X

സിപിഎം കേന്ദ്രകമ്മിറ്റി യോഗം നാളെ; ബിനീഷ് കോടിയേരിയുടെ അറസ്റ്റ് ചര്‍ച്ചയാകും

ഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ ആരംഭിക്കും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കെയാണ് ബംഗളൂരു മയക്കുമരുന്ന് കേസില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ അറസ്റ്റ്. ബിനീഷ് കോടിയേരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ബിനീഷിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് എല്ലാ സിപിഎം നേതാക്കന്മാരും സ്വീകരിച്ചത്. എന്നാല്‍ സിപിഎം മെമ്പറായ ബിനീഷ് സൈബര്‍ ഇടങ്ങളില്‍ സിപിഎമ്മിന്റെ നിറസാന്നിധ്യമാണ്.

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധമുള്ള ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ ചര്‍ച്ചയാകുന്നതിനിടയിലാണ് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നത്. ദിവസങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായക്കേറ്റ മങ്ങല്‍ എങ്ങനെ തിരിച്ചുപിടിക്കാം എന്നതാവും പ്രധാനമായും കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ചയാകാന്‍ സാധ്യതയുള്ള മറ്റൊരു കാര്യം.

ഇന്ന് ഉച്ചയോടെയായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. പിന്നീട് സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. നാലു ദിവസം കസ്റ്റഡിയില്‍ വേണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനീഷിന്റെ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനൊപ്പമിരുത്തി ബിനീഷിനെ തുടര്‍ ചോദ്യംചെയ്യലിന് വിധേയനാക്കുമെന്നാണ് വിവരം.

ഒക്ടോബര്‍ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.
അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ബിനീഷ് അദ്ദേഹത്തിന് പണം നല്‍കി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ പല അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തില്‍ അനൂപിന് വ്യക്തത നല്‍കാനായിട്ടില്ല. ഈ പണം ബിനീഷ് കോടിയേരിയുടെ നിര്‍ദേശപ്രകാരമാണോ 20 അക്കൗണ്ടുകളില്‍ നിന്നായി വന്നിട്ടുളളത്, ബെംഗളുരുവില്‍ ബിനീഷ് ബിനാമി ഇടപാടുകള്‍ നടത്തുന്നുണ്ടോ തുടങ്ങിയവയെല്ലാം ഇ.ഡി. അന്വേഷിക്കുന്നുണ്ട്.

Test User: