X

വ്യാജ വിൽപത്രം: ജോളിക്ക് സി പി എം നേതാവിന്റെ വഴിവിട്ട സഹായം

ലുഖ്മാൻ മമ്പാട്

കോഴിക്കോട് : കൂടത്തായിലെ കൂട്ടക്കൊലപാതക പരമ്പരകളുടെ പശ്ചാത്തലത്തിൽ വ്യാജ വിൽപത്രം ഉണ്ടാക്കാൻ മുഖ്യപ്രതി ജോളിയെ സഹായിച്ചത് സി പി എം പ്രദേശിക നേതാവ്. വിൽപത്രം ഉണ്ടാക്കാൻ ജോളിയ്ക്ക് എല്ലാ പിന്തുണയും നൽകിയത് സി പി എം കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ മനോജ് ആണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇയാൾ ജോളിയിൽ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റിയതായും തെളിഞ്ഞു.
ജോളിയുമായുള്ള ബന്ധം പുറത്തായതിനെ തുടർന്ന് കെ മനോജിനെ പുറത്താക്കിയതായി പ്രസ്താവന ഇറക്കി മുഖം രക്ഷിക്കാൻ സി പി എം ജില്ലാ കമ്മിറ്റി ശ്രമിച്ചു. കൂടത്തായി സ്വദേശികളല്ലാത്ത, ചൂലൂരിൽ നിന്നും കുന്ദമംഗലത്ത് നിന്നുമുള്ള വ്യക്തികൾ വ്യാജ വിൽപത്രത്തിൽ സാക്ഷികളായി ഒപ്പുവെച്ചതാണ് അന്വേഷണസംഘത്തിന് സംശയമുണ്ടാക്കിയത്. മനോജിനെ പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ ജോളി ഇയാളെ സന്ദർശിച്ച് കാര്യങ്ങൾ തിരക്കിയതായും വിവരമുണ്ട്. എന്നാൽ ഒരു ലക്ഷം താൻ തിരികെ നൽകിയെന്നാണ് മനോജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇതിന് പുറമെ, ജോളിക്ക് അനുകൂലമായി മൊഴി നൽകാൻ മനോജ് പ്രേരിപ്പിച്ചതായ വെളിപ്പെടുത്തലും സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കുന്നു. തനിക്ക് മേൽ മനോജ് സമ്മർദ്ദം ചെലുത്തിയതായി വെളിപ്പെടുത്തിയത് വിൽപത്രത്തിലെ ഒരു സാക്ഷിയാണ്. ജോളി തയ്യാറാക്കിയ വിൽപത്രത്തിൽ ഒപ്പിട്ടത് താനാണെന്ന് സമ്മതിക്കാനാണ് സി പി എം നേതാവ് ആവശ്യപ്പെട്ടതെന്ന് ഇയാൾ പറഞ്ഞിട്ടുണ്ട്. ലോക്കൽ സെക്രട്ടറി പറഞ്ഞതിനാൽ പ്രശ്‌നമുണ്ടാവില്ലെന്ന് കരുതി അന്വേഷണസംഘത്തിന് കള്ളമൊഴി കൊടുത്തായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല ജീവിതത്തിൽ ഇതുവരെ ജോളിയെ കണ്ടിട്ടില്ലെന്നും ഇയാൾ പറഞ്ഞതായാണ് വിവരം. സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയിൽ സി പി എം പ്രാദേശിക നേതാവിന്റെ പങ്ക് ഒതുക്കി തീർക്കാനുള്ള ഊർജിത നീക്കവും അണിയറയിലുണ്ട്.

web desk 1: