X

ജുനൈദിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ വാഗ്ദാനവുനായി സി.പി.എം

തിരുവനന്തപുരം: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഗോരക്ഷകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് സി.പി.എം പത്തുലക്ഷം രൂപ നല്‍കും. തീരുമാനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് എടുത്തതായാണ് വിവരം. അതേസമയം കേന്ദ്ര കമ്മിറ്റി വഴിയാകും തുക ജുനൈദിന്റെ കുടുംബത്തിന് കൈമാറുക.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ജുനൈദിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും സന്ദര്‍ശിച്ചിരുന്നു. ജുനൈദിന്റെ മാതാപിതാക്കളായ ജലാലുദ്ദീന്‍, ഷാഹിറ, സഹോദരങ്ങളായ ഹാഷിം, ഷാഖിര്‍ എന്നിവരും മറ്റു ബന്ധുക്കളുമാണ് കേരളഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. രാജ്യത്തെ മതനിരപേക്ഷസമൂഹം കുടുംബത്തിന് പിന്തുണയുമായി എപ്പോഴും കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നേരത്തെ ജുനൈദിന്റെ പിതാവ് ജലാലുദ്ദീന് മുസ്ലിംലീഗ് ടാക്സി കാര്‍ നല്‍കിയിരുന്നു.  ടാക്സി ഡ്രൈവിങ് നടത്തി ഉപജീവനം നടത്തിയിരുന്ന ജലാലുദ്ദിന്റെ ഓട്ടോറിക്ഷ നേരത്തെ വിറ്റിരുന്നു. ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന ചടങ്ങിലാണ് മാരുതി ഇക്കോ കാര്‍ പാര്‍ട്ടി നേതൃത്വം സമ്മാനിച്ചത്. സാദിഖലി ശിഹാബ് തങ്ങള്‍ കാറിന്റെ താക്കോല്‍ ജലാലുദ്ദീന് കൈമാറി. മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ.എം.കെ മുനീര്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, സി.കെ സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു.

chandrika: