സ്വന്തം ശോഷണം തിരിച്ചറിയാന്‍ സി.പി. എം ഇനി വൈകരുത്. രാജ്യത്ത് ഭരണവും സ്വാധീനവും അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണെന്ന യാഥാര്‍ഥ്യബോധം ഇല്ലാതെ പേകരുത്. കേരളമാകട്ടെ ഒരിക്കലും സി.പി.എമ്മിനോട് നിരുപാധികമായ പ്രതിബദ്ധത പുലര്‍ത്തിയിട്ടുമില്ല. 33 വര്‍ഷം കൈയിലുണ്ടായിരുന്ന ബംഗാളില്‍ തിരിച്ചുവരവിന്റെ വിദൂരസൂചനകള്‍ പോലും ഇന്നില്ലാതായിരിക്കുന്നു. അവിടെ പഴിചാരാന് ബി.ജെ.പിയുടെ വിഭാഗീയ രാഷ്ട്രീയവുമുണ്ടായിരുന്നില്ല. സി.പി.എമ്മിന്റെ ബി.ജെ.പി പ്രതിരോധത്തിന്റെ നേര്‍ക്കാഴ്ചയാണ് ഇന്ന് ത്രിപുര. മണിക് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി കമ്യൂണിസ്റ്റ് രാഷ്ട്രീയത്തോട് പറയുന്നത് കാലത്തെ മനസിലാക്കുന്നതില്‍ ഈ രാഷ്ട്രീയം തോറ്റിരിക്കുന്നു എന്നാണ്. വ്യക്തിശുദ്ധിയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പോലും സമാനതകളില്ലാത്ത മണിക് സര്‍ക്കാരിന്റെ ത്രിപുരയില്‍ ഈ മട്ടില്‍ തോറ്റുവെങ്കില്‍ അപായം തോല്‍വിയുടെ ആഘാതത്തിന്റെ പതിന്മടങ്ങാണ്.
കഴിഞ്ഞ തവണ 60ല്‍ 49 സീറ്റ് നേടി അധികാരത്തില്‍ വന്ന മണിക് സര്‍ക്കാര്‍ ഇത്തവണ 16 ലേക്ക് പതിച്ച് പ്രതിപക്ഷത്തേക്കൊതുങ്ങിയത് മുമ്പൊരിക്കലും ഒരൊറ്റ സീറ്റു പോലും നേടിയ ചരിത്രമില്ലാത്ത ബി.ജെ.പിക്കു മുന്നിലാണ്. 57 സ്വീറ്റില്‍ മത്സരിച്ച സി.പി.എമ്മിന് 16 എണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. 2019 ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ത്രിപുരയിലെ ആകെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളായ ത്രിപുര വെസ്റ്റും ത്രിപുര ഈസ്റ്റും സി.പി.എമ്മിന് നഷ്ടപ്പെട്ടു. ബി.ജെ.പിയാണ് രണ്ടിലും ജയിച്ചത്. 2014 ലോക്‌സഭാതിരഞ്ഞെടുപ്പില്‍ 64 ശതമാനം വോട്ട് നേടിയ സി.പി.എം 17.31 ശതമാനത്തില്‍ ഒതുങ്ങി. 25.34 ശതമാനത്തോടെ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
2021ല്‍ 334 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 329 സീറ്റും ബി.ജെ.പി പിടിച്ചപ്പോള്‍ സി.പി.എമ്മിന് മൂന്ന് സീറ്റാണ് കിട്ടിയത്. തൃണമൂല്‍ ഒരു സീറ്റു നേടി. അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പറേഷനിലെ 51 വാര്‍ഡുകളില്‍ 51 ഉം ബി.ജെ.പി പിടിക്കുകയാണുണ്ടായത്. എന്നിട്ടും ബി.ജെ.പി പ്രതിരോധത്തിന്റെ അവകാശവാദത്തിലൂടെ സി.പി.എം സ്വയം അപഹാസ്യരാവരുത്. തോറ്റത് മണിക് സര്‍ക്കാരല്ല, സി.പി.എമ്മാണ്. ഭരണത്തലവന്റെ ലാളിത്യവും കറുത്ത പാടുകളില്ലാത്ത ഭരണവും അഴിമതി വിരുദ്ധതയുമൊന്നും ബി.ജെ.പിയുടെ തന്ത്രപരമായ നീക്കത്തിനു മുന്നില്‍ തുണയായില്ലെങ്കില്‍, മറുപടി പറയേണ്ടത് സി.പി.എമ്മിന്റെ രാഷ്ട്രീയ സമീപനം തന്നെയാണ്. ന്യായീകരിക്കാന്‍ കാരണങ്ങള്‍ തെരഞ്ഞ് കണ്ടെത്തുന്നതിന്പകരം യാഥാര്‍ഥ്യത്തെ തിരിച്ചറിയണം.
