X

സി.പി.എം സമ്മേളനം: ഗെയ്ല്‍ സമരം, കെ.കെ ശൈലജ വിവാദം എന്നിവയില്‍ സര്‍ക്കാരിന് വിമര്‍ശനം

കോഴിക്കോട്: ഹാദിയ വിഷയത്തിലും ഗെയ്ല്‍ വിരുദ്ധസമരത്തിലും സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ കോഴിക്കോട് സി.പി.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഗെയ്ല്‍സമരത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാണിച്ചില്ലെന്ന് പൊതുചര്‍ച്ചയില്‍ വിമര്‍ശനമുണ്ടായി. വികസനവിരുദ്ധരാണ് സമരത്തിന് പിന്നിലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.

ഇതിന് പുറമെ ഹാദിയ കേസില്‍ മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനും വിമര്‍ശനം ഉയര്‍ന്നു. പോസ്റ്റ് അനാവശ്യവിവാദമുണ്ടാക്കിയെന്നായിരുന്നു വിമര്‍ശനം. കെ.കെ ശൈലജയുടെ ഭര്‍ത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട വിഷയത്തിലും കണ്ണട വിവാദത്തിലും വിമര്‍ശനമുയര്‍ന്നു. ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മന്ത്രി എം.എം മണിയുടെ പ്രസ്താവനകള്‍ അനാവശ്യമാണെന്നും വിമര്‍ശനമുണ്ട്.

ഹാദിയകേസില്‍ കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ചില പ്രധാനഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു. ‘എന്റെ മൂത്ത മകളുടെ പ്രായം മാത്രമുള്ള ഹാദിയയോട് ഒരു രക്ഷിതാവെന്ന നിലയില്‍ ഒരഭ്യര്‍ത്ഥനയേ എനിക്കുള്ളു . ഇഷ്ടപ്പെട്ട വിശ്വാസം വരിച്ചോളു . അത് മോളുടെ വ്യക്തി സ്വാതന്ത്ര്യം. മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ലെന്ന പരമസത്യം കുട്ടി മറന്ന് പോകരുത്. ഒരാളെ സംബന്ധിച്ചേടത്തോളം എല്ലാ ബന്ധങ്ങളും മുറിച്ചുമാറ്റാം. ഭാര്യാ ഭര്‍തൃ ബന്ധം വരെ. മരണത്തിന് പോലും അറുത്തെറിയാന്‍ പറ്റാത്തതാണ് മാതൃ പിതൃ ബന്ധങ്ങള്‍. മാതാവിനോട് ‘ ഛെ ‘ എന്ന വാക്കുപോലും ഉച്ഛരിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബി അമ്മയുടെ കാല്‍ചുവട്ടിലാണ് മക്കളുടെ സ്വര്‍ഗ്ഗമെന്നും അരുള്‍ ചെയ്തു . വിശുദ്ധ യുദ്ധത്തേക്കാള്‍ പവിത്രമാണ് പ്രായമായ മാതാപിതാക്കളെ പരിപാലിക്കലെന്നും പറഞ്ഞ പ്രവാചകന്‍ , പക്ഷെ ഇവിടെയൊന്നും മാതാവ് സ്വന്തം മതക്കാരിയാകണമെന്ന വ്യവസ്ഥ വെച്ചിട്ടില്ലെന്ന് കൂടി ഓര്‍ക്കണം.’ പോസ്റ്റിന് അനുകൂലിച്ചും എതിര്‍ത്തും പ്രതികരണം വന്നിരുന്നു. തുടര്‍ന്നാണ് സമ്മേളനത്തിലും വിമര്‍ശനമുയര്‍ന്നത്.

chandrika: