കായംകുളത്ത് എസ്.എഫ്.ഐ നേതാവ് നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പ് വരുത്തിയത് പരീക്ഷ എഴുതാതെ പാസായത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
എസ്.എഫ്.ഐ സെക്രട്ടറിയും പാര്‍ട്ടി നേതാക്കളും നടത്തിയ എല്ലാ ന്യായീകരണങ്ങളും രണ്ട് സര്‍വകലാശാലകളുടെയും വെളിപ്പെടുത്തലോടെ ഇല്ലാതായി. വന്‍ തട്ടിപ്പാണ് നടക്കുന്നത്. പരീക്ഷാ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇനിയും നിരവധി വിവരങ്ങള്‍ പുറത്ത് വരും. ഉന്നത വിദ്യാഭ്യാസ മേഖലയെ അപഹാസ്യമാക്കുകയും വിശ്വാസ്യത തകര്‍ക്കുകയും ചെയ്ത എസ്.എഫ്.ഐ നേതാക്കളെ സി.പി.എം നേതൃത്വം പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തട്ടിപ്പുകാര്‍ കൊടുത്ത കേസില്‍ മാധ്യമ പ്രവര്‍ത്തകയും കെ.എസ്.യു നേതാക്കളും ഉള്‍പ്പെടെയുള്ള നിരപരാധികളെ പൊലീസ് പ്രതി ചേര്‍ത്തിരിക്കുകയാണ്. കുറ്റവാളികള്‍ക്കൊപ്പമാണ് പൊലീസ്. നിരപരാധികളെയാണ് പൊലീസ് വേട്ടയാടുന്നത്. ഇത് സംസ്ഥാനത്തിന് തന്നെ അപമാനകരമാണ്.
സി.പി.എം നേതാക്കള്‍ പറഞ്ഞിട്ടാണ് പ്രവേശനം നല്‍കിയതെന്ന് എം.എസ്.എം കോളജ് മാനേജര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലടി സര്‍വകലാശാലയില്‍ സംവരണം അട്ടിമറിക്കാന്‍ ശുപാര്‍ശ ചെയ്തതും സി.പി.എം നേതാക്കളാണ്. എസ്.എഫ്.ഐ കാട്ടുന്ന എല്ലാ വൃത്തികേടുകള്‍ക്ക് പിന്നിലും പ്രമുഖരായ സി.പി.എം നേതാക്കളുണ്ട്. തെളിവുകളില്‍ നിന്നും രക്ഷപ്പെടാനാകില്ല. നേതാക്കള്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കോളജ് മാനേജര്‍ സി.പി.എം നേതാവിന്റെ പേര് പറയാത്തതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പൊലീസ് ചോദിച്ചാല്‍ മാനേജര്‍ക്ക് പേര് വെളിപ്പെടുത്താതിരിക്കാനാകില്ല. ബാബുജാന്‍ എന്ന സി.പി.എം നേതാവാണ് ശിപാര്‍ശ ചെയ്തതെന്ന് കെ.എസ്.യു വെളിപ്പെടുത്തിയിട്ടുണ്ട്. അയാളുടെ പേര് തന്നെയാണ് എല്ലാവരും പറയുന്നതും. വിദ്യയെ സംരക്ഷിക്കുന്നത് സി.പി.എമ്മാണ്. എസ്.എഫ്.ഐ സെക്രട്ടറിയുടെ പരാതിയില്‍ എത്ര വേഗത്തിലാണ് അഖില നന്ദകുമാറിനെതിരെയും കെ.എസ്.യു നേതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തത്. അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ നിലവിളി ശബ്ദമുള്ള ആംബുലന്‍സില്‍ കയറി രക്ഷപ്പെട്ട ജയരാജനാണ് ഇപ്പോള്‍ കെ സുധാകരന്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒളിച്ചോടുകയാണെന്ന് പറയുന്നത്. അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകുമെന്ന് പറഞ്ഞതാണോ ഒളിച്ചോട്ടമെന്ന് അദ്ദേഹം ചോദിച്ചു.
അന്‍സില്‍ ജലീല്‍ എന്ന കെ.എസ്.യു നേതാവ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്നാണ് ദേശാഭിമാനി പറയുന്നത്. അച്ഛന് സ്‌ട്രോക് വന്നതിനെ തുടര്‍ന്ന് ബിരുദ പരീക്ഷ എഴുതാനാകാത്ത അന്‍സില്‍ ഹയര്‍ സെക്കന്‍ഡറി യോഗ്യത വച്ചാണ് മുത്തൂറ്റ് ഫിനാന്‍സില്‍ കളക്ഷന്‍ ഏജന്റായി ജോലിക്ക് കയറിയത്. പക്ഷെ ദേശാഭിമാനിയില്‍ പറയുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയില്‍ കയറിയെന്നാണ്. പൊലീസ് ആ സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്ന് മുത്തൂറ്റുകാര്‍ തന്നെ പറഞ്ഞു. കളക്ഷന്‍ ഏജന്റാകാന്‍ ഹയര്‍ സെക്കന്‍ഡറി യോഗ്യത മതി. മുത്തൂറ്റിലോ യൂണിവേഴ്‌സിറ്റിയിലോ ഹാജരാക്കിയിട്ടില്ലാത്ത സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടേസ്റ്റാറ്റാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. അപ്പോള്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികതയെ കുറിച്ചാണ് അന്വേഷിക്കേണ്ടത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട അന്‍സില്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. അവര്‍ അന്വേഷിക്കട്ടെ. നിരവധി രേഖകള്‍ പ്രസിദ്ധീകരിക്കുന്ന ദേശാഭിമാനിക്ക് ഒരു വിശ്വാസ്യതയുടെ പ്രശ്‌നമുണ്ട്. പ്രസിദ്ധീകരിച്ച രേഖ എവിടെ നിന്നാണ് കിട്ടിയതെന്ന് ദേശാഭിമാനിയാണ് വ്യക്തമാക്കേണ്ടത്. വിശ്വാസ്യത തെളിയിക്കേണ്ടത് ദേശാഭിമാനിയുടെ ബാധ്യതയാണ്. ഇപ്പോള്‍ വ്യാജരേഖകള്‍ ചമച്ചുകൊണ്ടിരിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വിഡി സതീശന്‍ പറഞ്ഞു.
എം.എസ്.എഫ് നേതാവ് നേതാവ് വിദ്യാര്‍ത്ഥി അല്ലാതിരിക്കെ മത്സരിച്ചുവെന്നതാണ് അടുത്ത ആക്ഷേപം. 2022 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ ജോലി ചെയ്തു. 2022 ഡിസംബറിലാണ് അദ്ദേഹം കോളജില്‍ പ്രവേശനം നേടിയത്. ആദ്യ സെമസ്റ്ററില്‍ കോളജില്‍ പോയില്ല. പരീക്ഷ എഴുതിയിട്ടുമില്ല. മാര്‍ച്ച് 31 ന് പഞ്ചായത്തിലെ ജോലി അവസാനിച്ചു. രണ്ടാം സെമസ്റ്ററില്‍ കോളജില്‍ പോയി. ജൂണ്‍ ആറിനാണ് തെരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് തന്നെ അയാള്‍ക്ക് അതില്‍ മത്സരിക്കാനും സാധിച്ചു. ആദ്യ സെമസ്റ്റര്‍ ക്ലാസില്‍ കയറാതെ അവിഹിതമായി ഹാജര്‍ ഉണ്ടാക്കാനോ പരീക്ഷ എഴുതാനോ ശ്രമിച്ചിട്ടില്ല. ഈ വിവാദം സംബന്ധിച്ച് ഇതാണ് എം.എസ്.എഫ് നല്‍കിയ വിശദീകരണം. അതില്‍ കൂടുതല്‍ ആരോപണം ഉണ്ടെങ്കില്‍ അന്വേഷിക്കാം.
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. പരാതിക്കാള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം എന്റെ അടുത്തെത്തും. അപ്പോള്‍ നല്‍കേണ്ട മൊഴി ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നത് ശരിയല്ല. ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്. ഞാന്‍ തന്നെയാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്. എന്നിട്ടും മൂന്ന് വര്‍ഷം കഴിഞ്ഞ്, എ.ഐ ക്യമാറയും കെ ഫോണും വന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്- വിഡി സതീശന്‍ പറഞ്ഞു.
ഒറ്റവീട് പോലും നിര്‍മ്മിച്ച് നല്‍കിയില്ലെന്ന് പി. രാജു പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. നൂറു കണക്കിന് വീടുകള്‍ വച്ച് നല്‍കിയതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പോലും ഉന്നയിക്കാത്ത ആരോപണമാണിത്. ഒരു വീട് പോലും നിര്‍മ്മിച്ച് നല്‍കാതെ നുണ പറയുന്ന ഒരാളെ ജനങ്ങള്‍ 22000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആരെങ്കിലും വിജയിപ്പിക്കുമോ? പുനര്‍ജനിയുടെ വിശദാംശങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ വീടുകളിലേക്കാണ് എത്തിച്ചത്. എന്നിട്ടാണ് സോഷ്യല്‍ ഓഡിറ്റിംഗ് നടത്തിയില്ലെന്ന് ദേശാഭിമാനിയും കൈരളിയും വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുഞ്ഞുങ്ങളെ തെരുവ് നായ്ക്കള്‍ക്ക് ഇട്ട് കൊടുത്ത സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു
സര്‍ക്കാര്‍ നിഷ്‌ക്രിയമായി നില്‍ക്കുകയാണ്. സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന തെരുവ് നായ്ക്കളുടെ ശല്യം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍ പരിഹസിച്ചവരുണ്ട്. ഇന്ന് പതിനൊന്നുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകീറി. എന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. നിയമസഭയില്‍ നല്‍കിയ ഒരു ഉറപ്പുകളും സര്‍ക്കാര്‍ ഇതുവരെ പാലിച്ചില്ല. നമ്മുടെ കുഞ്ഞുങ്ങളെ തെരുവ് നായ്ക്കള്‍ക്ക് കടിച്ചുകീറാന്‍ ഇട്ട് കൊടുത്തിട്ട് നോക്കുകുത്തിയായി നില്‍ക്കുകയാണോ സര്‍ക്കാര്‍?