ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെ തള്ളി സിപിഎം നേതാവ് എളമരം കരീം എംപി. ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നില്‍ അരാജക സംഘടനകളെന്നാണ് എളമരത്തിന്റെ അവകാശവാദം. പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വര്‍ക്കര്‍മാരുടെ സമരം. തല്‍പ്പര കക്ഷികളുടെ കെണിയില്‍പ്പെട്ടവരാണ് സമരം നടത്തുന്നതെന്നും കരീം പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് എളമരം കരീം ആശാ വര്‍ക്കര്‍മാരുടെ നീതിക്കായുള്ള പോരാട്ടത്തെ തള്ളിയത്.
സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമ സമരമെന്നും കരീം പറഞ്ഞു. സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാരുടെ സമരം 15-ആം ദിവസത്തിലേക്ക് കടക്കുമ്പോളും സമരത്തെ പരിഗണിക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. രാജ്യത്ത് തന്നെ ഏറ്റവും അധികം ഓണറേറിയം നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന വാദവും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.