X
    Categories: keralaNews

നിരന്തരമായി വിവാദം സൃഷ്ടിക്കുന്നു; കെ.ടി ജലീലിനെ ന്യായീകരിക്കാന്‍ ഇനി ചാനലുകളില്‍ പോവില്ലെന്ന് സിപിഎം നേതാക്കള്‍

കോഴിക്കോട്: നിരന്തരമായി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ ന്യായീകരിക്കാന്‍ ഇനി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചതായി റിപ്പോര്‍ട്ട്. സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്ത് സര്‍ക്കാറിനെയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കുന്ന ജലീലിനെ മുഖ്യമന്ത്രി നേരിട്ട് ശാസിക്കണമെന്നാണ് ഇവരുടെ ആവശ്യം. ജലീലിന്റെ പക്ഷത്ത് ന്യായീകരിക്കാന്‍ ഒന്നുമില്ല. മടിയില്‍ കനമില്ലെന്ന് കേവലം വാക്കുകള്‍ കൊണ്ട് മന്ത്രി വീരവാദം മുഴക്കുന്നത് മാത്രമാണ് ഏക ന്യായീകരണം. ബാക്കിയെല്ലാ തെളിവുകളും മന്ത്രിക്കെതിരാണ്. ഇത്തരത്തില്‍ മന്ത്രി സ്വന്തമായി ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ന്യായീകരിക്കാന്‍ ചാനലുകളില്‍ പോയി ചാവേറുകളാവാന്‍ ഇനിയും തയ്യാറില്ല എന്നാണ് സിപിഎം പ്രതിനിധികള്‍ പറയുന്നത്.

അതിനിടെ മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഈ ആഴ്ച തന്നെ ചോദ്യം ചെയ്യുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ചട്ടലംഘനമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. റമദാന്‍ കിറ്റിന് സഹായം സ്വീകരിച്ചത്, മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മന്ത്രി ചട്ടലംഘനം നടത്തിയതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നും എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ജലീലിന് നല്‍കുന്ന അമിത പരിഗണനയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നുണ്ട്. ബന്ധുനിയമനം, മാര്‍ക്ക്ദാനം തുടങ്ങിയ വിഷയങ്ങളില്‍ മന്ത്രി കുടുങ്ങിയപ്പോള്‍ പിണറായിയാണ് ജലീലിനെ സംരക്ഷിച്ചത്. ജലീലിനെതിരായ ആരോപണങ്ങള്‍ വ്യാജമെന്ന വാദങ്ങള്‍ വെച്ച് ഇനിയും ചര്‍ച്ചകളില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്. ബന്ധുനിയമനം വിവാദമായതിനെ തുടര്‍ന്ന് മന്ത്രിയുടെ ബന്ധുവായ കെ.ടി അദീബ് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ നിന്ന് രാജിവെച്ചിരുന്നു. അതുവരെ വാങ്ങിയ ശമ്പളവും തിരിച്ചു നല്‍കിയിരുന്നു. അദീബിന്റെ നിയമനത്തില്‍ അഴിമതിയില്ലെങ്കില്‍ അദ്ദേഹത്തിന് തുടരുന്നതില്‍ എന്തായിരുന്നു തടസമെന്ന ചോദ്യത്തിന് മന്ത്രിക്ക് മറുപടിയില്ല. മാര്‍ക്ക് ദാന വിവാദത്തിലും മന്ത്രി തീരുമാനം മരവിപ്പിച്ച് തടിയൂരുകയായിരുന്നു. ഇതിനെക്കുറിച്ചെല്ലാം അവതാരകരും എതിര്‍ പാനലിസ്റ്റുകളും ചോദിക്കുമ്പോള്‍ ഉത്തരം മുട്ടുകയാണെന്നും ഇനിയും ഇത്തരത്തില്‍ അപമാനിതരാവാനില്ലെന്നും സിപിഎം-ഡിവൈഎഫ് നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: