സി.പി.എം എം.എല്‍.എ യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്: അന്വേഷണ സംഘത്തെ മാറ്റി

സി.പി.എം എം.എല്‍.എ യു.പ്രതിഭയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരായ കഞ്ചാവ് കേസില്‍ അന്വേഷണ സംഘത്തെ മാറ്റി. കുട്ടനാട് എക്‌സെസ് റേഞ്ചില്‍നിന്ന് എക്‌സൈസ് നര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് അന്വേഷണ ചുമതല കൈമാറി. കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി നേരത്തേ കണ്ടെത്തിയിരുന്നു. ദക്ഷിണ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വൈദ്യപരിശോധന നടത്തിയില്ലെന്നത് ഉള്‍പ്പടെ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു കണ്ടെത്തല്‍.

കഞ്ചാവ് ഉപയോഗിച്ചതിന് ദൃക്‌സാക്ഷികളുമില്ല. മകന്‍ കേസിലുള്‍പ്പെട്ടിരുന്നോ എന്നതുസംബന്ധിച്ച് എംഎല്‍എ എക്‌സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എം.എല്‍.എ സാമൂഹികമാധ്യമങ്ങളില്‍ മാധ്യമങ്ങള്‍ക്കെതിരെ കുറിപ്പ് പങ്കുവെച്ചത്. എം.എല്‍.എയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇനി മൂന്നുമാസമേ ബാക്കിയുള്ളൂ. കോടതിയില്‍ കുറ്റം തെളിയിക്കാനായാല്‍ പരമാവധി 5000 രൂപയുടെ പിഴ ശിക്ഷയാകും ലഭിക്കുക. കുട്ടികള്‍ കുറ്റാരോപിതരാകുന്ന ഇത്തരം കേസുകളില്‍ വിമുക്തി കേന്ദ്രത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കാറാണ് പതിവ്.

ഡിസംബര്‍ 28നാണ് എം.എല്‍.എയുടെ മകന്‍ കനിവ് ഉള്‍പ്പെടെ 9 പേരെ തകഴിയില്‍നിന്ന് കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസും എടുത്തു. എന്നാല്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് ആരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും എം.എല്‍.എയുടെയുമടക്കം മൊഴി എടുത്തിരുന്നു. രണ്ടുപേരില്‍ നിന്നായാണ് മൂന്നുഗ്രാം കഞ്ചാവ് കണ്ടെടുത്തത്. മറ്റുള്ളവര്‍ക്കെതിരെ കഞ്ചാവ് ഉപയോ?ഗിച്ചതിനായിരുന്നു കേസെടുത്തിരുന്നത്.

webdesk13:
whatsapp
line