കണ്ണൂര്‍: കൊലവിളി മുദ്രാവാക്യം ഉയര്‍ത്തി കണ്ണൂരില്‍ സി പി എമ്മിന്റെ പ്രകടനം. ‘കൊല്ലേണ്ടവരെ കൊല്ലും ഞങ്ങള്‍, തല്ലേണ്ടവരെ തല്ലും ഞങ്ങള്‍, കൊന്നിട്ടുണ്ടീ പ്രസ്ഥാനം’ എന്നിങ്ങനെയാണ് കൊലവിളി മുദ്രാവാക്യം പോകുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം യു ഡി എഫ് ബൂത്ത് ഏജന്റുമാരെ മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ക്ക് മയ്യില്‍ ചെറുപഴശിയില്‍ നല്‍കിയ സ്വീകരണത്തിലാണ് സി പി എം പ്രവര്‍ത്തകര്‍ കൊലവിളി മുഴക്കിയത്.
മയ്യില്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ യു ഡി എഫ് ബൂത്ത് ഏജന്റുമാരെ മര്‍ദ്ദിച്ച കേസില്‍ സി പി എം നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. സി പി എം പ്രാദേശിക നേതാവ് ബാലകൃഷ്ണന്‍ അടക്കമുള്ളവരെ ആയിരുന്നു കോടതി റിമാന്‍ഡ് ചെയ്തിരുന്നത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഇവര്‍ക്ക് സി പി എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു. ഈ സ്വീകരണത്തിലാണ് സി പി എം പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യം മുഴക്കിയത്.
കഴിഞ്ഞദിവസം വൈകുന്നേരം ചെറുപഴശി നെല്ലിക്കപ്പാലത്ത് ആയിരുന്നു സ്വീകരണ പരിപാടി. കൊലവിളി മുദ്രാവാക്യങ്ങളില്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ പേര് പറഞ്ഞ് ആയിരുന്നു പരാമര്‍ശങ്ങള്‍. ഇതിനിടെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് മയ്യില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.