X

സി.പി.എം സംഘടനാ റിപ്പോര്‍ട്ട്; ജനം അകലുന്നു

ദാവുദ് മുഹമ്മദ്
കണ്ണൂര്‍

ഇന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കവെ സി.പി.എമ്മിന് ആഘാതമായി പാര്‍ട്ടി സംഘടനാ റപ്പോര്‍ട്ട്. ദേശീയ തലത്തില്‍ സി.പി.എമ്മിന് പൊതുജനാടിത്തറ കുറയുന്നതായി പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി സെന്ററിനും പൊളിറ്റ് ബ്യൂറോയ്ക്കും രൂക്ഷ വിമര്‍ശനവും സംഘടന റിപ്പോര്‍ട്ടിലുണ്ട്. സംഘടന ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ പിബി പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പ്രാദേശിക പ്രക്ഷോഭങ്ങള്‍ വളര്‍ത്താനായില്ല. ഇടതു ജനാധിപത്യ കൂട്ടായ്മകള്‍ ഉണ്ടാക്കുന്നതിനുമായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദൈനം ദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിലാണ് പാര്‍ട്ടിക്ക് കൂടുതല്‍ ശ്രദ്ധ.പാര്‍ലമെന്ററി പ്രവണതയും പിന്തിരിപ്പന്‍ രീതികളും പ്രകടമാകുന്നു.

അടുത്ത കേന്ദ്രകമ്മിറ്റി ശക്തമായ തിരുത്തല്‍ നടപ്പാക്കണം. പിബി അംഗങ്ങളുടെ പ്രവര്‍ത്തനം രണ്ടുവര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തുന്നില്ല. വര്‍ഗ ബഹുജന സംഘടനകളുടെ വിലയിരുത്തല്‍ നടക്കുന്നില്ല. ഒറ്റ സംഘടനയുടെ പോലും വിലയിരുത്തല്‍ നടത്താനായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരിക്കാത്തത് പിഴവെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മേധാവിത്വ ഗ്രൂപ്പുകളെയോ സമുദായങ്ങളെയോ പിണക്കാതിരിക്കാന്‍ സമരം ഒഴിവാക്കുന്നു. പാര്‍ലമെന്ററി വ്യാമോഹവും ഇതിന് കാരണമാകുന്നു. ശബരിമല വിഷയം പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടര്‍മാരെ അകറ്റിയെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. വിഷയം ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കി. കേരളത്തിലെ ബദല്‍ നയങ്ങള്‍ക്കാണ് ജനങ്ങള്‍ 2021ല്‍ അംഗീകാരം നല്‍കിയത്. വിജയം പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. ധാര്‍ഷ്ട്യവും അഴിമതിക്കുള്ള പ്രവണതയും ചെറുത്തു തോല്‍പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയും ബഹുജന സംഘടനകളും ഭരണത്തിന്റെ അനുബന്ധങ്ങളാകരുതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ജനങ്ങള്‍ക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റം വേണം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത ന്യൂനപക്ഷം പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ ബിജെപിയെ നേരിടാനാവില്ലെന്ന് വിലയിരുത്തി. ബംഗാളിലും ത്രിപുരയിലും ബി.ജെ.പിയുടെ വളര്‍ച്ച മനസിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ആര്‍.എസ്.എസ് സ്വാധീനവും വളര്‍ച്ചയും തിരിച്ചറിയാനായില്ല. ആര്‍.എസ്.എസിനെതിരെ കുറിപ്പ് തയാറാക്കാന്‍ പോലും പാര്‍ട്ടി സെന്ററിനായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ ബംഗാളില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. ആകെ 9,98,757 അംഗങ്ങളുള്ള പാര്‍ട്ടിയില്‍ 5,27,124 അംഗങ്ങളും കേരളത്തില്‍ നിന്നാണ്.

ബി.ജെ.പിയ്ക്കു പകരം പല സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികളെ എതിര്‍ക്കാനാണ് പാര്‍ട്ടി ശ്രമിച്ചതെന്ന ആത്മ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. കേഡര്‍മാരില്‍ വലിയൊരു വിഭാഗവും പരാജയമാണെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ പശ്ചിമബംഗാളിലും ത്രിപുരയിലും പാര്‍ട്ടി തകര്‍ന്നടിഞ്ഞുവെന്നും വ്യക്തമാക്കുന്നു. ആത്മ പരിശോധനയ്ക്ക് പശ്ചിമബംഗാള്‍ കമ്മിറ്റിക്ക് കുറിപ്പ് നല്‍കി. തൃണമൂലിനും ബിജെപിക്കുമിടയില്‍ ഒത്തുകളിയെന്ന വിലയിരുത്തല്‍ പിഴവായിരുന്നു. പിന്നാക്ക ജാതി വിഭാഗങ്ങളെ കൂട്ടിച്ചേര്‍ത്തുള്ള തെലങ്കാന പരീക്ഷണം പിബി തള്ളി. ജാതി യാഥാര്‍ത്ഥ്യമെന്നും പിന്നാക്ക ദളിത് വിഭാഗങ്ങളെ കൂട്ടിയോജിപ്പിക്കണമെന്നും തെലങ്കാന വാദിച്ചു. പിബിയും സിസിയും ഇത് മാര്‍ക്‌സിസ്റ്റ് വിരുദ്ധ നിലപാടെന്ന് പ്രമേയം പാസാക്കി.

Test User: