തൊഴിലാളി-നിസ്വവര്‍ഗപ്രത്യയശാസ്ത്രം വാനോളം ഉദ്‌ഘോഷിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) കക്ഷി അരുംകൊലകളുടെയും സ്ത്രീ പീഡനങ്ങളുടെയും മാഫിയാപ്രസ്ഥാനമായി രൂപം മാറിക്കഴിഞ്ഞോ? കൊലപാതകികളുടെയും ഗുണ്ടാമാഫിയസംഘങ്ങളുടെയും ഒളികേന്ദ്രങ്ങളായി മാറിയെന്ന് ആക്ഷേപം നേരിടുന്ന സി.പി.എമ്മിന്റെ ആശയസംവാദ രൂപീകരണ കേന്ദ്രങ്ങളില്‍നിന്നാണ് സാംസ്‌കാരിക കൈരളിക്ക് സ്ത്രീ പീഡനങ്ങളുടെ കദനകഥകള്‍കൂടി കേട്ട് കാതും മൂക്കും പൊത്തേണ്ടിവന്നിരിക്കുന്നത്. കണ്ണൂരിലെയും കാസര്‍കോട്ടെയും കോഴിക്കോട്ടെയും പാര്‍ട്ടി ഓഫീസുകളില്‍നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വടിവാളുകളുടെ ചിലമ്പലുകള്‍ക്കപ്പുറം പാലക്കാട്ടെയും തൃശൂരിലെയും കണ്ണൂരിലെയും എറണാകുളത്തെയും പാര്‍ട്ടി ഓഫീസുകളില്‍നിന്നുയര്‍ന്നിരിക്കുന്നത് പാതിവ്രത്യം നഷ്ടപ്പെട്ട പെണ്‍കുട്ടികളുടെയും യുവതികളുടെയും ദീനരോദനങ്ങളായിരിക്കുന്നു.
പാലക്കാട് മങ്കര പൊലീസ്‌സ്റ്റേഷന്‍ പരിധിയിലെ മണ്ണൂരില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് ഉച്ചക്ക് കാണപ്പെട്ട ചോരക്കുഞ്ഞിന്റെ ചിതലരിക്കപ്പെട്ട ജഢമാണ് പുതിയ ചോദ്യമുനകളിലേക്ക് ഒരിക്കല്‍കൂടി സി.പി.എമ്മിനെ മൂക്കുകുത്തിച്ചിരിക്കുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന എസ്.എഫ്.ഐക്കാരിയായ പെണ്‍കുട്ടി കോളജ് മാഗസിനുവേണ്ടി പരസ്യത്തിന് സി.പി.എമ്മിന്റെ യുവ നേതാവിനെ സമീപിച്ചതിനെതുടര്‍ന്ന് അയാളാല്‍ പീഡിപ്പിക്കപ്പെട്ട് പ്രസവിക്കപ്പെട്ട കുഞ്ഞിനെയാണ് മങ്കരയില്‍ കണ്ടെടുത്തത്. പെണ്‍കുട്ടിയെ ചോദ്യംചെയ്തതില്‍ പാര്‍ട്ടി അംഗമായ ചെര്‍പ്പുളശേരി പുത്തനാലായ്ക്കല്‍ തട്ടാരുതൊടിയില്‍ പ്രകാശ് (29) ചെര്‍പ്പുളശേരി ഏരിയാകമ്മിറ്റി ഓഫീസില്‍വെച്ച് 2018 ജൂണില്‍ തന്നെ പീഡിപ്പിച്ചതായും അതുവഴി ജനിച്ച കുഞ്ഞിനെ അപമാന ഭയത്താല്‍ ഉപേക്ഷിക്കുകയാണെന്നുമാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. സംഭവത്തില്‍ പെണ്‍കുട്ടിക്കും രക്ഷിതാക്കള്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാര്‍ത്തകളെതുടര്‍ന്ന് പ്രകാശനെതിരെ അഞ്ചു ദിവസം വൈകി കേസെടുത്തതല്ലാതെ ഇതുവരെയും അറസ്റ്റു ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. രാജ്യത്തെ നിയമ സംവിധാനത്തെ അപഹസിക്കുകയാണ് സി.പി.എമ്മും സര്‍ക്കാരും ഇതിലൂടെ.
പാര്‍ട്ടിയുമായി പ്രതിക്ക് ബന്ധമില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് സി.പി.എം പൊതുജനത്തിന് നല്‍കിയിരിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് പൊലീസിന്റെ കൈകള്‍ വീണ്ടും കെട്ടിയിടപ്പെട്ടിരിക്കുന്നുവെന്നുതന്നെയാണ്. പാര്‍ട്ടി അംഗമല്ലാത്തയാള്‍ എങ്ങനെയാണ് പാര്‍ട്ടി ഏരിയാകമ്മിറ്റി ഓഫീസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് വിശ്വാസ്യയോഗ്യമായ ഉത്തരംനല്‍കാന്‍ ഇതുവരെയും സി.പി.എം നേതൃത്വത്തിന ്കഴിഞ്ഞിട്ടില്ല. സ്ത്രീ സുരക്ഷയെക്കുറിച്ചും അവരുടെ ഭരണ-ഉദ്യോഗ തലങ്ങളിലെ പ്രാതിനിധ്യത്തെക്കുറിച്ചുമൊക്കെ വാതോരാതെ പ്രസംഗിച്ചുനടക്കുന്ന സി.പി.എമ്മിന് ഈതെരഞ്ഞെടുപ്പുവേളയില്‍ കിട്ടിയിരിക്കുന്ന വല്ലാത്ത പ്രഹരമാണ് ചെര്‍പ്പുളശേരി പീഡനം. സ്ഥലംഎം.പിയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായ എം.ബി രാജേഷും സംസ്ഥാന ജില്ലാ നേതൃത്വങ്ങളും വിഷയത്തില്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത് വോട്ടുകളെ ബാധിക്കുമെന്ന ഭയത്താലായിരിക്കണം.
എന്നാലതുകൊണ്ടൊന്നും മറയ്ക്കാനും മറക്കാനുമാകാത്തതരത്തില്‍ സി.പി.എമ്മിന്റെ കേഡര്‍ സഖാക്കളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗതിമാറ്റം വിസ്മയകരമാണ്. ഏതാനും മാസം മുമ്പാണ് ഇതേ ജില്ലയിലെ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ ജില്ലാഭാരവാഹിയായ യുവതി ലൈംഗിക പീഡന പരാതി നല്‍കിയത്. പാര്‍ട്ടിയോടുള്ള വിശ്വാസവും ഭീഷണിയും കാരണം പൊലീസിനു നേരിട്ട് പരാതി നല്‍കാതെ നേതൃത്വത്തെ സമീപിച്ച യുവതിക്ക് പക്ഷേ ഏറ്റുവാങ്ങേണ്ടിവന്നത് ഇരയെ അപമാനിക്കുന്ന രീതിയിലുള്ള മറുപടിയായിരുന്നു. എറണാകുളത്ത് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിക്കെതിരെയാണ് മുമ്പ് സ്ത്രീ പീഡന ആരോപണം ഉയര്‍ന്നതെങ്കില്‍ പാര്‍ട്ടി കോട്ടയായ കണ്ണൂരിലെ ജില്ലാസെക്രട്ടറിക്കെതിരെ ഉയര്‍ന്നതും ഇതേ പരാതിയായിരുന്നു. ഇയാളെ തിരിച്ചെടുക്കുകയും ചെയ്തു. ഇരിഞ്ഞാലക്കുടയില്‍ യുവതിയെ പീഡിപ്പിച്ചതിന് മറ്റൊരുഡി.വൈ.എഫ്.ഐക്കാരനെതിരെ കേസ് നിലനില്‍ക്കുകയാണ്. പി.കെ ശശിക്കെതിരായ പരാതിയില്‍ പാര്‍ട്ടിയുടെ അകത്ത് മാത്രം അന്വേഷണം ഒതുക്കി പ്രതിയെ വെറുതെ വിട്ട സി.പി.എമ്മിന് നാട്ടുകാരെ പോയിട്ട് സ്വന്തം അനുയായികളായ പെണ്‍കുട്ടികളെപോലും സുരക്ഷിതരാക്കാനാകാത്ത അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. ശശിയുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ രണ്ട് കേന്ദ്ര സമിതിയംഗങ്ങളായ നിയമമന്ത്രി എ.കെ ബാലനും പി.കെ ശ്രീമതി എം.പിയുമാണ് പാര്‍ട്ടിതല അന്വേഷണം നടത്തിയത്. എന്നാല്‍ അതിലെ ഫോണ്‍ സംഭാഷണം മാത്രമാണ് കണ്ടെത്തി ശശിക്കെതിരെ ആറു മാസത്തെ പുറത്താക്കല്‍ നടപടി സ്വീകരിച്ചത്. ഇതെല്ലാം വ്യക്തമാക്കുന്നത് കേരളത്തിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഈ സര്‍ക്കാരിലും മുന്നണിയിലും പാര്‍ട്ടിയിലും എത്രകണ്ട് സുരക്ഷിതമാണെന്നാണ്.
ശബരിമല യുവതീ പ്രവേശനത്തിന് അനുമതി നല്‍കിസുപ്രീംകോടതി വിധിയുണ്ടായപ്പോള്‍ സര്‍ക്കാരും പാര്‍ട്ടിയും സ്ത്രീകളോടൊപ്പമാണെന്ന് പറഞ്ഞ് മത വികാരംപോലും കണക്കിലെടുക്കാതെ അവിശ്വാസികളായ യുവതികളെ സന്നിധാനത്തേക്ക ്‌കൈപിടിച്ചു കയറ്റിയവര്‍ അതിനെ വ്യാഖ്യാനിച്ചത് നവോത്ഥാനത്തിന്റെ പേരുപറഞ്ഞായിരുന്നു. ഇതിനായി കേരളത്തിലാകെ വനിതാമതിലുമുണ്ടാക്കി. നവോത്ഥാനജാഥക്ക് ഷൊര്‍ണൂരില്‍ നേതൃത്വം നല്‍കിയത് പീഡക വീരനായ എം.എല്‍.എയും. ജനങ്ങളെ കൊന്നും കൊലവിളിച്ചും അപമാനിച്ചും പീഡിപ്പിച്ചും ഇവ്വിധം എത്രകാലം കൂടിയാണ് സി.പി.എം കക്ഷിക്ക് മുന്നോട്ടുപോകാനാകുക എന്നത് ഈ തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചറിയുകയും അവരതിനെതിരെ വോട്ടുരേഖപ്പെടുത്തുകയും ചെയ്യുമെന്ന് തീര്‍ച്ച. ജനാധിപത്യത്തില്‍ മറ്റു മാര്‍ഗങ്ങള്‍ അവരുടെ മുന്നിലില്ലല്ലോ. തുണി-പല ചരക്കുകടകളായി രൂപാന്തരപ്പെട്ട പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും സി.പി.എം പാര്‍ട്ടി ഓഫീസുകളെപോലെ കേരളത്തിലെ നെയിംബോര്‍ഡുകള്‍ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (കൊല-പീഡനം)’എന്നു മാറ്റിയെഴുതുകയാകും ഇനി ഭംഗി.
- 6 years ago
web desk 1
Categories:
Video Stories