ആലപ്പുഴ : മന്ത്രി ജി സുധാകരനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് സി.പി.എം ലോക്കല്‍ സെക്രട്ടറി കവിതയെഴുതിയത് വിവാദമാവുന്നു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവിന്റെ പേരില്‍ ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ മന്ത്രി സുധാകരന്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഇതിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കൊക്കോതമംഗലം ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജി പണിക്കര്‍ ഫെയ്‌സ്ബുക്കില്‍ കവിത പോസ്റ്റ് ചെയ്തത്. ‘ദുരിതാശ്വാസ ക്യാമ്പിലെ കഴുത’ എന്ന തലക്കെട്ടിലാണ് കവിത.
‘നീ ചരിക്കുന്ന സ്‌റ്റേറ്റ് കാറിന്റെ ടയറിന്റെ പേരാണ് ഓമനക്കുട്ടന്‍… നീ ഇരിക്കുന്ന കൊമ്പന്റെ തൂണുപോലുള്ള നാലുകാലിന്റെ പേരാണ് ഓമനക്കുട്ടന്‍… നീ മൊഴിയുന്ന പൊട്ടത്തരങ്ങളില്‍…കവിത കണ്ടെത്തി സായൂജ്യമടയുന്നോന്‍…ജീവിതം കൊണ്ട് കവിത രചിച്ചോന്‍…റോയല്‍റ്റി വാങ്ങാത്തോന്‍…ആരാണു നീ ഒബാമ…ഇവനെ വിധിപ്പാന്‍.. സന്നിധാനത്തെ കഴുതയെപ്പോല്‍ ഒത്തിരിപ്പേര് ചുമടെടുക്കുന്ന കൊണ്ടേ ആനപ്പുറത്തുനീ തിടമ്പുമായി ഇരിക്കുന്നു…’ എന്നിങ്ങനെ പോകുന്നു കവിത.
ശനിയാഴ്ച രാത്രിയാണ് കവിത ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ 10 മിനുട്ടിനകം കവിത പിന്‍വലിക്കുകയും ചെയ്തു. കവിത ഒരു നേതാവിനെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും, കേസെടുത്ത ഉദ്യോഗസ്ഥഭരണസംവിധാനങ്ങളെയാണ് ഉദ്ദേശിച്ചതെന്നുമാണ് പ്രവീണ്‍ പറയുന്നത്.