X
    Categories: keralaNews

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ സിപിഎം നേതാക്കള്‍ കൂട്ടത്തോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തോല്‍പിച്ചു വിട്ട സിപിഎം നേതാക്കള്‍ കൂട്ടത്തോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. സിപിഎമ്മിന്റെ ഉറച്ച മണ്ഡലങ്ങളില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തോല്‍പിച്ചവരാണ് വീണ്ടും മത്സരത്തിനിറങ്ങുന്നത്. വടകരയില്‍ പരാജയപ്പെട്ട കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളും ശുക്കൂര്‍ വധക്കേസിലടക്കം പ്രതിയുമായ പി. ജയരാജനാണ് മത്സരത്തിനിറങ്ങാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട നേതാവ്.

കണ്ണൂരില്‍ ജയരാജന് അണികള്‍ക്കിടയില്‍ സ്വാധീനം വര്‍ധിക്കുന്നത് തടയാനാണ് തോല്‍ക്കുമെന്ന് ഉറപ്പായിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെപ്പിച്ച് അദ്ദേഹത്തെ കഴിഞ്ഞ തവണ പാര്‍ട്ടി മത്സരത്തിനിറക്കിയത്. തോറ്റ ശേഷം അദ്ദേഹത്തെ മറ്റൊരു പദവിയിലേക്കും പരിഗണിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല.

കണ്ണൂരില്‍ കെ. സുധാകരനോട് പരാജയപ്പെട്ട പി.കെ ശ്രീമതി, ആലത്തൂരില്‍ രമ്യാ ഹരിദാസിനോട് പരാജയപ്പെട്ട പി.കെ ബിജു, പാലക്കാട് വി.കെ ശ്രീകണ്ഠനോട് പരാജയപ്പെട്ട എം.ബി രാജേഷ്, എറണാകുളത്ത് ഹൈബി ഈഡനോട് പരാജയപ്പെട്ട പി. രാജീവ്, ആറ്റങ്ങലില്‍ തോറ്റ ശേഷവും കാബിനറ്റ് പദവിയോട് കൂടി ലക്ഷങ്ങള്‍ ശമ്പളം വാങ്ങി സുഖജീവിതം നയിക്കുന്ന എ. സമ്പത്ത് തുടങ്ങിയവരും മത്സരത്തിനിറങ്ങുന്നുണ്ടെന്നാണ് വിവരം.

കൊല്ലത്ത് കെ.എന്‍ ബാലഗോപാല്‍, കോട്ടയത്ത് വി.എന്‍ വാസവന്‍, കാസര്‍കോട് കെ.പി സതീഷ് ചന്ദ്രന്‍, മലപ്പുറത്ത് വി.പി സാനു തുടങ്ങിയവരും വീണ്ടും മത്സരത്തിനിറങ്ങും. ദേശീയ രാഷ്ട്രീയത്തില്‍ സിപിഎം അപ്രസക്തമായതിനാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായില്ലെങ്കില്‍ രക്ഷയില്ലെന്ന അവസ്ഥയിലാണ് നേതാക്കള്‍. അതേസമയം പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളില്‍ പോലും തോറ്റവരെ വീണ്ടും മത്സരത്തിനിറക്കുന്നതിനോട് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: