ന്യുഡല്‍ഹി: ഇന്ത്യയെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവാണ് രാഹുല്‍ഗാന്ധിയെ സി.പി.ഐ.എം പിബി അംഗം മുഹമ്മദ് സലീം. ഡല്‍ഹിയില്‍ കെഎംസിസി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ പരിപാടിയിലായിരുന്നു രാഹുലിനെ പുകഴ്ത്തികൊണ്ടുള്ള സി.പി.എം നേതാവിന്റെ പ്രസംഗം. കോണ്‍ഗ്രസ്സുമായുള്ള ബന്ധം സംബന്ധിച്ച് സിപിഎമ്മില്‍ ഭിന്നാഭിപ്രായവും ആഭ്യന്തര കലഹവും രൂക്ഷമായി തുടരുന്നതിനിടെയാണ് ബംഗാളില്‍ നിന്നുള്ള പിബി അംഗം മുഹമ്മദ് സലീം കോണ്‍ഗ്രസ്സ് അധ്യക്ഷനെ പരസ്യമായി പുകഴ്ത്തിയത്.
കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമാണ് രാഹുല്‍ ഗാന്ധി. അത് ഉടന്‍ ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാകും’ എന്നും മുഹമ്മദ് സലിം പറഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണെന്നും മുമ്പ് നമ്മള്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെങ്കില്‍ ഇപ്പോള്‍ എന്തു കഴിക്കണമെന്നത് ഭരണകര്‍ത്താക്കള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മറ്റുള്ളവര്‍ക്കായി സ്വയം സമര്‍പ്പിച്ച രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു ഇ അഹമ്മദ് എന്ന് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.
കേന്ദ്ര മന്ത്രിയും മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ അഹമ്മദിന്റെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഡല്‍ഹി കെഎംസിസി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സലീം. ഇ അഹമ്മദിന്റെ സമര്‍പ്പണ ബോധത്തെ ചടങ്ങില്‍ രാഹുല്‍ ഗാന്ധി സ്മരിച്ചു.
മുസ്്‌ലിമായതിന്റെ പേരില്‍ രാജ്യത്ത് ദേശീയത ചോദ്യം ചെയ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ചടങ്ങില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. പ്രതിപക്ഷ കക്ഷി നേതാക്കളുടെ സംഗമവേദി കൂടിയായിരുന്നു ചടങ്ങ്. എ കെ ആന്റണി, ശശി തരൂര്‍, ഡി രാജ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.