ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് സിപിഎം പാഠം ഉൾക്കൊള്ളണമെന്ന് സിപിഎം നേതാവ് പി. ജയരാജൻ. ചരിത്രത്തെ ശരിയായി വിലയിരുത്തണം. എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണമെന്നും പി. ജയരാജൻ പറഞ്ഞു. സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ച തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തലിനും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് കനത്ത തോല്‍വിക്ക് കാരണമായതെന്ന സിപിഐയുടെ കുറ്റപ്പെടുത്തലിനും പിന്നാലെയാണ് പി. ജയരാജനും നേതൃത്വത്തിന് ഓര്‍മ്മപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന്‍റെ 4-ാം ചരമവാർഷിക ദിനത്തിൽ പാറാട് നടന്ന അനുസ്മര പ്രഭാഷണത്തിലാണ് പി ജയരാജന്‍റെ നിർദേശം. സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ പി ജയരാജൻ തന്‍റെ അനുസ്മരണ പ്രസംഗത്തിൽ അണികളോടാണ് സംസാരിച്ചതെങ്കിലും അത് പാർട്ടി നേതൃത്തിനോടുള്ള പരോക്ഷ നിർദ്ദേശമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയുമായി ബന്ധപ്പെട്ടായിരുന്നു പി. ജയരാജന്‍റെ പ്രസംഗം. എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുക എന്ന പാഠം ഉൾക്കൊള്ളണമെന്നാണ് പി. ജയരാജൻ പറഞ്ഞത്.
തിരഞ്ഞെടുപ്പ് വിധി ഉണ്ടാവാത്ത 1977-ലെ രാഷ്ട്രിയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമായി മാറിയിട്ടുണ്ടെങ്കിൽ തീർച്ചയായും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് ശരിയായ പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ കഴിഞ്ഞാൽ, നമ്മുടെ നയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ, ഇനിയും മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നും പി. ജയരാജൻ പറഞ്ഞു.
ചരിത്രത്തെ ശരിയായി വിലയിരുത്തണം. എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണമെന്നും പി. ജയരാജൻ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്രയും വലിയ തിരിച്ചടിയുണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് നടപടിയെടുക്കാനും, ബിജെപിയുടെ വളർച്ച തിരിച്ചറിയാനും സംസ്ഥാന ഘടകത്തിന് കഴിഞ്ഞില്ലെന്ന് സിപി എം പിബി വിലയിരുത്തിയിരുന്നു. ഇതിനിടയിലാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ പി. ജയരാജനും നേതൃത്വത്തിനെ ഓര്‍മ്മപ്പെടുത്തി രംഗത്തെത്തിയത്. എല്ലാ സംസ്ഥാനങ്ങളോടും തിരഞ്ഞെടുപ്പ് ഫലം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പിബി നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പി. ജയരാജന്‍റെ പ്രസംഗവും ചർച്ച ആയേക്കും.