ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാണം കെട്ട തോല്‍വി ഏറ്റു വാങ്ങേണ്ടി വന്ന സാഹചര്യം പരിശോധിക്കാന്‍ സി.പി.എം പൊളിറ്റ്ബ്യൂറോ യോഗം ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ ചേരും. കേരളത്തില്‍ സി.പി.എം ഒരു സീറ്റില്‍ മാത്രം ഒതുങ്ങിപ്പോയതും പശ്ചിമബംഗാളില്‍ ഒറ്റ സീറ്റ് പോലും ലഭിക്കാതെ പോയതിനെ പറ്റിയും യോഗം വിലയിരുത്തും.
പതിനേഴാം ലോക്‌സഭയില്‍ പശ്ചിമബംഗാളില്‍ നിന്ന് ഒരാള്‍ പോലും ഇല്ല. കേരളത്തിലെ ആലപ്പുഴയില്‍ നിന്ന് ഒരു സീറ്റും തമിഴ്‌നാട്ടില്‍ നിന്ന് രണ്ടു സീറ്റും മാത്രമാണ് സി.പി.എം ജയിച്ചത്. പശ്ചിമ ബംഗാളില്‍ സീറ്റുകള്‍ ഒന്നും കിട്ടിയില്ല എന്നതിനു പുറമെ സിറ്റിങ് സീറ്റുകളില്‍ പോലും പാര്‍ട്ടി നാലാം സ്ഥാനത്തായി. കേരളത്തില്‍ പാര്‍ട്ടിക്ക് അനുകൂല സാഹചര്യമുണ്ടായിട്ടു പോലും വലിയ പരാജയം ഏറ്റു വാങ്ങേണ്ടി വന്ന സാഹചര്യവും പരിശോധിക്കും.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കൈകൊണ്ട തീരുമാനങ്ങളും ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടും പരാജയ കാരണമായിട്ടുണ്ടോ എന്നും ചര്‍ച്ച ചെയ്ത് വിലയിരുത്തും. ജൂണ്‍ ആദ്യ വാരത്തില്‍ കേന്ദ്ര കമ്മിറ്റി യോഗവും ചേരുന്നുണ്ട്.