തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മുകാര്‍ ഇപ്പോഴും പൊതുബോധത്തിനും സാമൂഹ്യബോധത്തിനും അപവാദമായ മാനസികാവസ്ഥയിലാണെന്ന് അഡ്വ.എന്‍. ഷംസുദ്ദീന്‍. നിയമസഭയില്‍ പൊതുമരാമത്ത്, ഭക്ഷ്യ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാല സംഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. മഹിജയോട് കാട്ടിയ ക്രൂരത സി.പി.എമ്മുകാര്‍ക്ക് കേവലം പൊലീസ് നടപടിയാണ്. സെന്‍കുമാര്‍ കേസില്‍ കോടതിയില്‍ നിന്ന് സര്‍ക്കാരിന് ശക്തമായ അടികിട്ടിയെന്ന് പൊതുസമൂഹം വിലയിരുത്തുമ്പോള്‍, കോടതി ചെലവ് സഹിതം കേസ് തള്ളിയാല്‍ അത് പിഴയല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ചീഫ് സെക്രട്ടറി മാപ്പ് എഴുതിക്കൊടുക്കുകയും ചെയ്തു. എം.എം മണിയുടെ പ്രസംഗം തെറിയെന്നും സ്ത്രീവിരുദ്ധമെന്നും പൊതുജനം കാണുമ്പോള്‍ അത് നാട്ടുഭാഷയുടെ സൗന്ദര്യമായാണ് സി.പി.എം വിലയിരുത്തുന്നത്. മഹാരാജാസ് കോളജില്‍ കണ്ടെടുത്തത് മാരകായുധങ്ങളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അത് വെറും പണിയാധുങ്ങളാക്കുകയായിരുന്നു മുഖ്യമന്ത്രി. സി.പി.എമ്മിന്റെ നിഘണ്ടു വേറെ തന്നെയാണ്.
1982ല്‍ അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ‘ദി ഡിക്ഷണറി ഓഫ് പീപ്പിള്‍സ് നെയിംസ്’ എന്നാണ് അതിന്റെ പേര്. പാര്‍ട്ടി അംഗീകരിച്ച, കുട്ടികള്‍ക്ക് ഇടാവുന്ന 3000 പേരുകളാണ് ഇതിലുള്ളത്. മറിച്ചായാല്‍ പൊലീസ് അറസ്റ്റ് ചെയ്യും. കുട്ടികള്‍ക്ക് പേരിടാനുള്ള രക്ഷകര്‍ത്താക്കളുടെ അവകാശത്തെ പോലും പാര്‍ട്ടി കവര്‍ന്നെടുക്കുന്നു. കിങ് ജോണ്‍ ഉന്നിന്റെ നാട്ടില്‍, ഉത്തര കൊറിയയില്‍ പാര്‍ട്ടി അംഗീകരിച്ച 15 ഹെയര്‍ സ്റ്റൈലുകളുണ്ട്. അതിലൊന്ന് തെരഞ്ഞെടുക്കണം. അതിനപ്പുറം ചെയ്യാന്‍ പാടില്ല. ഇതാണ് കമ്യൂണിസ്റ്റുകള്‍ക്ക് മാത്രം കഴിയുന്ന സൈദ്ധാന്തിക ശേഷി. ഇതേ അവസ്ഥയിലാണ് ഇവിടത്തെ കമ്യൂണിസ്റ്റുകാരുമെന്നും അദ്ദേഹം പരിഹസിച്ചു.
സാധാരണക്കാരന് അന്നം നിഷേധിച്ച സര്‍ക്കാരാണിത്. യു.ഡി.എഫ് കാലത്ത് നല്‍കിയതുപോലെ അരിയും ഗോതമ്പും പഞ്ചസാരയും നല്‍കാന്‍ കഴിയുമോ എന്നതിനാണ് ഭക്ഷ്യമന്ത്രി മറുപടി പറയേണ്ടത്. അത്തരത്തില്‍ എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാനുള്ള വഴിയുണ്ടാക്കണം. മുമ്പ് കിട്ടിയിരുന്ന 1.21 കോടി പേര്‍ക്ക് ഇപ്പോള്‍ ഗോതമ്പ് കിട്ടുന്നില്ല. ആട്ട വിതരണം നിര്‍ത്തലാക്കി സ്വകാര്യ കമ്പനികളെ സഹായിച്ചു. ഗോതമ്പ് പൊടിച്ച് ആട്ടയാക്കി 12ഉം 13ഉം രൂപക്ക് റേഷന്‍കടകള്‍ വഴി നല്‍കിയിരുന്നത് ഇപ്പോള്‍ പൊതുമാര്‍ക്കറ്റില്‍ 45 രൂപ നല്‍കണം. വാതില്‍പ്പടി വിതരണം നടപ്പിലാക്കാന്‍ ഒരു ഗൃഹപാഠവും ചെയ്തില്ല. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുകളിലുള്ളവരെ ഡെപ്യൂട്ട് ചെയ്തതോടെ റേഷന്‍കാര്‍ഡ് വിതരണം ചെയ്യാന്‍ കഴിയുന്നില്ല. ഏഴ് ജില്ലകളില്‍ നടക്കുന്ന വാതില്‍പ്പടി വിതരണം കുറ്റമറ്റതാക്കണം. വാഹനങ്ങളില്‍ ജി.പി.ആര്‍.എസ് ഘടിപ്പിച്ചിട്ടില്ല. വാതില്‍പ്പടി വിതരണം നടത്തുന്നവരാകട്ടെ നേരത്തെ റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തക്ക് വിറ്റതിന് കേസുകള്‍ നേരിടുന്ന ക്രിമിനലുകളാണ്.
പൊതുമരാമത്ത് വകുപ്പില്‍ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള മനസ് മന്ത്രി ജി. സുധാകരനുണ്ട്. എന്നാല്‍ ധനവകുപ്പ് അദ്ദേഹത്തെ പിന്തുണക്കുന്നില്ല. അദ്ദേഹം ഉയര്‍ത്തിയ കിഫ്ബി വിവാദമൊക്കെ ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്ത് ദേശീയപാത വികസനം മന്ദഗതിയിലാണ്. ശക്തമായ ഇടപെടല്‍ വേണം. ദേശീയപാതയിലുള്ള ബൈപ്പാസുകള്‍ക്ക് പ്രത്യേക പരിഗണന വേണം. മണ്ണാര്‍ക്കാട് ബൈപ്പാസ് പ്രവര്‍ത്തി വേഗത്തിലാക്കണം. മലയോര, തീരദേശ ഹൈവേകള്‍ നല്ല പദ്ധതികളാണ്. മരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഇതുകാരണം പ്രവര്‍ത്തികള്‍ മുടങ്ങുന്നു. ഗ്രാമീണ റോഡുകള്‍ക്ക് ഫണ്ട് വകയിരുത്തണം. 1500 കിലോമീറ്റര്‍ പഞ്ചായത്ത് റോഡുകള്‍ പി.ഡബ്ല്യു.ഡി ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് എം.എല്‍.എമാരുടെ നിര്‍ദേശങ്ങള്‍ കൂടി സ്വീകരിക്കണമെന്നും ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു.
- 8 years ago
chandrika
Categories:
Culture
സി.പി.എമ്മുകാരുടേത് പൊതുബോധത്തിന് അപവാദമായ മാനസികാവസ്ഥ: ഷംസുദ്ദീന്‍
Tags: Adv N shamsudheen