കോണ്‍ഗ്രസിന് എന്തു സംഭവിക്കുന്നുവെന്നല്ല ത്രിപുര പറഞ്ഞത്. ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് ചുവപ്പ് മാഞ്ഞു മാഞ്ഞ് ഇങ്ങേയറ്റം കേരളത്തിലെ ചെറിയ വട്ടത്തിലേക്കൊതുങ്ങിയിരിക്കുന്നുവെന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസിനെയുമല്ല പേടിപ്പിക്കേണ്ടത്. പിണറായിക്കും പ്രകാശ് കാരാട്ടിനും വ്യക്തതയുണ്ട്. കോടിയേരിക്കും കേരളാഘടകത്തിലെ എല്ലാ നേതാക്കള്‍ക്കും വ്യക്തതയുണ്ട്. ഒരേയൊരു കാര്യത്തില്‍, ഒരു കാരണവശാലും കോണ്‍ഗ്രസിനെ അടുപ്പിക്കാനാകില്ല. അതിനേക്കാള്‍ പ്രധാനമായ ഒരു ചോദ്യത്തിനു പക്ഷേ വ്യക്തമായ, വിശ്വസനീയമായ മറുപടിയുണ്ടോ? ഈ നേതാക്കള്‍ക്ക് പകരമായി ഏതു ബദലിന്റെ ആത്മവിശ്വാസമാണ് ഇനി സി.പി.എം എന്ന പാര്‍ട്ടിയെ നയിക്കേണ്ടത്. സീതാറാം യെച്ചൂരി, പറയാതെ പറഞ്ഞതുപോലെ സി.പി.എം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരളയല്ല. ആ മുന്നറിപ്പിന്റെ അര്‍ഥവും ആഴവും സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇനിയും പുച്ഛിച്ചുതള്ളുകയാണ്. പക്ഷേ മറ്റൊരര്‍ഥത്തില്‍ യെച്ചൂരിയുടെ പരിഹാസം ശരിയായി വരുന്നു. ദേശീയ പാര്‍ട്ടിയെന്ന മേല്‍വിലാസം ഭീഷണിയിലായി. ഈ പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരളയാണ്. അധികാരം നോക്കിയല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തിയെന്നൊക്കെ ഇനിയും പറയാം. പക്ഷേ ദേശീയ രാഷ്ട്രീയത്തില്‍ തങ്ങളെവിടെ നില്‍ക്കുന്നുവെന്ന് സി.പി. എം ആഴത്തില്‍ മനസ്സിലാക്കണം.
ഞങ്ങളുള്ളിടത്ത് ബി.ജെ.പി വളരില്ലെന്ന അക്രോശങ്ങള്‍ക്ക് മുന്നില്‍ ത്രിപുര ചോദ്യചിഹ്നമായത് വലിയ പാഠമാണ്. തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തിലല്ല രാഷ്ട്രീയ നയനിലപാടെന്നു ഇനിയും വിശദമായി വിസ്തരിക്കാം. പക്ഷേ എന്താണ് ഇടതുപക്ഷത്തിന്റെ പ്രസക്തി എന്ന ചോദ്യത്തിന് ഏതു സംസ്ഥാനത്തെ ചൂണ്ടിയാണ് ഇനി നിങ്ങള്‍ ഉത്തരം പറയുക? ഇടതുരാഷ്ട്രീയം ശരിയാണെന്ന് തെളിയിക്കാന്‍ അധികാരത്തിന്റെ പ്രാധാന്യം തള്ളിക്കളഞ്ഞുകൊണ്ട്, ഏതു വഴി എത്ര ദൂരം സി.പി.എമ്മിനു മുന്നോട്ടുപോകാനാകും?