തൃശൂര്‍: സിപിഐ നേതാവ് വി.എസ് സുനില്‍കുമാറിന്റെ ആരോപണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മേയര്‍ എം.കെ വര്‍ഗീസ്. ക്രിസ്തുമസിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ വസതിയിലെത്തി കേക്ക് നല്‍കിയതില്‍ വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചിരുന്നു. മേയര്‍ക്ക് ചോറിവിടെയും കൂറവിടെയുമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞിരുന്നു.
‘ക്രിസ്മസ് ദിവസം സ്നേഹം പങ്കിടാന്‍ ഒരു കേക്കുമായി വന്നാല്‍ വീട്ടിനകത്തേക്ക് കയറരുതെന്ന് പറയുന്ന ഒരാളല്ല താന്‍. എല്ലാവര്‍ക്കും കേക്ക് രാഷ്ട്രീയ മത ഭേദമന്യെ കൊടുക്കുന്നയാളാണ് താന്‍. സുനില്‍ കുമാര്‍ എംപി ആയിരുന്നെങ്കില്‍ ബിജെപി കേക്ക് കൊടുത്താല്‍ അത് വാങ്ങിക്കുമായിരുന്നില്ലെ.ഒരു കേക്ക് തന്നാല്‍ താന്‍ ആ പാര്‍ട്ടിക്കൊപ്പം പോയെന്ന് കരുതുന്നത് എന്തിനാണ്. താന്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന ആളാണ്. സുനില്‍ കുമാറിന് ചുമതലകളില്ല എന്തും പറയാം, പക്ഷെ താന്‍ ഒറു ചട്ടക്കൂടിനകത്തുള്ള ആളാണ്.
സുരേഷ് ഗോപി തെരഞ്ഞെടുപ്പ് സമയത്ത് വന്നപ്പോള്‍ ഒരു ചായ കൊടുത്തത് തെറ്റാണോ. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സുനില്‍ കുമാര്‍ തന്റെയടുത്തേക്ക് വന്നില്ല, ആകെ വന്നത് സുരേഷ് ഗോപി ആണ്. ഇത് ഒരു തെറ്റായി തനിക്ക് തോന്നിയിട്ടില്ല.താന്‍ ബിജെപിയുടെ കൂടെ പ്രചാരണത്തിന് പോയിട്ടുണ്ടെങ്കില്‍ തെളിയിക്കണം. താന്‍ ഇടതുപക്ഷത്തിന്റെ കൂടെയാണ് അങ്ങനെ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും’ മേയര്‍ എം.കെ വര്‍ഗീസ് പറഞ്ഞു.
ഇതിനിടെ സിപിഐയുടെ വാദം തള്ളി സിപിഎമ്മും രംഗത്തെത്തി. മേയര്‍ക്ക് ചാഞ്ചാട്ടം ഉള്ളതായി തോന്നിയിട്ടില്ലെന്ന് പറഞ്ഞ് സിപിഐയെ
തള്ളി സിപിഎം വികസന കമ്മിറ്റി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞത്. ബിജെപിയുടേത് വിഭജനത്തിന്റെ രാഷ്ട്രീയമാണ്. അത് കേരളത്തിനകത്ത് വിലപ്പോയിട്ടില്ല. അതിനുള്ള തന്ത്രം അവര്‍ പയറ്റുമെന്നും വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. കേക്ക് കൊണ്ടുപോവും അത് അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മേയറെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ മേയര്‍ക്ക് ചാഞ്ചാട്ടം ഉള്ളതായി തോന്നിയിട്ടില്ല. എന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.