കോഴിക്കോട്: സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന്‍ പി.സതീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശ്രിത നിയമനത്തിന്റെ പേരില്‍ പണം തട്ടിയെന്ന പരാതിയിലാണ് നടപടി.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേര് പറഞ്ഞ് പലരില്‍ നിന്നും പണം തട്ടിപ്പ് നടത്തിയെന്നാണ് സതീശനെതിരായ പരാതി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.
വഞ്ചനാക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കോഴിക്കോട് കസബ സ്‌റ്റേഷനിലെത്തിച്ച് സതീശനെ ചോദ്യം ചെയ്യും. തൊഴില്‍ നിയമനത്തിന്റെ പേരില്‍ കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഇയാള്‍ക്കെതിരായ പരാതി. ആരോപണം ഉന്നയിച്ച സ്ത്രീയുടെ ഭര്‍ത്താവ് തദ്ദേശസ്വയംഭരണ വകുപ്പില്‍ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം തനിക്ക് ജോലി ശരിയാക്കാം എന്ന് വാഗ്ദാനം ചെയ്താണ് സതീശന്‍ പണം വാങ്ങിയതെന്നും യുവതി പരാതിപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തില്‍ 40,000 രൂപയാണ് നല്‍കിയത്. പിന്നീട് പലപ്പോഴായി രണ്ടര ലക്ഷം രൂപ കൈമാറി. പണം നല്‍കിയതിന്റെ ബാങ്ക് രേഖകള്‍ തന്റെ കൈവശമുണ്ടെന്നും ജോലി ലഭിക്കുമെന്ന് പറഞ്ഞ് ഇയാള്‍ പറ്റിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.