ജില്ലാ സ്കൂൾ കലോത്സവത്തിനിടെ കൊടിമരത്തിൽ കുട്ടിയെ കയറ്റിയ വാർത്ത റിപ്പോർട്ട് ചെയ്തതിൽ മാധ്യമങ്ങളെ അധിക്ഷേപിച്ച് കെ. ആൻസലൻ എംഎൽഎ. മാധ്യമങ്ങൾക്ക് കൃമികടിയാണ്. മൂട് താങ്ങി നിർത്തുന്നത് പത്രപ്രവർത്തകരാണെന്ന ധാരണ ഉണ്ടെങ്കിൽ അത് വേണ്ട. പൊതുപ്രവർത്തകർക്ക് ശരിയും തെറ്റും തിരിച്ചറിയാൻ കഴിയും. കൊടിമര വാർത്ത വന്നത് കലോത്സവത്തിന്റെ മേന്മ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കൊടിമരത്തിൽ വിദ്യാർഥി കയറിയത് ആരുടെയും പ്രേരണ കൂടാതെയാണ്. പ്രത്യേക പരിശീലനം നേടിയ കുട്ടിയായിരുന്നവത്. കുട്ടി കൊടിമരത്തിൽ കയറിയത് താൻ കണ്ടിരുന്നില്ല. തിരിഞ്ഞുനോക്കുമ്പോഴാണ് കുട്ടി ഇരിക്കുന്നത് കണ്ടത്. എംഎൽഎ കുട്ടിയെ കൊടിമരത്തിൽ കയറ്റി എന്ന രീതിയിലാണ് പ്രചരിക്കുന്നതെന്നും കെ. ആൻസലൻ പറഞ്ഞു. ജില്ലാ കലോത്സവത്തിൽ 20 അടി കൊടിമരത്തിൽ കുട്ടിയെ കയറ്റിയത് ഏറെ വിവാദമായിരുന്നു.
അതേസമയം, നെയ്യാറ്റിൻകരയിൽ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ കെ. ആൻസലൻ എംഎൽഎ മാധ്യമങ്ങൾക്കു നേരെ നടത്തിയ വില കുറഞ്ഞ പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നതായി കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു. കലോത്സവ വേദികളിലെ തർക്കങ്ങളും മത്സരങ്ങൾ വൈകുന്നതിന്റെ പേരിൽ മത്സരാർത്ഥികളായ വിദ്യാർഥികൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സ്വാഭാവികമാണ്.
എന്നാൽ, തന്റെ കൂടി സാന്നിധ്യത്തിൽ യാതൊരു സുരക്ഷയുമില്ലാതെ ഒരു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ ആയിരം വാക്കുകൾക്കു തുല്യമായ ചിത്രമാണ് എംഎൽഎയുടെ ‘കൃമികടി’ പ്രസംഗത്തിനു പിന്നിലെന്നു വ്യക്തമാണ്.
നടന്ന സംഭവങ്ങൾ ചിത്രങ്ങൾ ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ജനപ്രതിനിധികൾ അത് ഉൾക്കൊള്ളാനുള്ള സഹിഷ്ണുത കാണിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി. നായരും പ്രസ്താവനയിൽ പറഞ്ഞു.