കൊല്‍ക്കത്ത: ബംഗാളില്‍ പ്രവര്‍ത്തനത്തിന് ഫണ്ടില്ലാത്തതിനാല്‍ സി.പി.എം ഓഫീസ് വാടകക്ക് കൊടുത്തു. പൂര്‍വ്വ ബര്‍ധമാന്‍ ജില്ലയിലെ ഗുസ്‌കാര മുനിസിപ്പാലിറ്റി ഏഴാം വാര്‍ഡിലെ ലോക്കല്‍ കമ്മിറ്റി ഓഫീസാണ് 15000 രൂപക്ക് വാടകക്ക് കൊടുത്തത്. മൂന്ന് മുറികളും രണ്ട് മീറ്റിംഗ് ഹാളും ബാത്ത് റൂമും അടുക്കളയും അടങ്ങുന്ന മൂന്ന് നില കെട്ടിടമായിരുന്നു ഓഫീസ്.
പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഏറ്റവും ശക്തമായ സ്വാധീനമുള്ള ജില്ലകളിലൊന്നായിരുന്നു ബര്‍ധമാന്‍. ഇപ്പോള്‍ പൂര്‍വ ബര്‍ധമാന്‍ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 15 എം.എല്‍.എമാരാണ് ഉള്ളത്. സി.പി.എമ്മിന് ഒരു എം.എല്‍.എ മാത്രം. ഓഫീസ് നിലനിര്‍ത്തിക്കൊണ്ടുപോവുകയെന്നത് ഞങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. വൈദ്യുതി ബില്ല് അടക്കണം, മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് അലവന്‍സ് കൊടുക്കണം എന്നിങ്ങനെയുള്ള ചെലവുകളുണ്ട്. അത് കുറച്ചുകൊണ്ടുവരാന്‍ ഓഫീസ് കൈവിടുന്നതിലൂടെ കഴിയും. വാടകയായി കിട്ടുന്ന പൈസ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനും കഴിയുമെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നു.