതുപക്ഷത്തിന് അതിനുള്ള കെല്‍പില്ലെന്നുമുള്ള സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ഇത്തരത്തിലുള്ള പ്രസംഗങ്ങള്‍ നടത്തുന്നത് കോണ്‍ഗ്രസിനെ സഹായിക്കുമെന്നും കോണ്‍ഗ്രസിന് അനുകൂല നിലപാടുകള്‍ പ്രസംഗിക്കുന്നത് ഇടതുപക്ഷ മുന്നേറ്റത്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിന് കഴിയില്ലെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് തകര്‍ന്നുപോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. കോണ്‍ഗ്രസ് തകര്‍ന്നാല്‍ അവിടെ സംഘപരിവാര്‍ സംഘടനകള്‍ ശക്തിപ്പെട്ടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും പാര്‍ട്ടി മുഖപത്രവും ബിനോയ് വിശ്വത്തിന് പിന്തുണയുമായി രംഗത്തെത്തി. ഏറെയും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടങ്ങിയ സദസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് ഉയര്‍ത്തിയ വിമര്‍ശനാത്മക പരാമര്‍ശം ആ പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തില്‍ അവലംബിക്കേണ്ട നിലപാട് സംബന്ധിച്ച സി.പി.ഐയുടെ സുചിന്തിതമായ കാഴ്ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് പത്രത്തിലെ എഡിറ്റോറിയല്‍ വ്യക്തമാക്കി. രാജ്യത്തിന്റെ മതനിരപേക്ഷത, പാര്‍ലമെന്ററി ജനാധിപത്യം, ഭരണഘടന മൂല്യങ്ങളും നിയമവാഴ്ചയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന, അതിനുവേണ്ടി നിലകൊള്ളുന്ന, ഒരു രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല നിഷ്പക്ഷമതികള്‍പോലും പരക്കെ അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും പത്രം പറഞ്ഞു.

 

 

 

 

Test User: