ജീവിതം മുഴുവന്‍ പ്രവര്‍ത്തനത്തിനായി സമര്‍പ്പിച്ചിട്ടും പാര്‍ട്ടി ഞങ്ങളെ കൈവിട്ടു, കെ റെയില്‍ വന്നാല്‍ വീടും സ്വത്തുക്കളും നഷ്ടമാകുന്ന സി.പി. എം പ്രവര്‍ത്തകരുടെ നിരാശയില്‍ കുതിര്‍ന്ന പൊതുവെയുള്ള പ്രതികരണമാണിത്. കെ റെയില്‍ കടന്നു പോകുന്ന പ്രദേശങ്ങളിലെല്ലാം സമര സമിതിയില്‍ നല്ല ശതമാനം സി.പി.എം പ്രവര്‍ത്തകര്‍ അണിനിരന്നിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാര്‍ക്ക് താഴെയുളള പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ സജീവമാണ്. ചില പ്രദേശങ്ങളില്‍ വീട് നഷ്ടപ്പെടുന്നതില്‍ തൊണ്ണൂറ് ശതമാനവും സി.പി.എം പ്രവര്‍ത്തകരുടേതാണ്. വടകര ചോറോട് പ്രദേശത്ത് 58 വീടുകളാണ് പൊളിച്ചു നീക്കേണ്ടി വരിക. ഇതില്‍ അമ്പതിലധികവും സി.പി.എമ്മിന്റെ പ്രവര്‍ത്തകരോ അനുഭാവികളോ ആയവരുടേതാണ്.
സി.പി.എം സമ്മേളനങ്ങളില്‍ കെ റെയില്‍ വിഷയം വലിയ ചര്‍ച്ചയാവുകയുണ്ടായി. വീടും സ്വത്തും നഷ്ടപ്പെടുന്ന പ്രവര്‍ത്തകരില്‍ പലരും സമ്മേളനത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. പങ്കെടുത്ത പ്രവര്‍ത്തകരുടെ ആശങ്കയകറ്റുന്ന തരത്തിലുള്ള മറുപടി സമ്മേളനങ്ങളില്‍ നേതൃത്വത്തിന് നല്‍കാനുമായില്ല. കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ‘കെ റെയില്‍ നേരും നുണയും’ എന്ന പേരില്‍ ഇന്ന് കാട്ടില്‍പീടികയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. ജില്ലയില്‍ കെ റെയില്‍ വിരുദ്ധ സമരം ശക്തമായി നിലിനില്‍ക്കുന്ന പ്രദേശമാണ് കാട്ടില്‍പീടിക. പാര്‍ട്ടി പ്രവര്‍ത്തകരെ പാട്ടിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
അതേസമയം നേതൃത്വം കെ റെയിലുമായി മുന്നോട്ടു പോകുമെന്ന് പറയുമ്പോഴും വലിയൊരു പ്രവര്‍ത്തകരുടെ വികാരത്തെ വ്രണപ്പെടുത്തി എങ്ങനെ മുന്നോട്ടു പോകുമെന്ന ചോദ്യം ഉയരുന്നുണ്ട്. പദ്ധതി പ്രദേശത്തെ ഒരു കുടുംബം പോലും കെ റെയിലിന് അനുകൂലമായി പ്രതികരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ എന്തിനാണ് ദുരൂഹമായ താല്‍പര്യത്തിന്റെ പുറത്ത് ഉരുക്കു മുഷ്ടിയുമായി എല്‍.ഡി.എഫ് മുന്നോട്ട് പോകുന്നതെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ തന്നെ ചോദിക്കുന്നത്. പദ്ധതിയുടെ മറവില്‍ വന്‍ തോതില്‍ ഇടപാടുകള്‍ ഭരണവുമായി ബന്ധപ്പെട്ടവര്‍ നടത്തിയതായി ആക്ഷേങ്ങള്‍ ഉയരുന്നുണ്ട്. കെ റെയിലില്‍ നിന്ന് പിന്നോട്ടു പോകാത്തത് ഇക്കാരണത്താലാണെന്ന് മുന്നണിയിലും അടക്കം പറച്ചിലുണ്ട്.
എതിര്‍ത്ത് സി.പി.ഐ സാംസ്‌കാരിക സംഘടനയും
കോഴിക്കോട്: കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനം തകിടം മറിച്ചും ഭീമമായ കടബാധ്യത വരുത്തിവെച്ചും അതിവേഗ റെയില്‍പാത നിര്‍മിക്കുന്നതിനു പകരം ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കണമെന്ന് സി.പി.ഐ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍.
വികസനം എന്നാല്‍ കടം പേറലാണെന്ന് ആരാണ് ഭരണകൂടത്തെ പഠിപ്പിച്ചതെന്ന് കവി പി.കെ ഗോപി ഉദ്ഘാടന പ്രസംഗത്തില്‍ ചോദിച്ചു. മലകള്‍ ഇടിച്ചും പാറകള്‍ തകര്‍ത്തും കോടികള്‍ പൊടിച്ചു കൊണ്ട് ഉണ്ടാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെക്കൊണ്ടുള്ള നേട്ടം ആര്‍ക്കാണ്. നിലവിലുള്ള റെയില്‍വേ ലൈന്‍ പരിഷ്‌ക്കരിച്ചുകൊണ്ട് കാര്യങ്ങള്‍ മെച്ചപ്പെടുത്താമെന്നിരിക്കെ എന്തിന് വേണ്ടിയാണ് പ്രകൃതിക്കുമേലുള്ള ഈ കടന്നുകയറ്റമെന്നും പി.കെ ഗോപി പറഞ്ഞു.
എല്ലാ മനുഷ്യരുടെയും ജീവിതം സുരക്ഷിതമാക്കുന്നതാണ് വികസനമെന്ന് മുഖ്യപ്രഭാഷണം നടത്തിയ യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം സതീശന്‍ പറഞ്ഞു. ശരിയായ നിലപാടെടുക്കുന്നവര്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെങ്കിലും മനുഷ്യസമൂഹം പിന്നീട് ആ നിലപാട് അംഗീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.