X
    Categories: CultureMoreViews

സംസ്ഥാന വ്യാപകമായി ദുരിതാശ്വാസ ക്യാമ്പുകള്‍ പിടിച്ചെടുക്കാന്‍ സി.പി.എം ശ്രമം

കോഴിക്കോട്: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ കേരളം മറികടന്നത് എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് ഒരു മനസായി ഒരുമിച്ച് നിന്നാണ്. സര്‍ക്കാര്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പാര്‍ട്ടിക്കാരും സംഘടനകളും ഒരു മനസായി നിന്ന് പിന്തുണ നല്‍കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതും അതായിരുന്നു. എന്നാല്‍ പ്രളയക്കെടുതി ശമിച്ചതോടെ എല്ലാം സ്വന്തം അക്കൗണ്ടിലേക്ക് വരവ് വെക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. സൈബര്‍ സഖാക്കള്‍ മുഖ്യമന്ത്രിയുടെ മാത്രം മികവായി ഈ അതിജീവനത്തിന്റെ ഉയര്‍ത്തിക്കാട്ടുകയാണ്. സംസ്ഥാനത്തെ പല ദുരിതാശ്വാസ ക്യാമ്പുകളും പ്രവര്‍ത്തിച്ചത് സര്‍ക്കാറിന്റെ യാതൊരു സഹായവുമില്ലാതെയാണ്. അവിടത്തെ എല്ലാ ചിലവുകളും വഹിച്ചത് സന്നദ്ധ സംഘടനകളായിരുന്നു.

എന്നാല്‍ ഇത്തരം ക്യാമ്പുകളെല്ലാം പാര്‍ട്ടിയുടെ സംഘടനാ സംവിധാനവും സര്‍ക്കാര്‍ സംവിധാനവും ഉപയോഗപ്പെടുത്തി പിടിച്ചെടുക്കാന്‍ സി.പി.എം നടത്തുന്ന ശ്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പന്തളത്ത് എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സന്നദ്ധ സംഘടന നടത്തിയ ക്യാമ്പില്‍ നിന്ന് അവരെ പുറത്താക്കാന്‍ സി.പി.എം ആസൂത്രിത നീക്കമാണ് നടത്തിയത്. സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി റവന്യു ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തിയായിരുന്നു സി.പി.എം നീക്കം. എന്നാല്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ഇതിന് പിന്നിലെ സി.പി.എമ്മിന്റെ നീക്കം പൊളിഞ്ഞത്.

പെരിഞ്ഞനം പഞ്ചായത്തിലെ മൂന്ന് പീടികയില്‍ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ അംബേദ്ക്കറുടെ പേരെഴുതിയ ഓട്ടോറിക്ഷയില്‍ ഭക്ഷണം വിതരണം ചെയ്തിരുന്ന കുസുമം ബോധ്, മധു ബോധ് എന്നിവരെ ക്യാമ്പ് ഗേറ്റിനടുത്ത് സി.പി.എം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു വെക്കുകയും മധു ബോധിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തലേ ദിവസം ഇതേ ക്യാമ്പില്‍ വിതരണം ചെയ്ത ബിസ്‌ക്കറ്റ് തിരിച്ച് നല്‍കി ഇത് കഴിച്ച് ആളുകള്‍ക്ക് എന്തെങ്കിലും പറ്റിയാലോ എന്നാക്ഷേപിച്ചു മധുവിനെ സഖാക്കള്‍ അപമാനിക്കുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ പൊന്നാനി ഐ.എസ്.എസില്‍ നടന്ന ക്യാമ്പ്, തിങ്കളാഴ്ച രാത്രി എട്ട് മണി വരെ ഒരു കുഴപ്പവുമില്ലാതെ പോയിരുന്നു. എല്ലാവരും കൂടി പരസ്പര സഹകരണത്തോടെ സേവനം ചെയ്തു മുന്നോട്ട് പോയിരുന്ന ക്യാമ്പിലേക്ക് അതുവരെ അവിടെ ഇല്ലാതിരുന്ന കുറച്ചാളുകള്‍ കയറി വന്ന് ബഹളം വെക്കുകയായിരുന്നു. ഇവര്‍ അതുവരെ ക്യാമ്പില്‍ സേവനം ചെയ്തുകൊണ്ടിരുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി പുറത്താക്കാന്‍ ശ്രമിച്ചു. ക്യാമ്പ് കഴിഞ്ഞ് ഓഫീസിലേക്ക് വായോ, അപ്പൊ കാണാമെന്നായിരുന്ന അവിടെയുണ്ടായിരുന്ന ഡെപ്യൂട്ടി തഹസില്‍ദാരെ ഭീഷണിപ്പെടുത്തിയത്. സി.പി.എമ്മിന്റെ ക്യാമ്പ് പിടിച്ചെടുക്കല്‍ നീക്കത്തിന്റെ ഭാഗമായിരുന്നു ഈ കടന്നുകയറ്റവും ഭീഷണിയുമെല്ലാം.

കളമശ്ശേരി പോളിടെക്‌നിക്കില്‍ സന്നദ്ധ സേവനം നടത്തിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥി യുവജനങ്ങള്‍ പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക് വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ക്യാമ്പില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട സി.പി.എം പ്രാദേശിക സംഘം ഈ വിദ്യാര്‍ത്ഥികളോട് പെട്ടെന്ന് തന്നെ ക്യാമ്പ് വിട്ടു പോകാന്‍ കല്‍പിക്കുകയായിരുന്നു. ഇനി എല്ലാ കാര്യങ്ങളും പാര്‍ട്ടി നോക്കിക്കോളുമെന്നായിരുന്നു സഖാക്കളുടെ നിലപാട്.

എറണാകുളം ജില്ലയിലെ വൈപ്പിനില്‍ നായരമ്പലത്തുള്ള ഭഗവതി വിലാസം സ്‌കൂളില്‍ നാലായിരത്തോളം ദുരിതബാധിതരുണ്ട്. ക്യാമ്പിലെത്തിച്ചേര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉല്ലാസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാനുള്ള ശ്രമങ്ങളുണ്ടായി. ആളുകള്‍ ഇതിനെ ചോദ്യം ചെയ്തത് ക്യാമ്പില്‍ സംഘര്‍ഷത്തിനിടയാക്കി.

വയനാട് ജില്ലയിലെ വൈത്തിരി എച്ച്.ഐ.എം.യു.പി സ്‌കൂളിലെ ക്യാമ്പ് നടത്തിപ്പില്‍ പാര്‍ട്ടി്ക്ക് സ്വാധീനം ലഭിക്കാന്‍ നടത്തിയ ഭീഷണിയും വ്യക്തിഹത്യയും കാരണം കല്‍പ്പറ്റ വില്ലേജ് അസിസ്റ്റന്റ് ആയ ടി അശോകന്‍ ആത്മഹത്യശ്രമം നടത്തി. പാര്‍ട്ടിയുടെ ഇംഗിതം അനുസരിക്കാത്തതിനാണ് പ്രളയക്കെടുതി മറികടക്കാന്‍ കഠിനാധ്വാനം ചെയ്ത ഈ ഉദ്യോഗസ്ഥനെ സി.പി.എം അപമാനിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: